കരുവന്നൂർ സൗത്ത് ബണ്ട് റോഡ് റീ ടാറിംഗ് വൈകുന്നു : ആശങ്കയുമായി പ്രദേശവാസികൾ

ഇരിങ്ങാലക്കുട : കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ റീ ടാറിംഗ് വൈകുന്നതിൽ ആശങ്കയുമായി പ്രദേശവാസികൾ രംഗത്തെത്തി.

നിർമ്മാണോദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും റീടാറിംഗ് ആരംഭിക്കാത്തത് ജനപ്രതിനിധികൾ അടക്കമുള്ള ചില തല്പരകക്ഷികൾ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് മൂലമാണെന്ന് കാറളം ഇല്ലിക്കൽ സൗത്ത് ബണ്ട് റോഡ് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു.

കരുവന്നൂർ വലിയപാലം മുതൽ കാറളം ആലുക്കകടവ് വരെയുള്ള 3.2 കിലോമീറ്റർ ദൂരം വരുന്ന ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ബണ്ട് റോഡിനാണ് റീ ടാറിംഗിനായി ഒരു കോടി രൂപ കഴിഞ്ഞ ബജറ്റിൽ അനുവദിച്ചത്.

2010ൽ തോമസ് ഉണ്ണിയാടൻ എം എൽ എ ആയിരിക്കെയാണ് 2.8 കോടി രൂപ അനുവദിച്ച് ബണ്ട് റോഡിൻ്റെ ഇരുവശങ്ങളും ബലപ്പെടുത്തി വീതി കൂട്ടി ടാറിംഗ് ചെയ്തത്.

അന്നും ചില തല്പരകക്ഷികൾ മൂർക്കനാട് പ്രദേശത്ത് പണികൾ തടയാൻ ശ്രമിച്ചിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി പൊളിഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പൊറുതി മുട്ടിയ പ്രദേശവാസികൾ പുതിയ റോഡിനായി കാത്തിരിക്കുന്ന ഈ സമയത്ത് തടസപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ ശക്തമായി തന്നെ നേരിടുമെന്ന് പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികളായ പി വി വിദ്യാനന്ദൻ, ബാസ്റ്റിൻ ഫ്രാൻസിസ്, ഷാജി അരിമ്പുള്ളി, ടി എസ് സന്തോഷ് എന്നിവർ പറഞ്ഞു.

മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പദ്ധതി : അങ്കണവാടി കലോത്സവം നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മൂന്നാം നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.

ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നടന്ന കലോത്സവം ഗാനരചയിതാവും കരിന്തലക്കൂട്ടം കലാകാരനുമായ രമിത്ത് രാമൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സരിത സുരേഷ് സ്വാഗതം പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, വാർഡ് മെമ്പർമാരായ തോമസ് തൊകലത്ത്, സുനിൽ കുമാർ, വൃന്ദ കുമാരി, നിജി വത്സൻ, ജിനി സതീശൻ, റോസ്മി ജയേഷ്, നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, മണി സജയൻ, നിത അർജുനൻ, ഐ സി ഡി എസ് സൂപ്പർവൈസർ അൻസാ എബ്രഹാം എന്നിവർ ആശംസകൾ നേർന്നു.

മുരിയാട് പഞ്ചായത്തിലെ 150ഓളം കുട്ടികൾ, അവരുടെ രക്ഷിതാക്കൾ, അങ്കണവാടി പ്രവർത്തകർ, പ്ലാൻ കോർഡിനേറ്റർ ഹരീഷ്, ക്രൈസ്റ്റ് കോളെജിലെ വിദ്യാർഥികൾ എന്നിവർ കലോത്സവത്തിൽ പങ്കെടുത്തു.

സി പി ഐ കാറളം ലോക്കൽ കമ്മിറ്റി ബ്രാഞ്ച് സമ്മേളനം നടത്തി

ഇരിങ്ങാലക്കുട : സി പി ഐ 25-ാം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ച് സി പി ഐ കാറളം ലോക്കൽ കമ്മിറ്റിയിലെ സെന്റർ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.

കിസാൻ സഭ ജില്ലാ കമ്മിറ്റി അംഗം എ ആർ രാജീവ് അധ്യക്ഷത വഹിച്ചു.

മുതിർന്ന നേതാവ് കെ ശ്രീകുമാർ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എൻ കെ ഉദയപ്രകാശ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ എസ് ബൈജു, അസിസ്റ്റന്റ് സെക്രട്ടറി എം സുധീർദാസ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മോഹനൻ വലിയാട്ടിൽ, എ ഐ ടി യു സി മണ്ഡലം പ്രസിഡന്റ്‌ റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.

ഗിരീഷ് രക്തസാക്ഷി പ്രമേയവും ബിന്ദു അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ബ്രാഞ്ച് സെക്രട്ടറിയായി ബിന്ദു രാജീവിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ എ ഷക്കീറിനെയും സമ്മേളനം തെരഞ്ഞെടുത്തു.

സി കെ ആരോമൽ സ്വാഗതവും ബിന്ദു രാജീവ്‌ നന്ദിയും പറഞ്ഞു.

കാറളം പഞ്ചായത്ത് വാർഷിക പദ്ധതി : വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു

ഇരിങ്ങാലക്കുട : കാറളം ഗ്രാമപഞ്ചായത്തിലെ 2025-26 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര അധ്യക്ഷത വഹിച്ചു.

യോഗത്തിൽ എല്ലാ ജനപ്രതിനിധികളും പങ്കെടുത്തു.

പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയമിക്കണം : പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്ന ആവശ്യമുയർത്തി കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പൊറത്തിശ്ശേരി മണ്ഡലം കൺവെൻഷൻ.

ക്രമാതീതമായ വിലക്കയറ്റം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാൽ ഇടക്കാല ആശ്വാസം നൽകണമെന്നും കുടിശ്ശികയുള്ള ക്ഷാമാശ്വാസം (19%) ഉടൻ പ്രഖ്യാപിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.

കെ എസ് എസ് പി എ ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബി ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.

മണ്ഡലം വൈസ് പ്രസിഡൻ്റ് ബേബി ഗീത അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ക്ലാര പീറ്റർ, കെ വേലായുധൻ, നൈന ചാക്കോ, മറിയം, ചിത്ര ദേവി, സി ഭവാനി എന്നിവർ പ്രസംഗിച്ചു.

ടോഡി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഇരിങ്ങാലക്കുട റേഞ്ച് സമ്മേളനം

ഇരിങ്ങാലക്കുട : ടോഡി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു ഇരിങ്ങാലക്കുട റേഞ്ച് സമ്മേളനം പ്രിയ ഹാളിൽ സംഘടിപ്പിച്ചു.

മുഴുവൻ കള്ള് ഷാപ്പുകളുടെയും കെട്ടിടങ്ങൾ മോടിപിടിപ്പിച്ച് ആധുനികവത്കരിക്കാനും, ബാത്ത് റൂം സൗകര്യങ്ങൾ ഉറപ്പുവരുത്താനും, അതിനു വേണ്ട നിയമ നിർമാണങ്ങൾ നടത്താനും സമ്മേളനം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

ടോഡി ബോർഡ് ചെയർമാനും യൂണിയൻ ജില്ലാ സെക്രട്ടറിയുമായ യു പി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് സി കെ വിജയൻ, സി ആർ പുരുഷോത്തമൻ, സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

യോഗത്തിൽ ജോലിയിൽ നിന്ന് വിരമിച്ച തൊഴിലാളികളെ ആദരിച്ചു.

പുതിയ ഭാരവാഹികളായി വി എ മനോജ് കുമാർ (പ്രസിഡന്റ്), വി എ അനീഷ് (സെക്രട്ടറി), വി എസ് ഷാജൻ (ട്രഷറർ) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

നിര്യാതയായി

ശാരദാമ്മ

ഇരിങ്ങാലക്കുട : മുരിയാട് വേഴെക്കാട്ടുകര പരേതനായ പുളിയത്ത് രാമൻ നായർ ഭാര്യ ശാരദാമ്മ (91) നിര്യാതയായി.

സംസ്കാരം ഡിസംബർ 5 (ഞായറാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ : പ്രേമലത, ശശിധരൻ, ശാന്തകുമാരി, ശൈലജ

മരുമക്കൾ : കമലാകരൻ, ജയശ്രീ, സേതുമാധവൻ, പരേതനായ പ്രദീപ് കുമാർ

ഏകദിന സൂചനാ പണിമുടക്ക് 22ന്

ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സർക്കാർ ജീവനക്കാർ ജനുവരി 22ന് നടത്തുന്ന ഏകദിന സൂചനാ പണിമുടക്കിന് മുന്നോടിയായി സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട എ ഐ ടി യു സി ഹാളിൽ ജോയിൻ്റ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം പി കെ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ കെ ജി ഒ എഫ് സംസ്ഥാന വനിത സെക്രട്ടറി ഡോ പി പ്രിയ ഉദ്ഘാടനം ചെയ്തു.

ജോയിൻ്റ് കൗൺസിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി എ എം നൗഷാദ്, എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് സി വി സ്വപ്ന, ജി പ്രസിത, എസ് ഭാനശാലിനി എന്നിവർ സംസാരിച്ചു.

എം കെ ഉണ്ണി സ്വാഗതവും, പി ബി മനോജ് നന്ദിയും പറഞ്ഞു.

കെ ജെ ക്ലീറ്റസ്, ഇ ജി റാണി, ഡോ എം ജി സജീഷ് എന്നിവർ നേതൃത്വം നൽകി.

മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും

ഇരിങ്ങാലക്കുട : മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനു നവ വൈദികന്‍ ഫാ റിജോ എടുത്തിരുത്തിക്കാരന്‍ കൊടി ഉയര്‍ത്തി.

തിരുകര്‍മ്മങ്ങള്‍ക്ക് വികാരി ഫാ ജോണി മേനാച്ചേരി, അസിസ്റ്റന്റ് വികാരി ഫാ ലിജോ മണിമലക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്ന് രാവിലെ 6 മണിക്കുള്ള ദിവ്യബലിക്കു ശേഷം ആരംഭിച്ച വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിപ്പുകള്‍ രാത്രി 10.30ന് പള്ളിയില്‍ സമാപിക്കും.

നാളെ രാവിലെ 10.30നുള്ള തിരുനാള്‍ ദിവ്യബലിക്ക് ഫാ മെജിന്‍ കല്ലേലി മുഖ്യകാര്‍മികത്വം വഹിക്കും.

ഫാ ജോസ് കേളംപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും.

തിങ്കളാഴ്ച്ച വൈകീട്ട് 7ന് അമ്പ് ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും.

കൈക്കാരന്മാരായ മിന്‍സന്‍ പാറമേല്‍, ടോമി എടത്തിരുത്തിക്കാരന്‍, അനൂപ് ബേബി അറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.

അഖില കേരള ഇൻ്റർ കോളെജിയേറ്റ് ചെസ്സ് ടൂർണമെൻ്റ് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജ് മാത്തമാറ്റിക്സ് (അൺ എയ്ഡഡ്) വിഭാഗം ജനുവരി 7ന് സംഘടിപ്പിക്കുന്ന മാത്ത് ഫെസ്റ്റ് എപ്സിലൺ 3.0യുടെ ഭാഗമായി തൃശൂർ ചെസ്സ് അസോസിയേഷനും ക്രൈസ്റ്റ് കോളെജ് ചെസ്സ് ക്ലബ്ബുമായി സഹകരിച്ച് അഖില കേരള ഇൻ്റർ കോളെജിയേറ്റ് ചെസ്സ് ടൂർണമെൻ്റ് നടത്തും.

വിജയികൾക്ക് വ്യക്തിഗത തലത്തിലും കോളെജ് തലത്തിലും ക്യാഷ് പ്രൈസും ട്രോഫിയും നൽകും.

ഫെസ്റ്റിൻ്റെ ഭാഗമായി സ്കൂൾ- കോളെജ് തലങ്ങളിലായി പൈ സുഡോകു, ക്വിസ്, റൂബിക്സ് ക്യൂബ്, പി പി ടി പ്രസൻ്റേഷൻ, ക്രിപ്റ്റോസ് എന്നീ മത്സരങ്ങളും നടത്തും.

കൂടുതൽ വിവരങ്ങൾക്ക് 9446033507, 9074333208, 7907837871 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.