ഇരിങ്ങാലക്കുട : തൃശൂർ റൂറൽ പൊലീസിന്റെ കുതിപ്പിന് വേഗം കൂട്ടാൻ പുതിയ നാല് വാഹനങ്ങൾ കൂടിയെത്തി.
സംസ്ഥാന സർക്കാരിന്റെ 2025-26 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി അനുവദിച്ച മഹീന്ദ്ര ബൊലേറൊ വാഹനങ്ങളാണ് റൂറൽ ജില്ലയ്ക്ക് ലഭിച്ചത്.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കും മൂന്ന് പൊലീസ് സ്റ്റേഷനുകൾക്കുമായാണ് പുതിയ വാഹനങ്ങൾ ലഭിച്ചത്.
കയ്പമംഗലം, വലപ്പാട്, കൊരട്ടി എന്നീ സ്റ്റേഷനുകൾക്ക് മഹീന്ദ്ര ബൊലേറൊ ബി4 മോഡൽ വാഹനങ്ങളും, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് മഹീന്ദ്ര ബൊലേറൊ നിയോയുമാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ ഏറ്റു വാങ്ങിയ വാഹനങ്ങൾ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വാഹനങ്ങൾ കൈമാറി.
സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങൾ അനുവദിച്ചിരിക്കുന്നത്.
കാലഹരണപ്പെട്ട വാഹനങ്ങൾ ഘട്ടംഘട്ടമായി മാറ്റി പുതിയവ നിരത്തിലിറക്കുന്നതോടെ കുറ്റാന്വേഷണ രംഗത്തും ക്രമസമാധാന പാലനത്തിലും വലിയ മാറ്റമുണ്ടാകും.
പൊതുജനങ്ങൾക്ക് പൊലീസിന്റെ സേവനം കൂടുതൽ വേഗത്തിൽ എത്തിക്കാൻ ഈ വാഹനങ്ങൾ സഹായിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു.
ആധുനിക സജ്ജീകരണങ്ങളോടെയുള്ള വാഹനങ്ങൾ എത്തുന്നതോടെ റൂറൽ പൊലീസിന്റെ പ്രവർത്തന ക്ഷമത വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














