ബൈക്ക് മോഷണ കേസിലെ പ്രതികൾ പിടിയിൽ ; 3 ബൈക്കുകൾ കണ്ടെടുത്തു

ഇരിങ്ങാലക്കുട : ബൈക്ക് മോഷണ കേസിലെ പ്രതികളായ ആമ്പല്ലൂർ ചെറുവാൾ വീട്ടിൽ ആകേഷ് (19), നെല്ലായി പന്നിയത്ത് വീട്ടിൽ ശരത്ത് (19) എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 2ന് പുലർച്ചെ 1 മണിയോടെ പഴുവിൽ സ്വദേശി ബാബു ജോർജിന്റെ സുഹൃത്ത് ഷെറിന്റെ വീട്ടുമുറ്റത്തു വച്ചിരുന്ന ബൈക്കുകൾ മോഷ്ടിച്ച് കൊണ്ടുപോകുന്ന വഴി പഴുവിൽ പാലത്തിനടുത്ത് വച്ച് ബാബു ജോർജും സുഹൃത്തുക്കളും കാണുകയും തടയാൻ ശ്രമിച്ചപ്പോൾ കളവു ബൈക്ക് ഉപയോ​ഗിച്ച് ബാബു ജോർജിനെ ഇടിച്ചിട്ട് പ്രതികൾ കടന്നു കളയുകയുമായിരുന്നു.

അപകടത്തിൽ ബാബു ജോർജ് റോഡിൽ വീണ് കാലിന്റെ എല്ല് പൊട്ടിയിരുന്നു.

ആകേഷിനെ സംഭവ ദിവസം തന്നെ അറസ്റ്റ് ചെയ്തു.

പിന്നീട് നടന്ന ശാസ്ത്രീയമായ അന്വേഷണത്തിലൊടുവിലാണ് ശരത്തിനെ പിടികൂടിയത്.

ശരത്ത് പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2023ൽ വീട് പൊളിച്ച് സ്വർണാഭരണം മോഷ്ടിച്ച കേസിലും, 2024ൽ കൊടകര സ്റ്റേഷൻ പരിധിയിൽ ഹോട്ടലിൽ അതിക്രമിച്ച് കടന്ന് ഫോണുകളും മറ്റും എടുത്ത കേസിലും, നെടുപുഴ സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണം നടത്തിയ കേസിലും പ്രതിയാണ്.

മറ്റു പ്രതികളെ അന്വേഷിച്ചു വരുന്നു.

പ്രതികളിൽ നിന്നും 3 ബൈക്കുകൾ കണ്ടെടുത്തു.

അതിൽ ഒരെണ്ണം മാള സ്റ്റേഷൻ പരിധിയിലെ കെഎസ്ആർടിസി ബസ് സ്റ്റാന്റിന് അടുത്തുള്ള ഗ്യാരേജിൽ നിന്നും കളവു പോയ ബൈക്കും ബാക്കി രണ്ട് ബൈക്കുകൾ പഴുവിൽ നിന്നും കളവു പോയതുമാണ്.

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : വലപ്പാട് സ്റ്റേഷൻ പരിധിയിൽ കുഴിക്കകടവിലുള്ള ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്കടിച്ചും, കത്തികൊണ്ട് കഴുത്തിൽ കുത്തിയും പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.

ഒളിവിൽ കഴിയുകയായിരുന്ന തൃത്തല്ലൂർ വലിയകത്ത് വീട്ടിൽ അനസ് (28) വെങ്കിടങ്ങ് പണിക്കവീട്ടിൽ റിജാസ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പരിക്ക് പറ്റിയ യുവാവ് പ്രതികളിൽ ഒരാൾക്ക് പണം കടം കൊടുക്കാത്തതിനുള്ള വിരോധമാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയായ റിയാസിൻ്റെ പേരിൽ പാവറട്ടി പൊലീസ് സ്റ്റേഷനിൽ രണ്ട് എൻ ഡി പി എസ് കേസുകളും, ഒരു അടിപിടി കേസും ഉണ്ട്.

നിര്യാതനായി

ജോസ്

ഇരിങ്ങാലക്കുട : കൊറ്റനല്ലൂർ ഇടപ്പള്ളി വറീത് ജോസ് (77) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച രാവിലെ 9.30 ന് കൊറ്റനല്ലൂർ പ. ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.

ഭാര്യ : ഫോൺസി ജോസ്

മക്കൾ : ഗ്ലെയ്സ്, തോമസ്

മരുമക്കൾ : ഷിജു, മീനു

നടന കൈരളിയിൽ വിഖ്യാത നർത്തകി റൂത്ത് സെെൻ്റ് ഡെനിസിന്റെ നൃത്ത ജീവിത പ്രഭാഷണം 7ന്

ഇരിങ്ങാലക്കുട : ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങളെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യക്കാർക്ക് തന്നെ പരിചയപ്പെടുത്തിക്കൊടുത്ത വിഖ്യാത നർത്തകി റൂത്ത് സെെൻ്റ് ഡെനിസിന്റെ സംഭവബഹുലമായ നൃത്ത ജീവിതം പ്രശസ്ത നൃത്ത ചരിത്രകാരൻ വിനോദ് ഗോപാലകൃഷ്ണൻ ഇരിങ്ങാലക്കുട നടന കൈരളിയിൽ ഫെബ്രുവരി 7ന് വൈകുന്നേരം 4 മണിക്ക് പ്രഭാഷണത്തിലൂടെ അവതരിപ്പിക്കും.

നടന്ന കൈരളിയുടെ നവരസോത്സവത്തിന്റെ ഭാഗമായാണ് അവതരണം നടക്കുന്നത്.

ലോക കാൻസർ ദിനാചരണം നടത്തി നീഡ്സ്

ഇരിങ്ങാലക്കുട : നീഡ്സിൻ്റെയും ഐ എം എ ഇരിങ്ങാലക്കുട യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക ക്യാൻസർ ദിനാചരണം സംഘടിപ്പിച്ചു.

മുൻ ഗവ ചീഫ് വിപ്പും നീഡ്സ് പ്രസിഡന്റുമായ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ഐഎംഎ പ്രസിഡന്റ് ഡോ അരുൺ എ വിക്ടർ അധ്യക്ഷത വഹിച്ചു.

നീഡ്സ് മെമ്പറും ഇരിങ്ങാലക്കുട ഐ എം എ മുൻ പ്രസിഡന്റും ആയ ഡോ ടോം ജേക്കബ്ബ് നെല്ലിശ്ശേരി ബോധവൽക്കരണ ക്ലാസ് നയിച്ചു.

നീഡ്സ് വൈസ് പ്രസിഡന്റ് പ്രൊഫ ആർ ജയറാം, സെക്രട്ടറി കെ പി ദേവദാസ്, ട്രഷറർ ആശാലത എന്നിവർ സന്നിഹിതരായിരുന്നു.

അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി എൻ എ ഗുലാം മുഹമ്മദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി ടി ജോർജ് നന്ദിയും പറഞ്ഞു.

കെ എസ് ടി എ പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാക ദിനം ആചരിച്ചു.

പൊതുയോഗം ജില്ലാ ജോയിൻറ് സെക്രട്ടറി സജി പോൾസൺ ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കെ വി വിദ്യ, കെ കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

കെ ഡി ബിജു സ്വാഗതവും എം എസ്
സുധിഷ് നന്ദിയും പറഞ്ഞു.

തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാത നിർമ്മാണം : ഗതാഗത ക്രമീകരണങ്ങളില്‍ മാറ്റം

ഇരിങ്ങാലക്കുട : കെ എസ് ടി പി യുടെ സംസ്ഥാനപാത നിർമ്മാണത്തിന്റെ ഭാഗമായി മാപ്രാണം മുതൽ പുത്തൻതോട് വരെയുള്ള ഗതാഗത നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

കൊടുങ്ങല്ലൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള വാഹനങ്ങൾ നിലവിലുള്ള പാതയിലൂടെ സഞ്ചരിക്കേണ്ടതാണ്.

തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോകുന്ന വാഹനങ്ങൾ പുത്തൻതോടിൽ നിന്നും തിരിഞ്ഞ് ചെമ്മണ്ട – പൊറത്തിശ്ശേരി വഴി സിവിൽ സ്റ്റേഷൻ റോഡ് വഴി ബസ് സ്റ്റാൻ്റിലെത്തി യാത്ര തുടരേണ്ടതാണെന്ന് കെ എസ് ടി പി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഒഡീസി നൃത്ത ശില്പശാല 7ന്

ഇരിങ്ങാലക്കുട : കേന്ദ്ര സാംസ്കാരിക വകുപ്പും സ്പിക് മാക്കെയും സംയുക്തമായി നടത്തുന്ന കലാപൈതൃക പ്രചാരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒഡീസി ശില്പശാലയ്ക്ക് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വേദിയാകും.

പ്രസിദ്ധ ഒഡീസി നർത്തകി മധുലിത മൊഹപാത്ര നയിക്കുന്ന ശില്പശാല ഫെബ്രുവരി 7ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാൻ യുവപുരസ്‌കാർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മധുലിത മൊഹപാത്ര ദൂരദർശൻ്റെ ‘എ’ ഗ്രേഡ് ആർട്ടിസ്റ്റും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിൻ്റെ എം പാനൽഡ് ആർട്ടിസ്റ്റുമാണ്.

ജിജോ പോളിന് യൂത്ത് കോൺഗ്രസിന്റെ ആദരം

ഇരിങ്ങാലക്കുട : ഉത്തരാഖണ്ഡിൽ നടന്ന 38-ാമത് നാഷണൽ ഗെയിംസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കേരളാ വനിതാ ബാസ്കറ്റ് ബോൾ ടീം കോച്ചായ ജിജോ പോളിനെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ജോമോൻ മണാത്ത്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിനു ആൻ്റണി, ഗോപി കൃഷ്ണൻ, ചാലാംപാടം 101-ാം ബൂത്ത് കമ്മിറ്റി പ്രസിഡൻ്റ് ഡേവിസ് ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു.

കോൺഗ്രസ് മണ്ഡലം സെക്രട്ടറി തോമാസ് കോട്ടോളി, വാർഡ് പ്രസിഡൻ്റ് സണ്ണി മുരിങ്ങത്തുപറമ്പിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശ്രീജിത്ത് എസ് പിള്ള എന്നിവർ നേതൃത്വം നൽകി.

ഒ ബി സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഇരിങ്ങാലക്കുട : സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ബി സി വിദ്യാർഥികൾക്ക് കെടാവിളക്ക് സ്കോളർഷിപ്പിനായി ഇപ്പോൾ അപേക്ഷിക്കാം.

www.egrantz.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.

അക്ഷയ കേന്ദ്രങ്ങൾ വഴിയോ കോമൺ സർവ്വീസ് സെൻ്ററുകൾ വഴിയോ അപേക്ഷ നൽകാവുന്നതാണ്.