പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും

​ഇരിങ്ങാലക്കുട : കാത്തലിക് പ്രവാസി ചാരിറ്റബിൾ കമ്മ്യൂണിറ്റി ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ജെയ്സൺ ചിരിയൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ രക്ഷാധികാരി കെ.വി. ആന്റണി, വിൻസൻ തൊഴുത്തുംപറമ്പിൽ, സെക്രട്ടറി ജോണി വരിക്കാശ്ശേരി, പ്രോഗ്രാം കൺവീനർ ഫാന്റം പല്ലിശ്ശേരി, വൈസ് പ്രസിഡന്റ് ജെയ്സൺ പൊന്തോക്കൻ, ട്രഷറർ ബെന്നി പന്തല്ലിപ്പാടൻ, ജോഫി കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

നിർധനരായ 40ലധികം വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു.

കടുത്ത ആരോഗ്യപ്രശ്നങ്ങളോടും പ്രതിസന്ധികളോടും പൊരുതി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന 3 പ്രവാസി കുടുംബങ്ങൾക്ക് ആവശ്യമായ ചികിത്സാ- സാമ്പത്തിക സഹായം ചടങ്ങിൽ കൈമാറി.

വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന് കീഴിൽ വരുന്ന എല്ലാ സ്കൂളുകൾക്കും ഘടകസ്ഥാപനങ്ങൾക്കും വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു വിതരണോദ്ഘാടനം നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ ദിലീപ്, ബ്ലോക്ക് ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, മെമ്പർമാരായ ലതിക ഉല്ലാസ്, പ്രിയ അനിൽ, സംഗീത സുരേഷ്, വിവിധ സ്കൂളുകളിലെ അധ്യാപകർ, ഘടക സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ആദരണവും

ഇരിങ്ങാലക്കുട : ലെജന്റ്‌സ് ഓഫ് ഇരിങ്ങാലക്കുടയുടെ വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ആദരണവും സംഘടിപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഷാജു പാറേക്കാടന്‍ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി ലൈജു വര്‍ഗ്ഗീസ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ ബിബിന്‍ രവി വാര്‍ഷിക കണക്കും അവതരിപ്പിച്ചു.

പ്രസിഡൻ്റ് ലിയോ താണിശ്ശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു.

വനിതാവിംഗ് കണ്‍വീനര്‍ വിനിത സെന്റില്‍, ജനറല്‍ കണ്‍വീനര്‍ ഷിബിന്‍ മുല്ലശ്ശേരി, ഷാജന്‍ ചക്കാലക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി ലിയോ താണിശ്ശേരിക്കാരന്‍ (പ്രസിഡൻ്റ്), ലൈജു വര്‍ഗ്ഗീസ് (സെക്രട്ടറി), ബിബിന്‍ രവി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മുരിയാട് പഞ്ചായത്തിൽ വാർഡ്തല മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ്‌തല ശുചീകരണ പ്രവർത്തങ്ങൾ നടത്തി.

പാറേക്കാട്ടുകരയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.

എഡിഎസ് പ്രസിഡന്റ് ലത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

മുരിയാട് സഹകരണ സംഘം പ്രസിഡന്റ് അഡ്വ. മനോഹരൻ സ്വാഗതം പറഞ്ഞു.

പള്ളി വികാരി ഫാ. ജോർജി, ആശാവർക്കർ റെജി, അങ്കണവാടി ടീച്ചർ അജിത, ഷിജി, സി.ഡി.എസ്. മെമ്പർ ശ്രുതി എന്നിവർ ആശംസകൾ നേർന്നു.

തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ കക്ഷികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, അങ്കണവാടി അധ്യാപകർ, ശ്രീകൃഷ്ണ ഹൈസ്കൂളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരായ കുട്ടികൾ എന്നിവർ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായി.

മുരിയാട് പഞ്ചായത്ത് തലത്തിലെ മഴക്കാല ശുചീകരണ പ്രവത്തനങ്ങളുടെ സന്ദേശറാലി തിങ്കളാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസ് പരിസരത്ത്‌ നിന്ന് ആരംഭിക്കും.

എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ആര്യ സുരേഷ്

ഇരിങ്ങാലക്കുട : എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. (സോഷ്യൽ സയൻസ്) പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ആര്യ സുരേഷ്.

കോട്ടയം നെടുംകുന്നം എസ്.ജെ.ബി. കോളെജ് ഓഫ് എജുക്കേഷനിൽ നിന്നാണ് ആര്യ പഠനം പൂർത്തിയാക്കിയത്.

കോലഴി പട്ടത്തു വീട്ടിൽ സുരേഷിന്റെയും സതീദേവിയുടെയും മകളായ ആര്യ, പുല്ലൂർ മുക്കുളത്തുപറമ്പിൽ ഗോപകുമാറിന്റെ ഭാര്യയാണ്.

തൃശൂർ സെൻ്റ് മേരീസ് കോളെജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.

മകൻ : ഋഷികേശ്

കാറളത്ത് രാജീവ്ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : കാറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിദിനം ആചരിച്ചു.

വെള്ളാനി സെൻ്ററിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് വി.ഡി. സൈമൺ, പഞ്ചായത്ത് മെമ്പർ കെ.ബി. ഷമീർ, ബൂത്ത് പ്രസിഡൻ്റ് ശങ്കരൻ പെരുമ്പിള്ളി, ഭാരവാഹികളായ വേണു കുട്ടശാംവീട്ടിൽ, അനിരുദ്ധൻ കൊല്ലയിൽ, സജീവൻ പോട്ടയിൽ, വി.വി. ബാലകൃഷ്ണൻ, സി.പി. ആൻ്റണി, വിൻസെൻ്റ് ചിറയത്ത് എന്നിവർ പ്രസംഗിച്ചു.

മുരിയാട് രാജീവ്ഗാന്ധി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വത്തിൻ്റെ 35 -ാംവാർഷികം മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് മണ്ഡലം പ്രസിഡൻ്റ് സാജു പാറേക്കാടൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ഭാരവാഹികളായ ശ്രീജിത്ത് പട്ടത്ത്, വിബിൻ വെള്ളയത്ത്, ലിജോ മഞ്ഞളി, പഞ്ചായത്ത് അംഗങ്ങളായ ജസ്റ്റിൻ ജോർജ്ജ്, ഷാരി വീനസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു വർക്കി, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് തുഷം സൈമൺ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ റിജോൺ ജോൺസൺ, അനീഷ് കൊളത്താപ്പിള്ളി, രാധാകൃഷ്ണൻ ഞാറ്റുവെട്ടി, ടി.ആർ. ദിനേശ്, യമുന ഷിജു, അഞ്ജു സുധീർ, ഗ്രേയ്‌സി പോൾ, സിഡു പ്രകാശൻ, ജിഷ മനോജൻ, ബാലചന്ദ്രൻ വടക്കൂട്ട്, നാണു മുളയത്ത്, കെ.ടി. കാർത്തികേയൻ എന്നിവർ നേതൃത്വം നൽകി.

കാൻസർ ബോധവൽക്കരണ ക്ലാസ് 24ന്

ഇരിങ്ങാലക്കുട : കൂത്തുപറമ്പ് റസിഡൻ്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 24ന് ഉച്ചതിരിഞ്ഞ് 3.30ന് അൽവേർണിയ കോൺവെന്റിന് മുൻപിലുള്ള വി.ആർ. സുകുമാരന്റെ വസതിയിൽ വെച്ച് കാൻസർ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.

അസോസിയേഷൻ പ്രസിഡൻ്റ് സതീഷ് പുളിയത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. വി.പി. ഗംഗാധരൻ ക്ലാസ്സ് നയിക്കും.

എടതിരിഞ്ഞിയിൽ രാജീവ്ഗാന്ധി അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 35-ാം ചരമ വാർഷിക അനുസ്മരണവും പുഷ്പാർച്ചനയും പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടതിരിഞ്ഞി പോസ്റ്റോഫീസ് സെൻ്ററിൽ നടത്തി.

പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

അനുസ്മരണയോഗം കെ.പി.സി.സി. മുൻ മെമ്പർ ഐ.കെ. ശിവജ്ഞാനം ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ. ഷൗക്കത്തലി അനുസ്മരണ പ്രസംഗം നടത്തി.

മണ്ഡലം സെക്രട്ടറി കെ.ആർ. ഔസേപ്പ്, മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.എൻ. ഹരിദാസ്, മണ്ഡലം സെക്രട്ടറി മജീദ് നെടുംപുരക്കൽ, വാർഡ് മെമ്പർ ഹാജിറ റഷീദ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.യു. വേണുഗോപാൽ, ജിജു പൈലൻ തുടങ്ങിയവർ പ്രസംഗിച്ചു.

മണ്ഡലം ഭാരവാഹികളായ സുനന്ദ ഉണ്ണികൃഷ്ണൻ, സതി പ്രസാദ്, ഷാജഹാൻ, സുഹാസ്, റാഫേൽ അറക്കൽ, എ.എം. അശോകൻ, അജിത് അണക്കത്തിപറമ്പിൽ, ടി.എസ്. സുരേന്ദ്രൻ, ബാഹുലേയൻ, കുമാരൻ, റാഫേൽ തേമാലിത്തറ, എം.സി. നീലാംബരൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.

സെന്റ് മേരീസ് ഹൈസ്കൂളിൽ അനുമോദന യോഗം

ഇരിങ്ങാലക്കുട : എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുമേനി വിജയം നേടിയ സെന്റ് മേരീസ് ഹൈസ്കൂളിൽ അനുമോദന കൂട്ടായ്മ സംഘടിപ്പിച്ചു.

100% വിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സബ് ജില്ലയിലെ സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് സെൻ്റ് മേരീസിലാണ്.

പരീക്ഷയെഴുതിയ 242 വിദ്യാർഥികളിൽ 22 പേർ ഫുൾ എപ്ലസും,10 പേർ 9 എപ്ലസും, 13 പേർ 8 എപ്ലസും കരസ്ഥമാക്കി.

തിളക്കമാർന്ന ഈ വിജയം കരസ്ഥമാക്കാൻ അഹോരാത്രം പരിശ്രമിച്ച സ്കൂൾ ഹെഡ്മിസ്ട്രസ് റീജ ജോസിനെ സ്കൂൾ മാനേജർ റവ. ഫാ. പ്രൊഫ. ലാസർ കുറ്റിക്കാടൻ പൊന്നാടയണിയിച്ച് ആദരിച്ചു.

ഓരോ വിദ്യാർഥിയെയും മികച്ച വിജയത്തിൽ എത്തിക്കാൻ അധ്യാപകർ കാണിച്ച ആത്മാർത്ഥതയെയും പരിശ്രമത്തെയും മാനേജർ അഭിനന്ദിച്ചു.

സെന്റ് മേരീസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക്, പി.ടി.എ. പ്രസിഡന്റ് അജോ ജോൺ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റോൺ കൈനാടത്തുപറമ്പിൽ, മുൻ പി.ടി.എ. പ്രസിഡന്റ് പി.പി. റപ്പായി, സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റി തോമസ് തൊകലത്ത്, പള്ളി കമ്മറ്റിയംഗം ടെൽസൺ കോട്ടോളി, ഷാജു ചിറയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഹെഡ്മിസ്ട്രസ് റീജ സ്വാഗതവും സ്റ്റാഫ്‌ പ്രതിനിധി മെൽവിൻ ഡേവിസ് നന്ദിയും പറഞ്ഞു.