എൻ എസ് എസ് ജന്മനക്ഷത്ര കാണിയ്ക്ക സമാഹരണം

ഇരിങ്ങാലക്കുട : നായർ സർവീസ് സൊസൈറ്റിയുടെ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണമായ ജന്മനക്ഷത്ര കാണിക്ക സമർപ്പണത്തിൻ്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം കൊടുങ്ങല്ലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് സി രാജശേഖരൻ നിർവ്വഹിച്ചു.

താലൂക്കിലെ വിവിധ കരയോഗങ്ങളുടെ പ്രതിനിധികൾ ജന്മനക്ഷത്ര കാണിയ്ക്ക സമർപ്പിച്ചു.

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ ഡി ശങ്കരൻകുട്ടി ഏറ്റുവാങ്ങി.

പ്രതിനിധി സഭാംഗം കെ ബി ശ്രീധരൻ, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ആർ ബാലകൃഷ്ണൻ, രവി കണ്ണൂർ, സി വിജയൻ, ശ്രീദേവീ മേനോൻ, മായ എന്നിവർ സംബന്ധിച്ചു.

യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ സ്വാഗതവും, മേഖലാ പ്രതിനിധി സി രാജഗോപാൽ നന്ദിയും പറഞ്ഞു.

ഓരോ സമുദായ അംഗവും തൻ്റെ കുടുബാംഗങ്ങളുടെ ജന്മദിനത്തോടനുബന്ധിച്ച് എൻ എസ് എസ്സിന് നൽകുന്ന സമർപ്പണമാണ് ജന്മനക്ഷത്ര കാണിയ്ക്ക.

നിര്യാതനായി

അന്തോണി

ഇരിങ്ങാലക്കുട : ചേലൂർ തേമാലിതറ അച്ചങ്ങാടൻ ദേവസി മകൻ അന്തോണി (അന്തപ്പൻ – 83) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക്
ചേലൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ : ത്രേസ്യ

മക്കൾ : സാജൻ (കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡന്റ്), ആന്റിസൻ (മസ്കറ്റ്), സാജി റോയ്, റോബിൻ (മസ്കറ്റ് )

മരുമക്കൾ : ബ്രിജിത്ത്, ജിസ്സി, റോയ് (മസ്കറ്റ്), മിറാന്റാ

കെ എസ് ടി എ പതാക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ഫെബ്രുവരി 14, 15, 16 തീയ്യതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി കെ എസ് ടി എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി പതാക ദിനം ആചരിച്ചു.

പൊതുയോഗം ജില്ലാ ജോയിൻറ് സെക്രട്ടറി സജി പോൾസൺ ഉദ്ഘാടനം ചെയ്തു.

ജ്യോതിഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ എക്സിക്യൂട്ടിവ് മെമ്പർ കെ വി വിദ്യ, കെ കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.

കെ ഡി ബിജു സ്വാഗതവും എം എസ്
സുധിഷ് നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കാർക്കുള്ള ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7% ആക്കി കുറച്ചു : മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാർക്ക് സാമൂഹ്യനീതി വകുപ്പിന് കീഴിലെ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മുഖേന നൽകിവരുന്ന ”മെറി ഹോം” ഭവന വായ്പയുടെ പലിശ 7 ശതമാനമാക്കി കുറച്ചതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.

50 ലക്ഷം രൂപ വരെയുള്ള വായ്പക്കാണ് പലിശ 7 ശതമാനമാക്കി കുറച്ചത്.

ഭിന്നശേഷിക്കാർക്ക് വീടു നിർമ്മിക്കാനും വാങ്ങുന്നതിനും സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ആരംഭിച്ച വായ്പാ പദ്ധതിയാണ് ‘മെറി ഹോം’.

ഭിന്നശേഷിക്കാർക്ക് മറ്റെങ്ങും ലഭിക്കാത്ത കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

യാതൊരുവിധ പ്രോസസിങ് ചാർജ്ജും ഇല്ലാതെ ഏറ്റവും ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് മെറി ഹോം പദ്ധതിയിൽ വായ്പ നൽകി വരുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ബന്ധപ്പെടാം.

www.hpwc.kerala.gov.in വെബ് വിലാസത്തിലും 0471 2347768, 9497281896 എന്നീ നമ്പറുകളിലും വിവരം ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിര്യാതനായി

ജോൺ

ഇരിങ്ങാലക്കുട : കാട്ടൂർ കോമ്പാറക്കാരൻ കുഞ്ഞുവറീത് മകൻ ജോൺ (69) നിര്യാതനായി.

സംസ്കാരം നടത്തി.

ഭാര്യ : ഉഷ

മക്കൾ : ഡിജി, ഡിനോയ്, ഡിറ്റോ

മരുമക്കൾ : വിനു, നിമ്മി, നീതു

ആഹ്ലാദപൂർണ്ണമീ സമാപനം : സിയോൺ കൂടാരതിരുനാളിന് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : എംപറർ ഇമ്മാനുവൽ ചർച്ച് ആഗോള ആസ്ഥാനമായ മുരിയാട് സിയോൺ കൂടാരത്തിരുനാൾ സമാപിച്ചു.

ആഘോഷത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നായി വിവിധ ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന ആയിരങ്ങളാണ് കുടുംബസമേതം മുരിയാട് എത്തിയത്.

ചരിത്രത്തിൽ അവിഭക്ത ഇസ്രയേലിൽ ആചരിച്ചിരുന്ന കൂടാരത്തിരുനാൾ തനിമ ചോരാതെ ആഘോഷിക്കപ്പെടുന്ന ഏക സ്ഥലം സിയോൺ ആണ്. ദൈവവും ദൈവമക്കളും തമ്മിൽ സംഭവിക്കാനിരിക്കുന്ന പുനഃസംഗമത്തിന്റെ മുന്നോടിയായാണ് വിശ്വാസികൾ തിരുനാളിനെ കാണുന്നത്.

പെരുന്നാളിന്റെ ഭാഗമായി ബുധനാഴ്ച ബാൻഡ് മേളവും ബൈബിൾ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ 12 ടാബ്ലോകളും അണിനിരത്തി നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.

ദൈവജനം വാഗ്ദാന ദേശത്തേക്ക് നയിക്കപ്പെടുന്നതിനിടയിൽ മരുഭൂമിയിലെ കൂടാരങ്ങളിൽ വസിച്ചതിന്റെ അനുസ്മരണമായി ആചരിക്കണമെന്ന് ദൈവം കൽപ്പിച്ചതും ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളതുമാണ് ഈ തിരുനാൾ ആഘോഷമെന്നാണ് സിയോൺ സമൂഹം വിശ്വസിക്കുന്നത്.

എൽ ഇ പി പ്രൊജക്റ്റ് അവതരണം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി ആർ സി യുടെ പരിധിയിലുള്ള സ്കൂളുകളിലെ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധ്യാപകർ പ്രൊജക്റ്റ് അവതരണം നടത്തി.

ബിപിസി കെ ആർ സത്യപാലൻ അധ്യക്ഷത വഹിച്ചു.

സൈക്കോളജിസ്റ്റ് ഡോ എ വി രാജേഷ് മോഡറേറ്ററായി പ്രൊജക്റ്റിന്റെ മെച്ചപ്പെടുത്തലുകളെ കുറിച്ച് ആവശ്യമായ നിർദ്ദേശം നൽകി.

ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ 40 വിദ്യാലയങ്ങളിൽ നിന്നും അവതരണം നടത്തി.

സി ആർ സി സി കോർഡിനേറ്റർ സി ഡി ഡോളി ആമുഖ പ്രഭാഷണം നടത്തി.

തെരഞ്ഞെടുക്കപ്പെട്ട പ്രൊജക്റ്റുകൾ ജില്ലയിൽ അവതരിപ്പിക്കും.

സി ആർ സി സി കോർഡിനേറ്റർമാർ പരിപാടികൾക്ക്‌ നേതൃത്വം നൽകി.

നിര്യാതനായി

പ്രദീപ് കുമാർ

ഇരിങ്ങാലക്കുട : കാക്കാത്തുരുത്തി തണ്ടാശ്ശേരി പരേതനായ സുകുമാരൻ മകൻ പ്രദീപ് കുമാർ (56) നിര്യാതനായി.

സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.

ഭാര്യ : സിന്ധു

മക്കൾ : ഉണ്ണിമായ, ഉദയ് കുമാർ

സഹോദരങ്ങൾ : ജയകുമാർ, സുജാത, ലത, രാജി

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

വല്ലക്കുന്നിലെ വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി

ഇരിങ്ങാലക്കുട : വര്‍ഷങ്ങളായി വാടക നല്‍കാതെ പ്രവര്‍ത്തനം തുടര്‍ന്നിരുന്ന വല്ലക്കുന്നിലെ കെട്ടിടമുറികള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ആമീന്‍മാരുടെ നേതൃത്വത്തില്‍ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

വല്ലക്കുന്ന് സെന്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പില്‍ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരില്‍ നിന്നും എഴ് വര്‍ഷം മുമ്പ് ഫര്‍ണീച്ചര്‍ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശി ജിന്റോ ജോണ്‍ മൂന്ന് മുറികള്‍ വാടകയ്ക്ക് എടുത്തിരുന്നു.

ആദ്യത്തെ 5 മാസത്തിന് ശേഷം വാടക കൊടുക്കാനോ മുറികള്‍ ഒഴിയാനോ തയ്യാറാകാതെ വന്നപ്പോഴാണ് കെട്ടിട ഉടമസ്ഥര്‍ കോടതിയെ സമീപിച്ചത്.

ഇതിനകം വാടക ബാക്കി പതിനൊന്ന് ലക്ഷം രൂപയായി ഉയര്‍ന്നിരുന്നു. മുറികള്‍ ഒഴിയാന്‍ ഇരിങ്ങാലക്കുട മുന്‍സിഫ് കോടതി 3 വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ വാടകക്കാരന്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ഹര്‍ജികള്‍ തള്ളുകയായിരുന്നു.

കെട്ടിടമുറികള്‍ ഒഴിയാന്‍ 2024 നവംബറില്‍ ഹൈക്കോടതി ഉത്തരവായി.

ഇന്നലെ ഉച്ചയോടെ കോടതി ആമീന്‍മാരുടെ നേതൃത്വത്തില്‍ മുറികളുടെ പൂട്ട് പൊളിച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു. തുടര്‍ന്ന് കോടതി നടപടി ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

ആളൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.