മഹാത്മാഗാന്ധി അനുസ്മരണം ആചരിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 101-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

ബൂത്ത് പ്രസിഡൻ്റ് ഡേവിസ് ഷാജുവിൻ്റെ അധ്യക്ഷതയിൽ മാർക്കറ്റ് പരിസരത്ത് നടന്ന അനുസ്മരണ സമ്മേളനം ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.

ലോകജനതയ്ക്ക് എല്ലാ കാലത്തും മാതൃകയും പ്രചോദനവുമായ മഹാത്മാഗാന്ധിയുടെ ഹത്യ നമുക്ക് ഒരു കാലത്തും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ജോസഫ് ചാക്കോ പറഞ്ഞു.

തുടർന്ന് മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

18-ാം വാർഡ് കൗൺസിലർ മിനി ജോസ് ചാക്കോള, മണ്ഡലം ട്രഷറർ ജോസ് മാമ്പിള്ളി, അഡ്വ ഹോബി ജോളി, സണ്ണി മുരിങ്ങത്തുപറമ്പിൽ എന്നിവർ അനുസ്മരണ സന്ദേശം നൽകി.

വിൻസെൻ്റ് ചക്കാലയ്ക്കൽ, ഇഗ്നേഷ്യസ് നെടുമ്പാക്കാരൻ, ജോണി അമ്പൂക്കൻ, സാബു കൂനൻ എന്നിവർ നേതൃത്വം നൽകി.

ഡി സോൺ കലോത്സവത്തിനിടയിൽ നടന്ന ആക്രമണം : പ്രതികൾ റിമാൻഡിൽ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവം നടക്കുന്ന മാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാള ഹോളി ഗ്രേസ് കോളെജിന്റെ ഒന്നാം നമ്പർ വേദിയുടെ മുന്നിൽ പരിപാടിയുടെ നടത്തിപ്പിലെ അപാകതകളെപ്പറ്റി ചോദിച്ചവരെ മുളവടി, ഇരുമ്പ് പൈപ്പ് എന്നിവ കൊണ്ട് ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസ്സിലെ പ്രതികൾ റിമാൻഡിൽ.

കോട്ടപ്പടി കുഴിക്കാട്ടിൽ വീട്ടിൽ മുരളീധരൻ മകൻ ഗോകുൽ, പനമുക്ക് തയ്യിൽ വീട്ടിൽ പ്രദീപ് മകൻ സച്ചിൻ, പരപ്പനങ്ങാടി പാറക്കണ്ണിത്തറയിൽ ദാസൻ മകൻ സുദേവ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിന്റെ നിർദേശാനുസരണം മാള പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ സജിൻ ശശി അറസ്റ്റ് ചെയ്തത്.

പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

നിര്യാതയായി

ലക്ഷ്മിക്കുട്ടി അമ്മ

കോണത്തുകുന്ന് : മനക്കലപ്പടി നാഞ്ചേരി വീട്ടിൽ മാണിക്യൻകുട്ടി നായർ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (77) നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച്ച (ജനുവരി 30) ഉച്ചയ്ക്ക് 12.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.

മക്കൾ : ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, ആശ, സിന്ധു

മരുമക്കൾ : ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ, ശെൽവി, ലതാദേവി

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കമ്പിവടി കൊണ്ട് തലക്കടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ ഗൃഹനാഥൻ്റെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കമ്പിവടി കൊണ്ട് തലക്കടിച്ച് ആക്രമിച്ച കേസിലെ 2 പ്രതികൾ അറസ്റ്റിലായി.

മതിലകം സ്വദേശി കൊതുവിൽ വീട്ടിൽ താജുദ്ദീൻ (39), മണ്ണുത്തി സ്വദേശി പണിക്കവീട്ടിൽ നൗഫീൽ (24) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ബി കുഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്.

കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന തളിക്കുളം സ്വദേശി കല്ലിപറമ്പിൽ വീട്ടിൽ സാദിഖിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

പുലർച്ചെ കോളിംഗ് ബെൽ ശബ്ദം കേട്ട് വാതിൽ തുറന്ന സാദിഖിൻ്റെ മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞ സംഘം കമ്പിവടി കൊണ്ട് തലയ്ക്കും കൈകാലിലും അടിച്ചു വീഴ്ത്തുകയായിരുന്നു.

സാദിഖ് ബഹളം വച്ചതോടെ സംഘം ബൈക്കിൽ രക്ഷപ്പെട്ടു.

വ്യക്തി വൈരാഗ്യം തീർക്കാൻ താജുദ്ദീൻ തയ്യാറാക്കിയ പദ്ധതിയായിരുന്നു മുളകുപൊടി ആക്രമണം. ദിവസങ്ങൾക്ക് മുൻപേ പ്രതികൾ ഇവിടെ എത്തി സാദിഖിൻ്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

ഒന്നാം പ്രതി നൗഫീലിനെ കാളത്തോട് നിന്നും എറണാകുളം കൂനമ്മാവിൽ രഹസ്യമായി താമസിച്ചിരുന്ന താജുദ്ദീനെ വൈറ്റില ഹബ്ബിൽ വച്ച് കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.

തിരുവനന്തപുരത്തേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് മഫ്തിയിൽ പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.

മണ്ണുത്തി സ്റ്റേഷനിലും ഒല്ലൂരിലും രജിസ്റ്റർ ചെയ്ത കൊലപാതക ശ്രമക്കേസ്സുകളിൽ ഉൾപ്പെടെ എട്ടോളം ക്രിമനൽ കേസ്സുകളിൽ പ്രതിയാണ് നൗഫീൽ.

താജുദ്ദീൻ 2006ൽ മതിലകം സ്റ്റേഷൻ പരിധിയിൽ ഉണ്ടായ അടിപിടി കേസ്സിലെ പ്രതിയാണ്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐമാരായ സി എം ക്ലീറ്റസ്, പി ജയകൃഷ്ണൻ, എ എസ് ഐ സൂരജ് വി ദേവ്, സീനിയർ സി പി ഒമാരായ ഇ എസ് ജീവൻ, എം ആർ രഞ്ജിത്ത്, എ കെ രാഹുൽ, സി പി ഒ മാരായ കെ എസ് ഉമേഷ്, കെ ജെ ഷിൻ്റോ, വിപിൻ ഗോപി, സൈബർ സെൽ വിദഗ്ദ്ധൻ പി വി രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് ഭഗവാൻ ശരത് അറസ്റ്റിൽ

കൊടുങ്ങല്ലൂർ : കുപ്രസിദ്ധ ബൈക്ക് മോഷ്ടാവ് പറവൂർ ചെറുപറമ്പിൽ വീട്ടിൽ ശശി മകൻ ഭഗവാൻ ശരത്ത് എന്നറിയപ്പെടുന്ന ശരത്തിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ താലപ്പൊലി കാണുവാന്‍ വന്ന മേത്തല സ്വദേശി അഭയ് എന്നയാളുടെ ബൈക്ക് മോഷണം പോയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഭഗവാൻ ശരത്ത് പിടിയിലായത്.

തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം ബൈക്ക് മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചും, സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഭഗവാൻ ശരത് പിടിയിലായത്.

2020ൽ ഒരു ബൈക്ക് മോഷണ കേസിലും, 2022ൽ പുതുക്കാട് സ്റ്റേഷനിൽ 2 ബൈക്ക് മോഷണ കേസിലും, 2023ൽ കൊടുങ്ങല്ലൂർ സ്റ്റേഷനിൽ വീടും ഫ്രൂട്ട്സ് കടയും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ 2 കേസിലും, 2024ൽ ഇരിങ്ങാലക്കുട സ്റ്റേഷനിൽ മീൻകട കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലും പ്രതിയാണ് ഇയാൾ.

കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി കെ അരുൺ, എസ് ഐ സജിൽ, എസ് ഐമാരായ വൈഷ്ണവ് രാമചന്ദ്രന്‍, ജഗദീഷ്, ഉദ്യോഗസ്ഥരായ ഷമീർ, അനസ്, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും : പദ്ധതി നടപ്പിലാക്കി ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട : ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി “പട്ടികജാതി വിദ്യാർഥികൾക്ക് മേശയും കസേരയും” വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ.

നഗരസഭയുടെ പട്ടികജാതി വികസന ഫണ്ടിൽ നിന്നും 9 ലക്ഷം രൂപയോളം വിനിയോഗിച്ചുകൊണ്ട് 196 വിദ്യാർഥികൾക്കാണ് മേശയും കസേരയും വിതരണം ചെയ്തത്.

വിതരണോദ്ഘാടനം ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.

വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ എസ് സുഷ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൗൺസിലർമാരായ സതി സുബ്രഹ്മണ്യൻ, രാജി കൃഷ്ണകുമാർ, സി എം സാനി എന്നിവർ സന്നിഹിതരായിരുന്നു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ സ്വാഗതവും പട്ടികജാതി വികസന ഓഫീസർ പി യു ചൈത്ര നന്ദിയും പറഞ്ഞു.

റേഷൻ കടകളിലെ ഭക്ഷ്യധാന്യക്ഷാമം ഉടൻ പരിഹരിക്കണം : ധർണ്ണ നടത്തി കോൺഗ്രസ്

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഇല്ലാതെ പൊതുജനങ്ങൾ വന്ന് മടങ്ങിപ്പോകുന്ന അവസ്ഥ ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പിലുള്ള ജോജോയുടെ റേഷൻ കടയ്ക്ക് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ സി എസ് അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.

മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി വി ചാർളി മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക്‌ ഭാരവാഹികളായ ജോസഫ് ചാക്കോ, വി സി വർഗീസ്, അസറുദ്ദീൻ കളക്കാട്ട്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, മണ്ഡലം പ്രസിഡന്റ് ജോമോൻ, മണ്ഡലം ഭാരവാഹികളായ സിജു യോഹന്നാൻ, ജോസ് മാമ്പള്ളി, തോമസ് കോട്ടോളി, കുര്യൻ ജോസഫ്, സത്യൻ തേനാഴികുളം, കൗൺസിലർമാരായ ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ഒ എസ് അവിനാഷ്, സന്തോഷ് ആലുക്കൽ, കെ കെ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ജയിലിലേക്ക് ലഹരിപ്പൊതിയേറ് : വിഷ്ണു അകത്തായി

തൃശൂർ : കഴിഞ്ഞദിവസം വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിന് ലഹരിപ്പൊതി എറിഞ്ഞു നൽകാൻ ജയിൽ പരിസരത്തെത്തിയ വിഷ്ണു ചെന്നു പെട്ടത് തോക്കുധാരിയുടെ മുന്നിൽ. അകത്തേക്ക് കടക്കാതെ പൊതി അകത്തെത്തിക്കാൻ നോക്കിയ വിഷ്ണുവും അങ്ങനെ അപ്രതീക്ഷിതമായി അകത്തായി.

ലഹരിപ്പൊതിയുമായി തക്കംപാർത്ത് ജയിലിന് പുറത്ത് പതുങ്ങി ഇരിക്കുകയായിരുന്ന വിഷ്ണു പുറം സെക്യൂരിറ്റി ഐ ആർ ബി പൊലീസിന്റെ മുന്നിൽ ചെന്ന് പെടുകയായിരുന്നു.

ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ വന്നതാണെന്നും പെട്ടെന്ന് മലമൂത്രവിസർജ്ജനത്തിനായി കാട്ടിൽ പതുങ്ങിയതാണെന്നൊക്കെ പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ ദേഹപരിശോധന നടത്തിയതോടെ കള്ളി വെളിച്ചത്തായി.

വിയ്യൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി ജില്ലാ ജയിലിലേക്ക് റിമാൻഡും ചെയ്തു.

തിരുവന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ വിഷ്ണു (32) പലതവണ ജയിലിൽ കിടന്നിട്ടുള്ളയാളാണ്.

ഇനി വിഷ്ണുവിന് ലഹരി എത്തിക്കാൻ എത്തുന്ന അടുത്ത ചങ്ങാതിക്കായുള്ള കാത്തിരിപ്പിലാണ് ജയിൽ ഉദ്യോഗസ്ഥർ.

പടിയൂര്‍ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷം : നാട്ടുകാര്‍ ആശങ്കയില്‍

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ ജനവാസ മേഖലയില്‍ കാട്ടുപന്നിശല്യം രൂക്ഷമായി. കൂട്ടമായി എത്തുന്ന പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.

ചെട്ടിയാല്‍ മരോട്ടിക്കല്‍ ഭാഗത്ത് തെക്കേത്തലയ്ക്കല്‍ നീലാംബരന്‍, തെക്കേത്തലയ്ക്കല്‍ ബിന്ദു, എടച്ചാലി വേലായുധന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങിന്‍ തൈകളും കപ്പയും പന്നിക്കൂട്ടം നശിപ്പിച്ചു.

എട്ടോളം പന്നികളെ കഴിഞ്ഞ 3 ദിവസമായി മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറഞ്ഞു.

പടിയൂര്‍ നിലംപതി ഭാഗത്താണ് ആദ്യം ഇവയെ കണ്ടത്. പിന്നീട് എച്ച് ഡി പി സ്‌കൂള്‍ പരിസരത്ത് കണ്ടിരുന്നു. കാടുകയറി കിടക്കുന്ന പറമ്പുകളില്‍ തമ്പടിക്കുന്ന ഇവ രാത്രിയാണ് കൂട്ടത്തോടെ ഇറങ്ങി കൃഷി നശിപ്പിക്കുന്നത്.

രാത്രി ജനവാസമേഖലയില്‍ ഇറങ്ങുന്ന ഇവ ആളുകളെ ആക്രമിക്കുമോയെന്ന ആശങ്കയിലാണ് പരിസരവാസികൾ.

കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ കൃഷി ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശനം നടത്തി.

പന്നികളെ തുരത്താന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.