റവ. ഫാ. ജോളി വടക്കൻ ഗൾഫുനാടുകളിലെ സീറോ മലബാർ അപ്പസ്തോലിക് വിസിറ്റർ

ഇരിങ്ങാലക്കുട : ഗൾഫുനാടുകളിലെ സീറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ഇരിങ്ങാലക്കുട രൂപതാംഗമായ റവ. ഫാ. ജോളി വടക്കനെ ലെയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു.

ഇതു സംബന്ധിച്ചു വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി വഴി ലഭിച്ചു.

ഗൾഫുനാടുകളിൽ സിറോമലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അജപാലന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാനും കർമ്മപദ്ധതി തയ്യാറാക്കാനുമാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചിരിക്കുന്നത്.

അറേബ്യൻ ഉപദീപിലെ രണ്ട് അപ്പസ്തോലിക് വികാരിയാത്തുകളുടെ അധ്യക്ഷന്മാരുമായുള്ള ഐക്യത്തിലും സഹകരണത്തിലുമായിരിക്കും അപ്പസ്തോലിക് വിസിറ്റർ പ്രവർത്തിക്കുന്നത്. തന്റെ ദൗത്യനിർവ്വഹണത്തിൻ്റെ എല്ലാ വിശദാംശങ്ങളും പരി. സിംഹാസനത്തെ അറിയിക്കണമെന്നും വിസിറ്ററോട് നിർദേശിച്ചിട്ടുണ്ട്.

സീറോമലബാർ സഭ മുഴുവനും പ്രത്യേകിച്ചു ഗൾഫുനാടുകളിലെ സീറോമലബാർ വിശ്വാസിസമൂഹവും ഏറെനാളുകളായി കാത്തിരുന്ന ഒരു നിയമനമാണ് ഇപ്പോൾ വത്തിക്കാൻ നടത്തിയിരിക്കുന്നത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ മാർ റാഫേൽ തട്ടിലും പെർമനൻ്റ് സിനഡംഗങ്ങളും 2024 മെയ് 13ന് ഫ്രാൻസിസ് മാർപാപ്പയെ ഔപചാരികമായി സന്ദർശിച്ച അവസരത്തിൽ സമർപ്പിച്ച അപേക്ഷ പരിഗണിച്ച് അദ്ദേഹം നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് ഗൾഫുനാടുകളിൽ സീറോമലബാർ സഭയ്ക്ക് അജപാലനാവകാശം ലഭിച്ചത്.

അതിനെത്തുടർന്ന് 2024 ഒക്ടോബർ 29ന് മേജർ ആർച്ച് ബിഷപ്പു മാർ റാഫേൽ തട്ടിലിൻ്റെയും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജോസഫ് പാംപ്ലാനിയുടെയും സാനിധ്യത്തിൽ കർദിനാൾ പിയത്രോ പരോളിൻ പിതാവിൻ്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാര യോഗത്തിലാണ് ഗൾഫുനാടുകളിൽ രൂപപ്പെടുത്താനിരിക്കുന്ന അജപാലന സംവിധാനങ്ങളുടെ ആദ്യപടിയായി അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്.

അതിൻ പ്രകാരം വത്തിക്കാന്റെ നിർദ്ദേശമനുസരിച്ച് ഈ വർഷം ജനുവരിയിൽ നടന്ന മുപ്പത്തിമൂന്നാമതു മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം അപ്പസ്തോലിക് വിസിറ്റർ സ്ഥാനത്തേക്കു നിയമിക്കപ്പെടാവുന്ന ഏതാനും പേരുകൾ തീരുമാനിച്ചു വത്തിക്കാനിൽ അറിയിക്കുകയും ചെയ്തിരുന്നു. ഈ നടപടികളുടെ പൂർത്തീകരണത്തിലാണ് ഇപ്പോൾ അപ്പസ്തോലിക് വിസിറ്ററായി റവ. ഫാ. ജോളി വടക്കൻ നിയമിതനായിരിക്കുന്നത്.

1965ൽ മാളയിൽ ജനിച്ച ഫാ. ജോളി വടക്കൻ പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദിക പരിശീലനത്തിനായി തൃശൂർ രൂപതാ മൈനർ സെമിനാരിയിൽ ചേർന്നു. തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പൂർത്തിയാക്കിയതിനു ശേഷം 1989ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാമെത്രാൻ മാർ ജെയിംസ് പഴയാറ്റിലിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു.

ഇരിങ്ങാലക്കുട രൂപതയിലെ ഏതാനും ഇടവകകളിൽ ശുശ്രൂഷ ചെയ്ത‌ശേഷം ഫാ. ജോളി വടക്കൻ റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.

രൂപത മീഡിയ ഡയറക്ടർ, മതബോധന ഡയറക്ടർ, ബൈബിൾ അപ്പോസ്‌തലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്ടർ തുടങ്ങിയ ഉത്തരവാദിത്തങ്ങൾക്കുപുറമേ വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം ശുശ്രൂഷ ചെയ്‌തിട്ടുണ്ട്.

2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുന്നതിനിടെയാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

“മൃച്ഛകടികം” കലാക്ഷേത്രയിലെ കൂത്തമ്പലത്തിൽ

ഇരിങ്ങാലക്കുട : ദക്ഷിണേന്ത്യയിലെ വിഖ്യാത കലാകേന്ദ്രങ്ങളിലൊന്നായ അഡയാറിലെ കലാക്ഷേത്രയിൽ ഭരതനാട്യത്തിന്റെ സംരക്ഷകയായ രുക്മണി ദേവി അരുണ്ഡയിലും കൂടിയാട്ടം കലയുടെ ആധികാരിക വക്താവായ ഡി. അപ്പുക്കുട്ടൻ നായരും ചേർന്ന് രൂപ കൽപ്പന ചെയ്ത അതിവിശിഷ്ടമായ ഭരതകലാക്ഷേത്രം എന്ന കൂത്തമ്പലത്തിൽ ഇരിങ്ങാലക്കുട നടനകൈരളിയിൽ ഗുരു വേണുജി സംവിധാനം ചെയ്ത ‘മുച്ഛകടികം’ കൂടിയാട്ടം നിറഞ്ഞ സദസ്സിൽ അവതരിപ്പിച്ചു.

കേരളത്തിലെ വ്യത്യസ്ത സ്ഥാപനങ്ങിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയൊന്നു കലാകാരന്മാർ ചേർന്നാണ് ശുദ്രകന്റെ മൃച്ഛകടികം അരങ്ങിലെത്തിച്ചത്.

പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു വസന്ത സേനയായും സൂരജ് നമ്പ്യാർ ചാരുദാത്തനായും മാർഗി സജി നാരായണ ചാക്യാർ മാഥുരനെയും പൊതിയിൽ രഞ്ജിത്ത് ചാക്യാർ കർണപൂരകനായും നെപത്യ ശ്രീഹരി ചാക്യാർ ശർവ്വിലകനായും ശങ്കർ വെങ്കിടേശ്വരൻ സംവാഹകനായും ഗുരുകല തരുൺ, സരിത കൃഷ്ണകമാർ, അഞ്ജന എസ്. ചാക്യാർ, അരൻ കപില എന്നിവർ മറ്റു കഥാപത്രങ്ങളായും വേഷമിട്ടു.

കലാമണ്ഡലം രാജീവ്, ഹരിഹരൻ വിനീഷ്, നാരായണൻ നമ്പ്യാർ എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ ഇടക്കയിലും വൈശാഖ് (കുറുകഴൽ), ഗുരുകുലം അതുല്യ (താളം) എന്നിവർ പശ്ചാത്തല മേളം ഒരുക്കി.

കലാനിലയം ഹരിദാസ്, വൈശാഖ് എന്നിവരായിരുന്നു ചമയം.

കൂടിയാട്ടത്തിന് മുന്നോടിയായി പ്രശസ്ത നർത്തകിയും കലാനിരൂപകയുമായ ഡോ. അനിത രത്നം വേണുജിയുമായി സഹൃദ ഫൗണ്ടേഷന്റെ അരങ്ങിൽ നടത്തിയ സംവാദം കേൾക്കുവാൻ നിറഞ്ഞ സദസ്സുണ്ടായി.

നവംബർ 16ന് കലാക്ഷേത്രയുടെ കൂത്തമ്പലത്തിൽ മഹാത്മാ ഗാന്ധിയുടെ പൗത്രൻ ഗോപാലകൃഷ്ണ ഗാന്ധി, ഗായകൻ ടി.എം. കൃഷ്ണ, ഗായിക ബോംബെ ജയശ്രീ തുടങ്ങി നാനൂറോളം പേർ നിറഞ്ഞ സദസ്സിൽ വിശ്വനർത്തകി ഡോ. പത്മ സുബ്രഹ്മണ്യം. ഗുരു വി. പി. ധനഞ്ജയൻ എന്നിവർ വേണുജിക്ക് ബ്രഹാദ്ധിശ്വര ക്ഷേത്രത്തിലെ ഗംഗൈ കോണ്ട ചോളപുരം മാതൃകയിൽ രൂപകൽപ്പന ചെയ്ത സരസ്വതി വിഗ്രഹം നൽകി ആദരിച്ചു.

വിശ്വപ്രസിദ്ധ നാടകമായ ശൂദ്രകൻ്റെ മൃച്ഛകടികം എന്ന പ്രാകരണം അരങ്ങേറുന്നതിലൂടെ കൂടിയാട്ടം ഭാരതീയ നാട്യ വേദിക്കു തന്നെ അത്യപൂർവമായ മാർഗ്ഗദർശനം നൽകിയിരിക്കുന്നുയെന്നു പത്മ സുബ്രഹ്മണ്യം അഭിപ്രായപെട്ടു.

ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ : സംസ്കാരസാഹിതി പുരസ്കാരങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നഗര വികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻ്റ് ജോസഫ്സ് കോളെജ് അധ്യാപിക ശ്രുതി ദീപക്, ഐടി ജീവനക്കാരനായ മന്ത്രിപുരം സ്വദേശി സിജു ബേബി എന്നിവർ അർഹരായി.

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ.ജി. ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് കാങ്കപ്പാടൻ എന്നിവർ അർഹരായി.

ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ ഞായറാഴ്ച വൈകീട്ട് നടന്ന പൊതുസമ്മേളനത്തിൽ നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം അധ്യക്ഷത വഹിച്ചു.

സമ്മേളനം ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ ഉദ്ഘാടനം ചെയ്തു.

മുൻ എംപി സാവിത്രി ലക്ഷമണൻ മുഖ്യപ്രഭാഷണം നടത്തി.

കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി സമ്മാനദാനം നിർവഹിച്ചു.

മുൻസിപ്പൽ കൗൺസിലർ ഫെനി എബിൻ, എ.സി. സുരേഷ് എന്നിവർ ആശംസകൾ നേർന്നു.

സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഋത്വിക റൂബിൻ, എം.എസ്.സി. ഫോറൻസിക് സയൻസിൽ രണ്ടാം റാങ്ക് നേടിയ വിസ്മയ സുനിൽ, ചെണ്ടമേളത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ ശ്രീപാർവതി, തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കലാതിലകമായ വൈഗ സജീവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സംസ്കാരസാഹിതി മണ്ഡലം ചെയർമാൻ അഡ്വ. ജോൺ നിധിൻ തോമസ് സ്വാഗതവും ഭരതൻ പൊന്തേങ്കണ്ടത്ത് നന്ദിയും പറഞ്ഞു.

തുടർന്ന് നൃത്തഗാനസന്ധ്യ സംഘടിപ്പിച്ചു.

നിര്യാതയായി

പങ്കജം

ഇരിങ്ങാലക്കുട : പരേതനായ എം.എസ്. മേനോൻ്റെ മകളും കൊടുങ്ങല്ലൂർ ടി.കെ.എസ്. പുരം പുളിക്കൽ രവീന്ദ്രൻ്റെ ഭാര്യയുമായ എം.എസ്. പങ്കജം (72) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച (നവംബർ 18) ഉച്ചക്ക് 12 മണിക്ക്.

മക്കള്‍ : അനൂപ്, അരുണ്‍, അഞ്ജു

പടിയൂർ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാത്ഥികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലം കമ്മിറ്റി.

ആകെയുള്ള 15 വാർഡുകളിൽ 14 വാർഡുകളിൽ കോൺഗ്രസും ഒരു സീറ്റിൽ ഘടകകക്ഷിയായ കേരള കോൺഗ്രസുമാണ് മത്സരിക്കുന്നത്.

2 ബ്ലോക്ക് ഡിവിഷനുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജനവിധി തേടും.

നസീമ കബീർ (1- ചെട്ടിയാൽ നോർത്ത്), രശ്മി സനൽകുമാർ (2 – എടതിരിഞ്ഞി), ജിജു പൈലൻ (3- പോത്താനി), ടി.എ. സുരേന്ദ്രൻ (4- എടതിരിഞ്ഞി ഈസ്റ്റ്), കെ.സി. സുബ്രഹ്മണ്യൻ (5- ശിവകുമാരേശ്വരം ഈസ്റ്റ്), ഫിലോമിന ജോർജ്ജ് (6- കോടംകുളം), ഷീന വേണുഗോപാൽ (7- പടിയൂർ), ടി.ഡി. ദശോബ് (8- വൈക്കം), മേരി ബീന (9- ചെട്ടിയങ്ങാടി), കെ.ആർ. പ്രഭാകരൻ (10- വളവനങ്ങാടി), ഹാജിറ റഷീദ് (11- മുഞ്ഞനാട്), എം.ബി. ഉണ്ണികൃഷ്ണൻ (12- ശിവകുമാരേശ്വരം), സതി പ്രസാദ് (13 – ചെട്ടിയാൽ സൗത്ത്), കെ.ഒ. ബിജു (14- കാക്കാത്തുരുത്തി), അജിത സദാനന്ദൻ (15- ചെട്ടിയാൽ) എന്നിവരാണ് 15 വാർഡുകളിലായി ജനവിധി തേടുന്നത്.

ബ്ലോക്ക് പഞ്ചായത്ത്
എടതിരിഞ്ഞി ഡിവിഷനിൽ
എ.ഐ. സത്യൻ, പടിയൂർ ഡിവിഷനിൽ ജോയ്സി ആൻ്റണി എന്നിവരും മത്സര രംഗത്തിറങ്ങും.

കോടംകുളത്തുള്ള പാർട്ടി ഓഫീസിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എ.ഐ. സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.കെ. ഷൗക്കത്തലി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് ഓളാട്ടുപുറം, പടിയൂർ ക്ഷീരസംഘം പ്രസിഡൻ്റ് ടി.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, കെ.ആർ. പ്രഭാകരൻ, കെ.ആർ. ഔസേഫ്, ഒ.എൻ. ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം : വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്

ഇരിങ്ങാലക്കുട : തൃശൂർ റവന്യൂ ജില്ലാ 36-ാമത് സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന ഇരിങ്ങാലക്കുടയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പൊലീസ്.

നവംബർ 18 മുതൽ 21 വരെ നടക്കുന്ന കലാമേളയിൽ 8500ഓളം വിദ്യാർഥികളാണ് പങ്കെടുക്കുക.

മുനിസിപ്പൽ ടൗൺഹാൾ ആണ് പ്രധാന വേദി. ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺബോസ്കോ എന്നീ സ്‌കൂളുകളിലും വേദികളുണ്ട്.

ഓരോ ദിവസവും 100 പൊലീസ് ഉദ്യോഗസ്ഥരെ വീതം സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും, ആവശ്യമാണെങ്കിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ റൂറൽ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.

അഡീഷണൽ എസ്പി സിനോജ്, ഡി.വൈ.എസ്.പി.മാരായ ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു (ഇരിങ്ങാലക്കുട), എം.കെ. ഷാജി (ഇരിങ്ങാലക്കുട എസ്എച്ച്ഒ) എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

പാർക്കിങ്ങിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം, റോഡരികിലോ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്, പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സംഘാടകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും സഹകരിക്കണം, വേദികളിലും പരിസരത്തും അനാവശ്യമായി കൂട്ടം കൂടി നിന്ന് തിക്കും തിരക്കും സൃഷ്ടിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

തെക്കേ കാവപ്പുര കൂട്ടായ്മ വാർഷിക പൊതുയോഗം

ഇരിങ്ങാലക്കുട : തെക്കേ കാവപ്പുര കൂട്ടായ്മ 5-ാം വാർഷിക പൊതുയോഗം ഡോ. ജോം ജേക്കബ് നെല്ലിശ്ശേരി ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ പ്രസിഡൻ്റ് ടി.ജി. മധു അധ്യക്ഷത വഹിച്ചു.

എം.പി. വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ ടി.വി. ചാർളി, കാറളം പഞ്ചായത്ത് മെമ്പർ രജനി നന്ദകുമാർ എന്നിവർ ആശംസകൾ നേർന്നു.

ബിജോയ് നെല്ലിപ്പറമ്പിൽ സ്വാഗതവും, സെക്രട്ടറി കെ.പി. തോമസ് നന്ദിയും പറഞ്ഞു.

ഭാരതീയ വിദ്യാഭവനിൽ ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ വിപുലമായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.

എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി വി. രാജൻ മേനോൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽ ഇൻ ചാർജ് ബീന ജയൻ, പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ രേഷ്മ ശ്യാംസുന്ദർ എന്നിവർ ശിശുദിനസന്ദേശം നൽകി.

തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

ചാച്ചാജിയോടുള്ള ആദരസൂചകമായി കുട്ടികൾ അദ്ദേഹത്തിന്റെ വേഷം ധരിച്ച് ഘോഷയാത്രയും നടത്തി.

പ്രൈമറി വിഭാഗം മേധാവികളായ ലക്ഷ്മി ഗിരീഷ്, ശാലി ഗിരീഷ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗാന്ധിദർശൻ വേദി വാർഷികവുംനെഹ്റു അനുസ്മരണവും

ഇരിങ്ങാലക്കുട : കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നിയോജകമണ്ഡലം വാർഷിക സമ്മേളനവും നെഹ്റു അനുസ്മരണവും കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു.

ഗാന്ധിയൻ ദർശനത്തിലൂന്നിയ നെഹ്റുവിൻ്റെ ദീർഘവീക്ഷണമാണ് രാജ്യത്ത് ഇന്ന് കാണുന്ന എല്ലാ പുരോഗതിക്കും അടിത്തറ പാകിയതെന്നും ഇന്ത്യൻ ജനാധിപത്യത്തിന് നെഹ്‌റു നൽകിയ സംഭാവന ഒരിക്കലും വിസ്മരിക്കാൻ കഴിയില്ലെന്നും സോണിയ ഗിരി പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റ് യു. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി അഖിൽ എസ്. നായർ, ജില്ലാ വൈസ് ചെയർമാൻ പി.കെ. ജിനൻ, സെക്രട്ടറി എസ്. സനൽകുമാർ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, സെക്രട്ടറി എ.സി. സുരേഷ്, ഡോ. ടി.കെ. ഉണ്ണികൃഷ്ണൻ, ട്രഷറർ ടി.എസ്. പവിത്രൻ, വൈസ് പ്രസിഡൻ്റ് ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ സോണിയ ഗിരി, ഡോ. ടി.കെ. ഉണ്ണികൃഷ്ണൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

വർഗ്ഗീയതയ്ക്ക് രാഷ്ട്രീയ മാന്യത വന്നതാണ് സമൂഹത്തിൻ്റെ ഇന്നത്തെ അപചയമെന്ന് ഗാന്ധി ദർശൻ വേദി അഭിപ്രായപ്പെട്ടു. പരസ്പരസ്നേഹവും സാഹോദര്യവും രാജ്യത്ത് തിരികെ കൊണ്ടുവരാനുള്ള ഗാന്ധിയൻ സമര മാർഗ്ഗങ്ങൾക്ക് വീണ്ടും സമയമായെന്നും യോഗം വിലയിരുത്തി.

യു. ചന്ദ്രശേഖരൻ (പ്രസിഡൻ്റ്), എ.സി. സുരേഷ് (സെക്രട്ടറി), ടി.എസ്. പവിത്രൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഇരിങ്ങാലക്കുടയുടെ വികസന സ്വപ്നങ്ങൾ : സംസ്കാരസാഹിതി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : നഗരവികസനവുമായി ബന്ധപ്പെട്ട് സംസ്കാരസാഹിതി നടത്തിയ അഭിപ്രായ സമാഹരണത്തിൽ മികച്ച നിർദ്ദേശങ്ങൾ നൽകിയവർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സമഗ്ര വീക്ഷണത്തിനുള്ള പുരസ്കാരങ്ങൾക്ക് സെൻ്റ് ജോസഫ്സ് കോളെജ് അധ്യാപിക ശ്രുതി ദീപക്, ഐ.ടി. ജീവനക്കാരനായ മടത്തിക്കര സ്വദേശി സിജു ബേബി എന്നിവർ അർഹരായി.

വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള മികച്ച നിർദ്ദേശങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് ബിജു പോൾ അക്കരക്കാരൻ, ഷൈനി പനോക്കിൽ, ഫ്രാൻസിസ് പുല്ലോക്കാരൻ, കെ.ജി. ഉണ്ണികൃഷ്ണൻ, ജോമോൻ മണാത്ത്, ലിജോ ജോസ് കാങ്കപ്പാടൻ എന്നിവർ അർഹരായി.

വിജയികൾക്കുള്ള പുരസ്കാര വിതരണം ഇരിങ്ങാലക്കുട അയ്യങ്കാളി സ്ക്വയറിൽ ഞായറാഴ്ച വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ എഐസിസി സെക്രട്ടറി ടി.എൻ. പ്രതാപൻ നിർവഹിക്കും.

കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, സംസ്കാരസാഹിതി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പ്രൊഫ. സാവിത്രി ലക്ഷ്മണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ ബുക്ക് ബൈൻഡിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ഋത്വിക റൂബിൻ, ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി. ഫോറൻസിക് സയൻസിൽ രണ്ടാം റാങ്ക് നേടിയ വിസ്മയ സുനിൽ, ചെണ്ട മേളത്തിൽ സംസ്ഥാന യുവജനോത്സവത്തിൽ എ ഗ്രേഡ് നേടിയ ശ്രീപാർവതി, തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കലാതിലകമായ വൈഗ സജീവ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

തുടർന്ന് നൃത്തഗാനസന്ധ്യ അരങ്ങേറും.