ആളൂർ : ആളൂർ സ്വദേശിയായ യുവാവിന്
യു കെയിലേക്ക് തൊഴിൽ വിസ ശരിയാക്കി
തരാമെന്നു പറഞ്ഞ് പണം തട്ടിയ കേസിൽ
രണ്ടു പേർ അറസ്റ്റിലായി.
പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ
നിമ്മി (34), സുഹൃത്തായ പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി
സുരേഷും ആളൂർ സർക്കിൾ ഇൻസ്പെക്ടർ
കെ എം ബിനീഷും സംഘവും ചേർന്ന് പിടികൂടിയത്.
കുറച്ചു നാളായി ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ബുധനാഴ്ച്ച രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും അന്വേഷണ സംഘം മഫ്തിയിൽ പിന്തുടർന്ന് മാളയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു.
2023 ആഗസ്റ്റ് മാസം മുതൽ കഴിഞ്ഞ വർഷം ജനുവരി വരെയുള്ള സമയങ്ങളിൽ പല തവണയായി ലക്ഷക്കണക്കിനു രൂപ ഇവർ കൈക്കലാക്കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. 12,84,000 രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനിൽ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിർദ്ദേശ പ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നൽകിയിട്ടുണ്ട്.
പരാതിക്കാരനായ സജിത്തിനും രണ്ടു സുഹൃത്തുക്കൾക്കും വിസ തരാമെന്നു പറഞ്ഞ് മൊത്തം 22 ലക്ഷത്തോളം രൂപ ഇവർ കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നു വരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ എം ബിനീഷ്, എസ് ഐ കെ എസ് സുബിന്ദ്, ബിജു ജോസഫ്, എ എസ് ഐ ടി ആർ രജീഷ്, ഇ പി മിനി, സീനിയർ സി പി ഓ മാരായ ഇ എസ് ജീവൻ, പി ടി ദിപീഷ്, സി പി ഓ മാരായ കെ എസ് ഉമേഷ്, കെ കെ ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.