നിര്യാതനായി

കുട്ടപ്പൻ

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം കാരക്കട ശങ്കരൻ മകൻ കുട്ടപ്പൻ (88) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളിയാഴ്ച)വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ രാധ

മക്കൾ : രവി, രുഗ്‌മിണി,
രമേശ്, സുധ

മരുമക്കൾ : ഗീത, ഉണ്ണികൃഷ്ണൻ, സിജിമോൾ,
ഉണ്ണികൃഷ്ണൻ

എം. ഒ.ജോൺ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവായിരുന്ന അന്തരിച്ച എം. ഒ ജോണിന്റെ ഓർമ്മദിനം
ആചരിച്ചു.

ഇരിങ്ങാലക്കുട വ്യാപാരഭവനിൽ കൂടിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.

എം. ഒ ജോണിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി. കെ. അനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, കെ. ആർ ബൈജു, കെ. ജെ തോമസ്, എ. ജെ. രതീഷ് എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട രൂപതയിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ ആതിഥേയത്വത്തിൽ വനിതാ സംഗമം

ഇരിങ്ങാലക്കുട : തിരുസഭ ജൂബിലി വർഷത്തിലൂടെ കടന്നുപോകുമ്പോൾ കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിൽ വരുന്ന തൃശ്ശൂർ സോണിൽപെട്ട 5 രൂപതകളിലെ വനിതാ പ്രതിനിധികൾ ഇരിങ്ങാലക്കുട രൂപതയിലെ വനിതാ കമ്മീഷൻ അംഗങ്ങളുടെ ആതിഥേയത്വത്തിൽ വനിതാ സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപത അദ്ധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു.

സംഗമത്തിൽ കെ.സി.ബി.സി. വനിതാ കമ്മീഷൻ ചെയർമാനും പാലക്കാട് രൂപത മെത്രാനുമായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.

സമൂഹത്തിൽ വനിതകൾ അഭിമുഖികരിക്കുന്ന വെല്ലുവിളികളെകുറിച്ച് അഡ്വ ജസ്റ്റിൻ പള്ളിവാതുക്കൽ ക്ലാസ്സെടുത്തു.

പൊതു സമ്മേളനത്തിൽ മുൻ ഡയറക്ടർമാർക്ക് സ്വീകരണവും അർഹരായ വനിതകൾക്ക് സാമ്പത്തിക സഹായവും നൽകി.

റവ. ഫാ. ജോളി വടക്കൻ ഗൾഫുനാടുകളിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റർ

ഇരിങ്ങാലക്കുട : ഗൾഫുനാടുകളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.

ഇതു സംബന്ധിച്ചു വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി വഴി ലഭിച്ചു.

ഗൾഫുനാടുകളിൽ സിറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിൻ്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്.

സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിലും പെർമനൻ്റ് സിനഡംഗങ്ങളും 2024 മെയ് 13ന് ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായി സന്ദർശിച്ച അവസരത്തിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഗൾഫുനാടുകളിൽ സീറോമലബാർ സഭയ്ക്ക് അജപാലനാവകാശം ലഭിച്ചത്.

അതിനെത്തുടർന്ന് 2024 ഒക്ടോബർ 29ന് മേജർ ആർച്ച് ബിഷപ്പു മാർ റാഫേൽ തട്ടിലിൻ്റെയും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജോസഫ് പാംപ്ലാനിയുടെയും സാനിധ്യത്തിൽ കർദിനാൾ പിയത്രോ പരോളിൻ പിതാവിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാര യോഗത്തിലാണ് ഗൾഫുനാടുകളിൽ രൂപപ്പെടുത്താനിരിക്കുന്ന അജപാലന സംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്.

അതിൻ പ്രകാരം വത്തിക്കാന്റെ നിർദ്ദേശമനുസരിച്ച് ഈ വർഷം ജനുവരിയിൽ നടന്ന മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റർ സ്ഥാനത്തേക്കു നിയമിക്കപ്പെടാവുന്ന ഏതാനും പേരുകൾ തീരുമാനിച്ചു വത്തിക്കാനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണത്തിലാണ് ഇപ്പോൾ അപ്പസ്തോലിക് വിസിറ്ററായി റവ. ഫാ. ജോളി വടക്കൻ നിയമിതനായിരിക്കുന്നത്.

1965ൽ മാളയിൽ ജനിച്ച ഫാ. ജോളി വടക്കൻ പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി തൃശൂർ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കിയതിനു ശേഷം 1989ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിലിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയ്ത‌ശേഷം ഫാ. ജോളി വടക്കൻ റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.

രൂപത മീഡിയ ഡയറക്ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

“മൃച്ഛകടികം” കലാക്ഷേത്രയിലെ കൂത്തമ്പലത്തിൽ

ഇരിങ്ങാലക്കുട : ദക്ഷിണേന്ത്യയിലെ വിഖ്യാത കലാകേന്ദ്രങ്ങളിലൊന്നായ അഡയാറിലെ കലാക്ഷേത്രയിൽ ഭരതനാട്യത്തിന്റെ സംരക്ഷകയായ രുക്മണി ദേവി അരുണ്ഡയിലും കൂടിയാട്ടം കലയുടെ ആധികാരിക വക്താവായ ഡി. അപ്പുക്കുട്ടൻ നായരും ചേർന്ന് രൂപ കൽപ്പന ചെയ്ത അതിവിശിഷ്ടമായ ഭരതകലാക്ഷേത്രം എന്ന കൂത്തമ്പലത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ ഗുരു വേണുജി സംവിധാനം ചെയ്ത ‘മുച്ഛകടികം’ കൂടിയാട്ടം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.

കേരളത്തിലെ വ്യത്യസ്ത സ്ഥാപനങ്ങിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കലാകാരന്മാർ ചേർന്നാണ് ശുദ്രകന്റെ മൃച്ഛകടികം അരങ്ങിലെത്തിച്ചത്.

പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു വസന്ത സേനയായും സൂരജ് നമ്പ്യാർ ചാരുദാത്തനായും മാർഗി സജി നാരായണ ചാക്യാർ മാഥുരനെയും പൊതിയിൽ രഞ്ജിത്ത് ചാക്യാർ കർണപൂരകനായും നെപത്യ ശ്രീഹരി ചാക്യാർ ശർവ്വിലകനായും ശങ്കർ വെങ്കിടേശ്വരൻ സംവാഹകനായും ഗുരുകല തരുൺ, സരിത കൃഷ്ണകമാർ, അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ മറ്റു കഥാപത്രങ്ങളായും വേഷമിട്ടു.

കലാമണ്ഡലം രാജീവ്, ഹരിഹരൻ വിനീഷ്, നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും വൈശാഖ് (കുറുകഴൽ), ഗുരുകുലം അതുല്യ (താളം) എന്നിവർ പശ്ചാത്തല മേളം ഒരുക്കി.

കലാനിലയം ഹരിദാസ്, വൈശാഖ് എന്നിവരായിരുന്നു ചമയം.

കൂടിയാട്ടത്തിന് മുന്നോടിയായി പ്രശസ്ത നർത്തകിയും കലാനിരൂപകയുമായ ഡോ. അനിത രത്നം വേണുജിയുമായി സഹൃദ ഫൗണ്ടേഷന്റെ അരങ്ങിൽ നടത്തിയ സംവാദം കേൾക്കുവാൻ നിറഞ്ഞ സദസ്സുണ്ടായി.

നവംബർ 16ന് കലാക്ഷേത്രയുടെ കൂത്തമ്പലത്തിൽ മഹാത്മാ ഗാന്ധിയുടെ പൗത്രൻ ഗോപാലകൃഷ്ണ ഗാന്ധി, ഗായകൻ ടി.എം. കൃഷ്ണ, ഗായിക ബോംബെ ജയശ്രീ തുടങ്ങി നാനൂറോളം പേർ നിറഞ്ഞ സദസ്സിൽ വിശ്വനർത്തകി ഡോ. പത്മ സുബ്രഹ്മണ്യം. ഗുരു വി. പി. ധനഞ്ജയൻ എന്നിവർ വേണുജിക്ക് ബ്രഹാദ്ധിശ്വര ക്ഷേത്രത്തിലെ ഗംഗൈ കോണ്ട ചോളപുരം മാതൃകയിൽ രൂപകൽപ്പന ചെയ്ത സരസ്വതി വിഗ്രഹം നൽകി ആദരിച്ചു.

വിശ്വപ്രസിദ്ധ നാടകമായ ശൂദ്രകൻ്റെ മൃച്ഛകടികം എന്ന പ്രാകരണം അരങ്ങേറുന്നതിലൂടെ കൂടിയാട്ടം ഭാരതീയ നാട്യ വേദിക്കു തന്നെ അത്യപൂർവമായ മാർഗ്ഗദർശനം നൽകിയിരിക്കുന്നുയെന്നു പത്മ സുബ്രഹ്മണ്യം അഭിപ്രായപെട്ടു.

നാദോപാസന സോപാന സംഗീതോത്സവവും നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും 14, 15 തിയ്യതികളിൽ

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന സോപാന സംഗീതോത്സവം 14, 15 തിയ്യതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ അരങ്ങേറും.

സോപാനസംഗീത ഉപാസകനായിരുന്ന നെല്ലുവായ് കൃഷ്ണൻകുട്ടി മാരാർ അനുസ്മരണവും സോപാന സംഗീതോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.

അനുസ്മരണ സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

എ.എസ്. സതീശൻ അധ്യക്ഷത വഹിക്കും.

ടി. വേണുഗോപാല മേനോൻ മുഖ്യാതിഥിയാകും.

സോപാന സംഗീതജ്ഞൻ ഞെരളത്ത് എൻ.പി. രാമദാസ് അനുസ്മരണ പ്രഭാഷണം നടത്തും.

‘ക്ഷേത്രവാദ്യ സങ്കല്പത്തിലെ ദൈവീകത’ എന്ന വിഷയത്തിൽ തിരുവില്വാമല ഹരി മുഖ്യപ്രഭാഷണം നടത്തും.

രണ്ടു ദിവസങ്ങളിലായി രാവിലെ 9 മണി മുതൽ രാത്രി 9 വരെ പ്രശസ്ത കലാകാരന്മാരുടെ സോപാനസംഗീതം, ‘ഇടയ്ക്ക നാദലയ വിന്യാസം’, പയ്യന്നൂർ കൃഷ്ണമണി മാരാർ അവതരിപ്പിക്കുന്ന പ്രത്യേക സോപാന സംഗീതാവതരണം, ഉമ കുമാർ (സ്വിറ്റ്സർലൻഡ്) നയിക്കുന്ന സംഗീത കച്ചേരി, അനുപമ മേനോൻ നയിക്കുന്ന ‘സോപാനലാസ്യം’ മോഹിനിയാട്ടം എന്നിവയും അരങ്ങേറും.

സോപാനസംഗീതത്തിന്റെ ആത്മീയതയും ഭക്തിരസവും ആവിഷ്‌കരിക്കുന്ന ഈ സംഗീതോത്സവം കലാപ്രേമികൾക്ക് അപൂർവാനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൃഷ്ണേന്ദു ദിനേശിനെ അനുമോദിച്ച് ഹിന്ദു ഐക്യവേദി

ഇരിങ്ങാലക്കുട : സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ ഫസ്റ്റ് എ ഗ്രേഡ്, ഭരതനാട്യത്തിൽ സെക്കൻഡ് എ ഗ്രേഡ്, ഫോക്ക് ഡാൻസിൽ സെക്കൻഡ് എ ഗ്രേഡ് എന്നിങ്ങനെ നേടിയ കൃഷ്ണേന്ദു ദിനേശിനെ ഹിന്ദു ഐക്യവേദി അനുമോദിച്ചു.

ചടങ്ങിൽ ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി സി.എസ്. വാസു, കെ.ആർ. രാജേഷ്, ലാൽ കുഴുപ്പുള്ളി, കെ.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി ബ്ലോക്ക്തല കായിക മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മേരയുവ ഭാരത് തൃശൂരും ഇരിങ്ങാലക്കുട വിസ്ഡം ക്ലബ്ബും സംയുക്തമായി ക്രൈസ്റ്റ് കോളെജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട, കൊടകര, ചാലക്കുടി ബ്ലോക്ക്തല കായിക മേള കോളെജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ ഉദ്ഘാടനം ചെയ്തു .

മേരയുവ ഭാരത് തൃശൂർ യൂത്ത് കോർഡിനേറ്റർ സി. ബിൻസി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ ബിജുപോൾ അക്കരക്കാരൻ, രക്ഷാധികാരി വിക്ടറി തൊഴുത്തുംപറമ്പിൽ, പി. ഭരത്കുമാർ, ടി.വൈ. വാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

പ്രസിഡൻ്റ് വേണു തോട്ടുങ്ങൽ സ്വാഗതവും കൺവീനർ ഫിൻ്റോ പോൾസൺ നന്ദിയും പറഞ്ഞു.

തുടർന്ന് സെവൻസ് ഫുട്ബോൾ മത്സരങ്ങളും, വോളിബോൾ മാത്സരങ്ങളും, വടംവലി മത്സരങ്ങളും, 100 മീറ്റർ, 200 മീറ്റർ ഓട്ട മത്സരങ്ങളും, ഷട്ടിൽ ബാഡ്മിൻ്റൺ (സിംഗിൾസ്) മത്സരങ്ങളും വിവിധ വേദികളിൽ നടന്നു.

അനവധി ക്ലബ്ബുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

വിജയികൾക്കുള്ള സമ്മാനദാനം ജൂനിയർ ഇന്നസെൻ്റ് നിർവഹിച്ചു.

ചടങ്ങിൽ പ്രസിഡൻ്റ് വേണു തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു.

കൺവീനർ പി. ഭരത് കുമാർ സ്വാഗതവും സെക്രട്ടറി ജിനേഷ് തൃത്താണി നന്ദിയും പറഞ്ഞു.

മെഡിസെപ്പ് പ്രീമിയം വർധന പിൻവലിക്കണം : പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : മെഡിസെപ്പ് പ്രീമിയത്തിൽ വരുത്തിയ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

പുതിയ ശമ്പള കമ്മീഷനെ ഉടൻ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ബി. ശ്രീധരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻ്റ് ടി.കെ. ബഷീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം എം. മുർഷിദ്, ജില്ലാ കമ്മിറ്റി അംഗം എ.സി. സുരേഷ്, നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. കമലം, സെക്രട്ടറി വി.കെ. മണി , കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, കെ. വേണുഗോപാൽ, സി.ജെ. ജോയ്, കെ. ഇന്ദിരാദേവി, ശശികല എന്നിവർ പ്രസംഗിച്ചു.

ഷൈലജ ബീഗം (പ്രസിഡൻ്റ്), പി. ഉണ്ണികൃഷ്ണൻ (സെക്രട്ടറി), വിജയലക്ഷമി (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

പാറപ്പുറം സാംസ്കാരിക നിലയം : പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി

ഇരിങ്ങാലക്കുട : നഗരസഭ 34-ാം വാർഡിൽ നിർമ്മാണത്തിലിരിക്കുന്ന പാറപ്പുറം സാംസ്കാരിക നിലയം നിർമ്മിക്കാൻ 2020ൽ 14,90,000 രൂപയും പട്ടികജാതി വികസന ഫണ്ടിൽ നിന്ന് നഗരസഭ വച്ച പ്രോജക്റ്റ് പ്രകാരം 2022ൽ 4 ലക്ഷം രൂപയും,
2023ൽ 10 ലക്ഷം രൂപയും, ഇലക്ട്രിക് വർക്കിന് 60000 രൂപയും ഫണ്ട് അനുവദിച്ചിട്ടും പല മുടന്തൻ ന്യായങ്ങളും പറഞ്ഞ് നഗരസഭ ഭരണപക്ഷവും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങ് നീട്ടിക്കൊണ്ടു പോകുന്നതിൽ പ്രതിഷേധിച്ച് പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി.

വാർഡ് കൗൺസിലർ വിജയകുമാരി അനിലനാണ് പ്രതീകാത്മക ഉദ്ഘാടനം നിർവ്വഹിച്ചത്.

കൗൺസിലർ രേഖാമൂലം പരാതി നൽകിയിട്ടും നഗരസഭ അധികാരികൾ സാംസ്കാരിക നിലയത്തിന് കെട്ടിട നമ്പറും വൈദ്യുതിയും വെള്ളവും അനുവദിച്ചു തന്നില്ല. നഗരസഭയുടെ ഈ അനാസ്ഥ പട്ടികജാതി വിഭാഗങ്ങളോടുള്ള കനത്ത വെല്ലുവിളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ഉദ്ഘാടനവേളയിൽ സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണൻ,
പൊറത്തിശ്ശേരി ഏരിയ പ്രസിഡൻ്റ് സൂരജ് കടുങ്ങാടൻ, മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സതീഷ് എന്നിവർ ആശംസകൾ നേർന്നു.

വാർഡ് കൺവീനർ വിപിൻ രാജ് സ്വാഗതവും സുനിൽ കമലദളം നന്ദിയും പറഞ്ഞു.

ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥൻ, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി വി.സി. രമേഷ്, കൗൺസിലർമാരായ അമ്പിളി ജയൻ, സ്മിത കൃഷ്ണകുമാർ, മണ്ഡലം ട്രഷറർ ജോജൻ കൊല്ലാട്ടിൽ, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി സുശിതാംബരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ. സുരേഷ്, ടി.വി. ഉണ്ണികൃഷ്ണൻ, വാർഡ് വികസന ടീം ദശരഥൻ, രഘുനന്ദൻ, കണ്ണൻ നാരാട്ടിൽ, രാജു, വിനോജ് ഹരിത, കാർത്തിക എന്നിവർ നേതൃത്വം നൽകി.