ഇരിങ്ങാലക്കുട നഗരസഭയിൽ പോരാട്ടം പൊടിപൂരം

ഇരിങ്ങാലക്കുട : നാമനിർദ്ദേശപത്രിക സമർപ്പിക്കലും പിൻവലിക്കലുമെല്ലാം കഴിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭയിലെ 43 വാർഡുകളും പോരാട്ട ഭൂമികയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു.

43 വാർഡുകളിലായി 141 സ്ഥാനാർത്ഥികളാണ് ഇക്കുറി ജനവിധി തേടി അണികൾക്കൊപ്പം പ്രചരണ രംഗത്ത് സജീവമായി മുന്നേറിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കാൽനൂറ്റാണ്ടായി നഗരസഭ ഭരിക്കുന്ന യു.ഡി.എഫ്. ഒരിക്കൽ കൂടി അധികാരത്തിലെത്തുമെന്ന ഉറപ്പോടെ മുന്നേറുമ്പോൾ, ഇക്കുറി എന്തുവില കൊടുത്തും ഭരണം പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതു മുന്നണിയും, ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ.യും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭ ക്രൈസ്റ്റ് കോളെജ് വാർഡിൽ ജെയ്സൺ പാറക്കാടൻ 353 വോട്ടുകളുടെയും, ഗവ. ഹോസ്പിറ്റൽ വാർഡിൽ പി.ടി. ജോർജ്ജ് 320 വോട്ടുകളുടെയും, പൂച്ചക്കുളം വാർഡിൽ കെ.എം. സന്തോഷ് 302 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് എതിരാളികളെ മലർത്തിയടിച്ചത്. നഗരസഭയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മൂന്നു പേരും യു.ഡി.എഫ്. സ്ഥാനാർഥികളായിരുന്നു.

ഇപ്രാവശ്യം ഈ മൂന്നു വാർഡുകളിലും മത്സരം കടുക്കുമോ , കോൺഗ്രസിൻ്റെ കോട്ട തകർക്കുമോ എന്നൊക്കെ കണ്ടറിയേണ്ടിയിരിക്കുന്നു.

എൽ.ഡി.എഫ്. മുന്നണിയിൽ ഇപ്രാവശ്യവും ഒട്ടേറെ പുതുമുഖങ്ങളായ ചെറുപ്പക്കാർ ജനവിധി തേടുന്നത് ശ്രദ്ധേയമാണ്.

ഇക്കുറി ഇവിടെ 34 വാർഡുകളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്.

യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയായ മുൻസിപ്പൽ വാർഡിൽ മത്സരിക്കുന്ന എം.പി. ജാക്സനെതിരെ സി.പി.ഐയുടെ മാർട്ടിൻ ആലേങ്ങാടനാണ് മത്സരിക്കുന്നത്. ഇതോടെ ഈ വാർഡിലെ മത്സരം പൊടിപൂരം തന്നെയാകും എന്ന കാര്യം ഉറപ്പായി.

കാരുകുളങ്ങര വാർഡിൽ ബി.ജെ.പി. പാർലമെൻ്ററി പാർട്ടി ലീഡർ സന്തോഷ് ബോബനെതിരെ മത്സരിക്കുന്നത് മുൻ നഗരസഭാ ചെയർപേഴ്സൺ കൂടിയായ യു.ഡി.എഫിൻ്റെ സുജ സഞ്ജീവ്കുമാറാണ്. അതിനാൽ തന്നെ കാരുകുളങ്ങരയിലും മത്സരം തീപാറും എന്നതിൽ സംശയമില്ല.

6-ാം വാർഡിൽ ബിജെപി മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷിനെ പിടിച്ചു കെട്ടാൻ നിലവിലെ നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടനെയാണ് യു.ഡി എഫ്. രംഗത്ത് ഇറക്കിയിട്ടുള്ളത്. ഇവിടെ സി. പി. ഐ. യുടെ പി.സി രഘുവും രംഗത്തുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് വോട്ടുകൾക്ക് വിജയിച്ച ആർച്ച അനീഷ് അതേ വാർഡിൽ ഇപ്രാവശ്യവും വെന്നിക്കൊടി പാറിക്കുമോ എന്ന് കണ്ടു തന്നെ അറിയണം.

മാടായിക്കോണം വാർഡിലും ഇപ്രാവശ്യം മത്സരം കടുക്കും. നിലവിലെ കൗൺസിലറായ ബി.ജെ.പി. സ്ഥാനാർഥി ടി.കെ. ഷാജു എന്ന ഷാജുട്ടനെ നേരിടാൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റായ ശ്രീലാലിനെയാണ് എൽ.ഡി. എഫ്. നിയോഗിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ വിനീത പള്ളിപ്പുറത്തും രംഗത്തുണ്ട്.

കൂടൽമാണിക്യം വാർഡിൽ നിലവിലെ കൗൺസിലറായ ബി.ജെ.പി.യുടെ സ്മിത കൃഷ്ണകുമാറിനെ പിടിച്ചു കെട്ടാൻ യു.ഡി.എഫ്. മുൻ കൗൺസിലർ കൂടിയായ കെ.എൻ. ഗിരീഷിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. എൽ.ഡി.എഫിന്റെ എം.ആർ. ശരത്തും ഒപ്പത്തിനൊപ്പം മത്സര രംഗത്തുണ്ട്.

യുഡിഎഫിൻ്റെ ഘടകകക്ഷി എന്ന നിലയിൽ 15-ാം വാർഡിൽ മാഗി വിൻസെൻ്റ് പള്ളായി, 18-ാം വാർഡിൽ ലാസർ കോച്ചേരി എന്നിവരെയാണ് ഔദ്യോഗിക സ്ഥാനാർത്ഥികളായി കേരള കോൺഗ്രസ്സ് പ്രഖ്യാപിച്ചിരുന്നതെങ്കിലും 15-ാം വാർഡിൽ സുജ ബിജു, 18-ാം വാർഡിൽ ജോസഫ് ചാക്കോ എന്നീ കോൺഗ്രസ്സ് പ്രവർത്തകർ വിമതരായി പത്രിക സമർപ്പിച്ചത് ഇതുവരെയും പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല, പൂർവ്വാധികം ഉഷാറോടെ ഇരുവരും പ്രചരണ രംഗത്ത് തുടരുന്നതു മൂലം അവിടെയും മത്സരം കടുകട്ടിയാക്കും.

ബിജെപിയിൽ മുൻ കൗൺസിലർമാരായ എട്ടു പേരിൽ ഏഴ് പേരും , യുഡിഎഫിൽ മുൻ കൗൺസിലർമാരായ 7 പേരും എൽഡിഎഫിൽ മുൻ കൗൺസിലർമാരായ 5 പേരും ഇപ്രാവശ്യവും മത്സര രംഗത്തുണ്ട്.

മൂർക്കനാട്, പീച്ചാംപിള്ളിക്കോണം, ചന്തക്കുന്ന് എന്നിവിടങ്ങളിൽ വിമതരും മറ്റുമായി അഞ്ച് സ്ഥാനാർത്ഥികൾ വീതമാണ് അവസാന പട്ടികയിൽ അവശേഷിക്കുന്നത്.

ഐക്യ ജനാധിപത്യ മുന്നണി പ്രകടനപത്രിക പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഐക്യജനാധിപത്യ മുന്നണി തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടനപത്രിക കെ.പി.സി.സി. മുൻ പ്രസിഡൻ്റ് വി.എം. സുധീരൻ പ്രകാശനം ചെയ്തു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ, കെ.പി.സി.സി. ജനറൽ സെക്രട്ടറി സോണിയ ഗിരി, മുൻ എം.പി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ബ്ലോക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് എന്നിവർ പ്രസംഗിച്ചു.

പൊറത്തിശ്ശേരി മണ്ഡലം പ്രസിഡൻ്റ് പി.കെ. ഭാസി സ്വാഗതവും മണ്ഡലം വൈസ് പ്രസിഡൻ്റ് സിജു യോഹന്നാൻ നന്ദിയും പറഞ്ഞു.

പ്രമേഹനിര്‍ണയവും നേത്ര പരിശോധന ക്യാമ്പും 30ന്

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ക്ലിനിക്കില്‍ പ്രമേഹ നിര്‍ണയവും നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പും 30ന് സംഘടിപ്പിക്കും.

ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

അഡ്വ.എം.എസ്. രാജേഷ് അധ്യക്ഷത വഹിക്കും. സെക്രട്ടറി എം.എസ് പ്രദീപ്, ട്രഷറര്‍ ജെയ്സന്‍ മുഞ്ഞേലി, ശിവന്‍ നെന്മാറ എന്നിവര്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890,9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

‘വീട്ടിലെ ലൈബ്രറി ‘ടി.വി.കൊച്ചുബാവ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കാറളത്തെ ‘വീട്ടിലെ ലൈബ്രറിയി’ൽ മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരനായിരുന്ന ടി.വി. കൊച്ചുബാവയുടെ 26-ാമത് സ്മരണ വാർഷികദിനം ആചരിച്ചു.

ജീവിച്ചിരുന്നെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെയും തകഴിയുടെയും തലത്തിൽ എത്തിപ്പെടാൻ കഴിവുള്ള ദീർഘവീക്ഷണ ലിഖിത സഞ്ചാരിയായിരുന്നു ടി.വി. കൊച്ചുബാവ എന്ന എഴുത്തുകാരനെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രശസ്ത പത്രപ്രവർത്തകനായ സി.കെ. ഹസ്സൻകോയ പറഞ്ഞു.

രാധാകൃഷ്ണൻ വെട്ടത്ത്, ജോസ് മഞ്ഞില, വിജയൻ ചിറ്റേക്കാട്ടിൽ, പുഷ്പ്പൻ ആശാരിക്കുന്ന്, ടി.എസ്.സജീവ്, എം.എൻ. നീതു ലക്ഷി, റഷീദ് കാറളം എന്നിവർ സംസാരിച്ചു.

2026 -ൽ വീട്ടിലെ ലൈബ്രറി ടി.വി. കൊച്ചുബാവ സാഹിത്യ പുരസ്കാരം ഏർപ്പെടുത്താനുള്ള കമ്മിറ്റി രൂപീകരിച്ചു.
കേരളത്തിൽ അറിയപ്പെടുന്ന വലിയ പുരസ്ക്കാരമായി ഇത് മാറുമെന്നും സംഘാടക രൂപീകരണത്തിൽ വിശദീകരിച്ചു.

അശോകൻ ചരുവിൽ രക്ഷാധികാരിയായും
സി.കെ. ഹസ്സൻകോയ ചെയർമാനായും രാധാകൃഷ്ണൻ വെട്ടത്ത് കൺവീനറായും
റഷീദ് കാറളം കോർഡിനേറ്ററായും അമ്പത്തൊന്നംഗ കമ്മിറ്റി രൂപീകരിച്ചു.

2026 നവംബറിലാണ് സാഹിത്യ പുരസ്കാരം നൽകുക.

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ

ഇരിങ്ങാലക്കുട : ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ് അച്ചീവർ ആയി എസ്റ്റൽ മേരി എബിൻ.

റോമൻ കത്തോലിക്കാ ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകൾ (പഴയ നിയമത്തിൽ നിന്ന് 46ഉം പുതിയ നിയമത്തിൽ നിന്ന് 27ഉം) മലയാളത്തിൽ 47.21 സെക്കന്റിനുള്ളിൽ വ്യക്തതയോടെയും കൃത്യതയോടെയും പറഞ്ഞതിനാണ് ‘ഐബിആർ അച്ചീവർ’ എന്ന പദവി ലഭിച്ചത്.

പാറേക്കാട്ടുകര സെന്റ് മേരീസ്‌ ഇടവക ചോനേടൻ എബിൻ – എൽസ ദമ്പതികളുടെ മകളും ചേലൂർ സെന്റ് മേരീസ്‌ ഇടവകയിൽ ഉൾപ്പെടുന്ന എടതിരിഞ്ഞി സെന്റ് മേരീസ്‌ എൽ.പി. സ്കൂളിലെ യു.കെ.ജി. വിദ്യാർഥിനിയുമാണ് എസ്റ്റൽ മേരി എബിൻ.

ജൂനിയർ ബാഡ്മിന്റൺ ടൂർണമെൻ്റ് 29 നും 30 നും ക്രൈസ്റ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാറ്റിക് ഷട്ടിൽ അക്കാദമിയും എ.ജെ.കെ.ബി.എ.യും സംയുക്തമായി ആൾ കേരള ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

നവംബർ 29, 30 (ശനി, ഞായർ) തീയതികളിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

കേരള ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ അംഗീകാരത്തോടെ നടക്കുന്ന ഈ ടൂർണമെന്റിൽ അണ്ടർ 11, അണ്ടർ 13, അണ്ടർ 15 വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഫെതർ ഷട്ടിൽ ഉപയോഗിച്ചായിരിക്കും മത്സരങ്ങൾ.

പ്രായപരിധി :

  • അണ്ടർ 11: 01/01/2014 നോ അതിനു ശേഷമോ ജനിച്ചവർ.
  • അണ്ടർ 13: 01/01/2012 നോ അതിനു ശേഷമോ ജനിച്ചവർ.
  • അണ്ടർ 15: 01/01/2010 നോ അതിനു ശേഷമോ ജനിച്ചവർ.

ഒരു കളിക്കാരന് പരമാവധി മൂന്ന് ഇവന്റുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിജയികൾക്ക് ക്യാഷ് പ്രൈസുകളും ട്രോഫികളും നൽകും.

സിംഗിൾസ് വിജയികൾക്ക് 1500 രൂപയും (രണ്ടാം സ്ഥാനം 1000 രൂപ), ഡബിൾസ് വിജയികൾക്ക് 2000 രൂപയും (രണ്ടാം സ്ഥാനം 1500 രൂപ) സമ്മാനമായി ലഭിക്കും.

രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി : നവംബർ 26.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ : 9387726873

വെബ്സൈറ്റ്: www.KBSA.co.in

ഫാദർ ജോളി വടക്കനെ മന്ത്രി ഡോ ആർ ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട : ഗൾഫ് നാടുകളിലെ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ച ഇരിങ്ങാലക്കുട രൂപതാംഗം ഫാ ജോളി വടക്കനെ മന്ത്രി ഡോ ആർ ബിന്ദു പൊന്നാട അണിയിച്ച് അനുമോദിച്ചു.

ഗൾഫ് നാടുകളിൽ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദ്വീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്.

ഇരിങ്ങാലക്കുട രൂപതാ മെത്രാൻ ജെയിംസ് പഴയാറ്റിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച ജോളി വടക്കൻ ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയയ്ത‌ ശേഷം റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയയിലും മത ബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട രൂപതാ മീഡിയ ഡയറക്‌ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌റ്റലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തുവരികയായിരുന്നു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ സന്ദർശനവേളയിൽ രൂപത മുഖ്യ വികാരി ജനറാൾ ജോസ് മാളിയേക്കൽ, വികാരി ജനറാൾ വിൽസൺ ഈരത്തറ, രൂപത സി.എം.ആർ.എഫ്. ഡയറക്ടർ ഡോ ജിജോ വാകപറമ്പിൽ, പാസ്റ്ററൽ കൗൺസിൽ അംഗം ടെൽസൺ കോട്ടോളി, എന്നിവർ സന്നിഹിതരായിരുന്നു.

ഭാരതീയ വിദ്യാഭവനിൽ ഒഡീസി ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ശാസ്ത്ര പ്രദർശനമേള “ഒഡീസി” സംഘടിപ്പിച്ചു.

സ്കൂളിലെ ശാസ്ത്രവിഭാഗങ്ങളുടെ നേതൃത്വത്തിലാണ് ശാസ്ത്ര പ്രദർശനമേള സംഘടിപ്പിച്ചത്.

ചെയർമാൻ ടി. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ, വൈസ് ചെയർമാൻ ടി.പി. വിവേകാനന്ദൻ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ, സ്കൂൾ ഇന്നൊവേഷൻ സെൽ, സ്കൂൾ ക്വാളിറ്റി അസ്സെസ്സ്മെന്റ് & അഷ്വറൻസ് കോർഡിനേറ്റർ സവിത മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.

വിവിധ സ്റ്റാളുകളിലായി വിജ്ഞാനവും വിനോദവും പകരുന്ന നിരവധി പ്രദർശന വസ്തുക്കൾ ഒരുക്കിയിരുന്നു.

ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, മലയാളം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നു.

മൂന്നാം ക്ലാസ്സ്‌ മുതലുള്ള കുട്ടികൾ ശാസ്ത്രമേളയിൽ പങ്കെടുത്തു.

ശാസ്ത്രപ്രദർശനമേളയിൽ ഒരുക്കിയിരുന്ന ഗെയിം സോണിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. സ്കൂളിലെ പതിനൊന്നാം ക്ലാസ്സ്‌ വിദ്യാർഥിയായ തോമസ് ജെ. തെക്കേത്തലയ്ക്ക് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്ത ഹ്യൂമനോയ്ഡ് റോബോട്ടും മേളയിൽ പ്രദർശിപ്പിച്ചു.

ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിൽ (ഓട്ടോണമസ്) കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്.

നിയമിക്കപ്പെടുവാൻ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കൂടികാഴ്ച്ചക്കായി നവംബർ 25 (ചൊവ്വാഴ്‌ച) ഉച്ചതിരിഞ്ഞ് 1.30-ന് കോളെജ് ഓഫീസിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ശബരിമലയിലെ ഭക്തർ നേരിടുന്ന നരകയാതനക്കും ദുരവസ്ഥക്കുമെതിരെ ഇരിങ്ങാലക്കുടയിൽ ഹിന്ദു ഐക്യവേദി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളോ കുടിവെള്ളമോ ഒരുക്കാതെ കുട്ടികളെയും ഭക്തരെയും മണിക്കൂറുകളോളം ക്യൂവിൽ നിർത്തി നരകയാതന അനുഭവിപ്പിക്കുന്നു, നിരവധി ഭക്തന്മാർ കുട്ടികളെയും കൂട്ടി ശബരിമല ദർശനം ലഭിക്കാതെ മടങ്ങുന്ന സാഹചര്യമാണ് കൂടാതെ പതിനെട്ടാം പടിയുടെ താഴെയും മുകളിലും ഭക്തരെ തള്ളി താഴെയിടുന്ന ജീവനക്കാരും പോലീസ് സംവിധാനവും ആണ് ഉള്ളത്.

കെഎസ്ആർടിസി ഭക്തന്മാരെ ബസ്സിൽ കുത്തിനിറച്ച് മൂന്നിരട്ടി സംഖ്യ ഭക്തരിൽ നിന്നും വാങ്ങി കൊണ്ടിരിക്കുന്നു ഇതിനെല്ലാം ഉത്തരവാദിത്വം കഴിവുകെട്ട ദേവസ്വം ബോർഡും ഭക്തരെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരുമാണെന്നും ശബരിമലയിൽ നടന്ന സ്വർണ്ണ കൊള്ളക്ക് സമാനമായി കൂടൽമാണിക്യം ക്ഷേത്രത്തിലും സമാനമായ തട്ടിപ്പ് നടന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.

കൂടൽമാണിക്യ ക്ഷേത്രത്തിൽ മൂന്നു സ്വർണ്ണ കോലങ്ങളും ഏഴ് സ്വർണ്ണ നെറ്റിപ്പട്ടങ്ങളും ഏഴു സ്വർണ്ണ കുടകളും യാതൊരു സുരക്ഷിതവും ഇല്ലാതെ സ്വർണം പൂശുൽ നടന്നിട്ടുണ്ട് ഈ സ്വർണ്ണം പൂശലിൽ തട്ടിപ്പു നടന്നതായി ഹിന്ദു ഐക്യവേദി ആരോപിച്ചു.

ആയതിനാൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലും സമഗ്രമായ അന്വേഷണം നടത്തണമെന്നും വിശ്വാസികളെ വഞ്ചിക്കുന്ന ഇടത് ഭരണസമിതിക്കെതിരെ അന്വേഷണം നടത്തണമെന്നും ഹിന്ദു ഐക്യവേദി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇല്ലാത്ത പക്ഷം കൂടൽമാണിക്യം ക്ഷേത്രത്തിലെ അഴിമതിക്കും തട്ടിപ്പിനും എതിരെ ജനകീയ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ശബരിമലയിലെ ഭക്തർ നേരിടുന്ന നരകയാതനക്കും ദുരവസ്ഥക്കു മെതിരെ ഇരിങ്ങാലക്കുടയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ ഹിന്ദു ഐക്യവേദി തീരുമാനിച്ചു.

പ്രതിഷേധക്കൂട്ടായ്മ ഭാരതീയ വിചാര കേന്ദ്രം ജില്ലാ ട്രഷറർ സുനിൽ ഉദ്ഘാടനം ചെയ്തു.

ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡണ്ട് നന്ദൻ അധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി പ്രഭാഷണം നടത്തി.

താലൂക്ക് ഭാരവാഹികളായ സതീഷ് കോമ്പാത്ത്, ഷാജു, ലാൽ കുഴുപ്പിള്ളി എന്നിവർ പ്രതിഷേധ കൂട്ടായ്മക്ക് നേതൃത്വം നൽകി.

താലൂക്ക് വൈസ് പ്രസിഡണ്ട് കെ ആർ രാജേഷ് സ്വാഗതവും സംഘടനാ സെക്രട്ടറി ഗോപി നന്ദിയും രേഖപ്പെടുത്തി.