ഇരിങ്ങാലക്കുട : പൊലീസ് സ്റ്റേഷനുകളിൽ നിന്ന് പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങൾ റെക്കോർഡ് വേഗത്തിൽ ലഭ്യമാക്കി തൃശൂർ റൂറൽ പൊലീസ് സംസ്ഥാനത്ത് ഒന്നാമതെത്തി.
ഇൻ്റഗ്രേറ്റഡ് സ്കോർ പൊലീസിംഗ് സിസ്റ്റം പോർട്ടൽ വഴി ലഭിക്കുന്ന അപേക്ഷകളിൽ ശരാശരി രണ്ട് ദിവസത്തിനുള്ളിൽ വേരിഫിക്കേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ നൽകിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്.
എൻ.ഐ.ഒ.സി. (കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ്), ആക്സിഡൻ്റ് ജി.ഡി. (ആർക്കും പരിക്ക് പറ്റാത്ത വാഹനാപകടങ്ങളിൽ വാഹനാപകടങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനും മറ്റും ഇൻഷുറൻസ് ലഭിക്കുന്നതിനായുള്ള ജി.ഡി. എൻട്രി സർട്ടിഫിക്കറ്റ്), മൈക്ക് സാങ്ഷൻ (പൊതുയോഗങ്ങൾക്കും മറ്റും പൊതുസ്ഥലത്ത് മൈക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടുള്ള സർട്ടിഫിക്കറ്റ്), ലോസ്റ്റ് പ്രോപ്പർട്ടി (രേഖകളും പ്രമാണങ്ങളും നഷ്ടപ്പെട്ടതിനെ സംബന്ധിച്ച സർട്ടിഫിക്കറ്റ്), ഇവൻ്റ് പെർഫോമൻസ്, പ്രൊട്ടസ്റ്റ് ആൻഡ് സ്ട്രൈക്ക് (പൊതുസ്ഥലത്ത് ആഘോഷ പരിപാടികളും, പ്രകടനങ്ങളും മറ്റും സമാധാനപരമായി സംഘടിപ്പിക്കുന്നതിന് അനുമതി നൽകുന്ന സർട്ടിഫിക്കറ്റ്) തുടങ്ങിയ പൊലീസ് സേവനങ്ങൾ ഏറ്റവും ലളിതമായും സുതാര്യമായും വേഗത്തിലും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തൃശൂർ റൂറൽ പൊലീസിന്റെ ലക്ഷ്യമെന്ന് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.
സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ സ്റ്റേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതിയാണ് ജില്ലയിൽ നടപ്പിലാക്കിയത്.
ഇതിന്റെ ഭാഗമായി അപേക്ഷകൾ കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഉദ്യോഗസ്ഥർക്ക് നൽകിയ കൃത്യമായ നിർദ്ദേശങ്ങളും പ്രവർത്തന ഏകോപനവുമാണ് ഈ വിജയത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.














