കാൽപ്പന്ത് ആവേശത്തിൽ വേറിട്ടൊരു പുസ്തകം ; ‘കാൽപ്പന്തുകൊണ്ട് കവിതയെഴുതുമ്പോൾ’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട: ലോകകപ്പ് ഫുട്ബോൾ സീസണിന് ആവേശം പകർന്ന് ഫാ. ടെജി കെ. തോമസ് രചിച്ച ‘കാൽപ്പന്തുകൊണ്ട് കവിതയെഴുതുമ്പോൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് മലയാളവിഭാഗത്തിന്റെയും വായന ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ സെൻ്റ് ചാവറ സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ജി.വി. രാജ അവാർഡ് ജേതാവ് ഫാ. ജോയ് പിണിക്കപറമ്പിൽ പുസ്തക പ്രകാശനം നിർവ്വഹിച്ചു.

പ്രിൻസിപ്പൽ റവ. ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു.

മെസ്സി, റൊണാൾഡോ, മറഡോണ, സാദിയോ മാനെ, ഐ.എം. വിജയൻ തുടങ്ങിയ ഫുട്ബോൾ പ്രതിഭകളുടെ അതിജീവനത്തിന്റെ കഥകളും കായികരംഗത്തെ വേറിട്ട കാഴ്ചകളും കോർത്തിണക്കിയതാണ് കൃതി.

കളിക്കളത്തിലെ വിസ്മയങ്ങൾക്കൊപ്പം മനുഷ്യത്വത്തിന്റെ നേർച്ചിത്രങ്ങളും വരച്ചുകാട്ടുന്നുണ്ട് ഈ പുസ്തകം.

പേരത്തൈകൾ നട്ട് വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന് വേറിട്ട തുടക്കം

ഇരിങ്ങാലക്കുട : “അറിവ് ആരോഗ്യം ആയുസ്സ്” എന്ന ആപ്തവാക്യവുമായി വിഷൻ ഇരിങ്ങാലക്കുടയുടെ 10 -ാമത് ഞാറ്റുവേല മഹോത്സവത്തിന് ഇരിങ്ങാലക്കുട മെയിൻ റോഡിലെ ലിറ്റിൽ ഫ്ലവർ കോൺവെന്റിന് സമീപമുള്ള ജ്യോതിസ് കോളെജിൽ തുടക്കമായി.

മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും ഒത്തുചേർന്ന് മൺകുടത്തിൽ പേരത്തൈകൾ നട്ടാണ് ഞാറ്റുവേല മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ചടങ്ങിൽ വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയർമാൻ എം.പി. ജാക്സൺ മുഖ്യാതിഥിയായി.

ഞാറ്റുവേല മഹോത്സവത്തിലെ ആദ്യ വില്പന ഐസിഎൽ ഫിൻകോർപ്പ് സിഎംഡി അഡ്വ. കെ.ജി. അനിൽകുമാർ നിർവഹിച്ചു.

തുടർന്ന് നടന്ന ജനപ്രതിനിധികളെ ആദരിക്കുന്ന ആദരപൂർവ്വം പരിപാടി സിനിമാതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.ജി. ശങ്കരനാരായണൻ, ക്രൈസ്റ്റ് കോളെജ് മാനേജർ ജോയ് പീണിക്കപറമ്പിൽ എന്നിവർ വിശിഷ്ടാതിഥികളായി.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ റോസിലി ഫ്രാൻസിസ്, സരള വിക്രമൻ, ഷീജ ഉണ്ണികൃഷ്ണൻ, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, പി.എസ്. മനു, കെ.കെ. ശിവൻകുട്ടി എന്നിവർ ആശംസകൾ നേർന്നു.

വിഷൻ ഇരിങ്ങാലക്കുട സെക്രട്ടറി കെ.എൻ. സുഭാഷ് സ്വാഗതവും ജനറൽ കൺവീനർ പി.ആർ. സ്റ്റാൻലി നന്ദിയും പറഞ്ഞു.

വേൾഡ് സൂനോസിസ് ദിനാചരണം: മാള മെറ്റ്‌സിൽ “വൺ ഹെൽത്ത് കോൺക്ലേവ്” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വേൾഡ് സൂനോസിസ് ദിനാചരണത്തിന്റെ ഭാഗമായി വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടിയും മാള മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി “വൺ ഹെൽത്ത് കോൺക്ലേവ്” സംഘടിപ്പിച്ചു.

മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യ സംരക്ഷണം പരസ്പരം ബന്ധപ്പെട്ടതാണെന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടി പ്രസിഡന്റ് ഡോ. യു.എസ്. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

പ്രശസ്ത വെറ്ററിനറി വിദഗ്ധനും ഗവേഷകനുമായ പ്രൊഫ. ഡോ. ടി.വി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.

ഉയർന്നുവരുന്ന പകർച്ചവ്യാധികൾ, ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ “വൺ ഹെൽത്ത്” സമീപനത്തിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു.

കോൺക്ലേവിന്റെ ഭാഗമായി സംസ്ഥാനതല “സൂനോ-അവെയർ” പവർപോയിന്റ് അവതരണ മത്സരവും “വൺ ഹെൽത്ത് എഡ്യൂക്കേറ്റർ ചാലഞ്ച്” അധ്യാപക കേസ് സ്റ്റഡി മത്സരവും സംഘടിപ്പിച്ചു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാപന സമ്മേളനത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. എം. ഗംഗാധരൻ നായർ, മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പോൾ മുണ്ടാടൻ, വെറ്ററിനേറിയൻസ് ക്ലബ് ചാലക്കുടി സെക്രട്ടറി ഡോ. വി.ബി. അജിതൻ എന്നിവർ വിജയികളെ അനുമോദിച്ചു.

മെറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫ. അഡ്വ. ഡോ. ജോർജ്ജ് കോലഞ്ചേരി സ്വാഗതവും വൺ ഹെൽത്ത് കോൺക്ലേവ് ചീഫ് കോർഡിനേറ്റർ ഡോ. ഷാജി പണിക്കശ്ശേരി നന്ദിയും പറഞ്ഞു.

ചടങ്ങിൽ അധ്യാപകർ, വിദ്യാർഥികൾ, വെറ്ററിനറി ഡോക്ടർമാർ, ഗവേഷകർ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യ മെഡിക്കൽ ക്യാമ്പ് 19ന് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഹാളിൽ

ഇരിങ്ങാലക്കുട : എം.ഇ.എസ്. മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെയും മെഡിഗ്രീൻ ഹോസ്പിറ്റൽ മനക്കലപ്പടിയുടെയും നേത്ര ഐ കെയർ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 19ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പ് എംഇഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ ഉദ്ഘാടനം ചെയ്യും.

തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവരെ ക്യാമ്പിൽ നിന്ന് തെരഞ്ഞെടുത്ത് കണ്ണിൻ്റെ ഉള്ളിൽ ലെൻസ് ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ സൗജന്യമായി നേത്ര ഐ കെയർ സെൻ്ററിൽ ചെയ്തുകൊടുക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കേണ്ട നമ്പറുകൾ : 9447528161, 9446723944, 9744730201, 9447254115, 9788377777, 9947295505, 9446343525

കച്ചേരി വളപ്പ് ദിനാചരണം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരി വളപ്പ് ദിനാചരണം നടത്തി.

കച്ചേരി വളപ്പ് ക്ഷേത്രഭൂമിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതിവിധി ദീർഘനാളത്തെ നിയമപോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമാണ്.

ഇതിനുവേണ്ടി നിരവധി ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പേരിൽ കേസുകളും ഉണ്ടായിരുന്നു. ​ക്ഷേത്ര സ്വത്തുക്കളും ഭൂമിയും സംരക്ഷിക്കുന്നതിനായി നടന്ന ഈ മുന്നേറ്റങ്ങളിൽ ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള സംഘടനകൾ സജീവ പങ്കുവഹിച്ചിരുന്നു.

പരിപാടിയുടെ ഭാഗമായി കച്ചേരി വളപ്പിൽ പുഷ്പാർച്ചനയും യോഗവും നടത്തി.

യോഗത്തിൽ ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ആർ. രാജേഷ് അധ്യക്ഷത വഹിച്ചു.

താലൂക്ക് വർക്കിംഗ് പ്രസിഡൻ്റ് കെ.പി. നന്ദൻ ക്ഷേത്രഭൂമി പിടിച്ചെടുക്കുന്നതിന് വേണ്ടി നടത്തിയ സമരങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി.

ജില്ലാ സെക്രട്ടറിമാരായ രാജീവ് ചാത്തമ്പള്ളി, ഗോപിനാഥ്, വി.എ.കെ. മേനോൻ, രാജേഷ്, മുൻസിപ്പൽ പ്രസിഡൻ്റ് ലാൽ കുഴുപ്പിള്ളി, ഷൈജു കുറ്റിക്കാട്, സുനിൽ പീനിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

18ന് ശുദ്ധജല വിതരണം മുടങ്ങും

ഇരിങ്ങാലക്കുട : മങ്ങാടിക്കുന്ന് ജലശുദ്ധീകരണശാലയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി ജൂലൈ 18 ശനിയാഴ്ച ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി, വേളൂക്കര പഞ്ചായത്ത്, മുരിയാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജല വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് ഇരിങ്ങാലക്കുട പി.എച്ച്. സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹിളാ കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന വിജയോത്സവം സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.കെ. വിനീത അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ സമ്മാനദാനം നിർവഹിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത് മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, നഗരസഭ കൗൺസിലർ സുജ സഞ്ജീവ്കുമാർ, കാറളം പഞ്ചായത്ത് മെമ്പർ പ്രീത, കാട്ടൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പ്രമീള അശോകൻ, വിജയോത്സവം കൺവീനർ ജുമൈലത്ത് നസീർ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ദീപ സാജു, സോഫി കുഞ്ഞുപാലു, ബീന വിൽസൺ, റാണി സണ്ണി, സൗമ്യ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

ഷാബു ചക്കാലക്കൽ കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു.

ലഹരിവിരുദ്ധ സന്ദേശവുമായി ഭാരതീയ വിദ്യാഭവനിൽ ഓട്ടൻതുള്ളൽ അരങ്ങേറി

ഇരിങ്ങാലക്കുട : ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന മാരകമായ വിപത്തുകളെക്കുറിച്ച് പുതുതലമുറയെ ബോധവത്കരിക്കുന്നതിനായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ഓട്ടൻതുള്ളൽ അരങ്ങേറി.

എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. ജയരാജ് ആണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്.

മൂർച്ചയുള്ള യാഥാർത്ഥ്യങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചപ്പോൾ അത് കുട്ടികളുടെ മനസ്സിൽ പതിയുന്ന വേറിട്ട അനുഭവമായി.

സ്കൂളിലെ വിമുക്തി ക്ലബ്ബ്, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, എൻ.എസ്.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, സെക്രട്ടറി വി. രാജൻ, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, അഡ്മിനിസ്ട്രേറ്റർ നവീൻ എന്നിവർ സന്നിഹിതരായിരുന്നു.

അധ്യാപകരായ കെ.എം. സെറീന, നിഷ നായർ, അഞ്ജു കെ. രാജഗോപാൽ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

ലഹരിക്കെതിരെ റൂറൽ ജില്ലാ പൊലീസിന്റെ റീൽസ് മത്സരത്തിൽ വിജയിച്ച് ക്രൈസ്റ്റ് കോളെജ് എൻഎസ്എസ് ടീം

ഇരിങ്ങാലക്കുട : റൂറൽ ജില്ലാ പൊലീസിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ “ലഹരി വിമുക്ത സമൂഹം” എന്ന സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മയക്കുമരുന്ന് വിരുദ്ധ റീൽ മത്സരത്തിൽ ക്രൈസ്റ്റ് കോളെജ് എൻ.എസ്.എസ്. യൂണിറ്റിന് വിജയം.

ആധുനിക കൃഷ്ണ, കെ.എസ്. ഷിയാസ്, അബ്ദുൾ അസീം, ടി.എസ്. അശ്വിൻ, പി.എൻ. ഫെബിത്ത ഫാത്തിമ, ഗൗരി മേനോൻ, കെ.സി. ദേവദത്തൻ, നേഹ ജിജു, ആന്റോൺ പോൾ എന്നിവർ ചേർന്നാണ് റീൽ തയ്യാറാക്കിയത്.

മത്സരത്തിൽ ക്രൈസ്റ്റ് എൻ.എസ്.എസ്. ടീമിന്റെ പരിശ്രമം പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

വിജയികളെ റൂറൽ എസ്പി മുഹമ്മദ് നദീം സർട്ടിഫിക്കറ്റ് നൽകി അനുമോദിച്ചു.

തവനിഷിന്റെ തണൽ പദ്ധതിയിലൂടെ ഭിന്നശേഷി കുട്ടികൾക്കായ്‌ പഠനോപകരണങ്ങൾ കൈമാറി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ബി.ആർ.സി. ഇരിങ്ങാലക്കുടയ്ക്ക് പഠനോപകരണങ്ങൾ കൈമാറി.

ക്രൈസ്റ്റ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫിൽ നിന്ന് ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോർഡിനേറ്റർ സത്യപാലൻ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.

സിആർസിസി കോർഡിനേറ്റർമാരായ ജെന്നി ആന്റണി, സി.ഡി. ഡോളി, വിഷ്ണു നാരായൺ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ കീർത്തന കമലൻ, ലിൻ ജെയിംസ്, സുജാത എന്നിവർ ആശംസകൾ അർപ്പിച്ചു.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർമാരായ ഡോ. മുവിഷ് മുരളി, അസി. പ്രൊഫ. പ്രിയ ബാലകൃഷ്ണൻ, അസി. പ്രൊഫ. കെ.എം. നസീറ, ഡോ. വിഷ്ണു മോഹൻ, അസി. പ്രൊഫ. നിമിത മാത്യു, അസി. പ്രൊഫ. അലീന, അസി. പ്രൊഫ. ആദർശ്, അസി. പ്രൊഫ. ഐശ്വര്യ പുരുഷോത്തമൻ, തവനിഷ് സ്റ്റുഡന്റ് പ്രസിഡന്റ്‌ നിമിഷ, സ്റ്റുഡന്റ് സെക്രട്ടറി അഭിഷേക്, മറ്റ് തവനിഷ് വൊളന്റിയർമാരും പങ്കെടുത്തു.