വർണ്ണാഭമായി ക്രൈസ്റ്റ് കോളെജിൻ്റെ ”ചിലമ്പ്” വിളംബര ജാഥ

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ കലോത്സവം ”ചിലമ്പി”ൻ്റെ വരവറിയിച്ചു കൊണ്ട് വിദ്യാർഥികൾ നടത്തിയ വിളംബരജാഥ വർണാഭമായി.

വിവിധ കലാരൂപങ്ങളുടെ സാന്നിധ്യം ഘോഷയാത്രയ്ക്ക് നിറച്ചാർത്തേകി.

കടും നിറങ്ങളിൽ ആറാടിയ തെയ്യം രൂപങ്ങളും താളത്തിൽ ചുവടുവെച്ച് നീങ്ങിയ നൃത്തരൂപങ്ങളും, കഥകളി,
കൂത്ത്, കളരിപ്പയറ്റ് തുടങ്ങിയ നാടൻ കലാരൂപങ്ങളുടെ സാന്നിദ്ധ്യവും, ചെണ്ടമേളത്തിൻ്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയും, തിടമ്പേറ്റിയ യന്ത്രവൽകൃത ഗജവീരനും ഘോഷയാത്രയുടെ മാറ്റ് കൂട്ടി.

ജനുവരി 3, 4, 6 തിയ്യതികളിലായാണ് കലാമേള അരങ്ങേറുന്നത്.

സർവ്വകലാശാല ഇൻ്റർസോൺ മത്സരങ്ങൾക്ക് മുന്നോടിയായി വിവിധ പഠന വകുപ്പുകൾ മാറ്റുരയ്ക്കുന്ന ”ചിലമ്പ്” കലാമേള കോളെജ് യൂണിയൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കലാരൂപങ്ങളിലെ വൈവിധ്യം കൊണ്ടും അവതരണ മികവുകൊണ്ടും ശ്രദ്ധേയമാകുന്ന ഈ കലാമേള വിദ്യാർഥികളിലെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് വിളംബരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ഡോ ഫാ ജോളി ആൻഡ്രൂസ് പറഞ്ഞു.

ആഴ്ചകളായുള്ള
പരിശീലനത്തിന് ശേഷമാണ് ഓരോ കലാരൂപവും സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത്.

കോളെജ് വൈസ് പ്രിൻസിപ്പൽമരായ ഡോ സേവ്യർ ജോസഫ്, പ്രൊഫ മേരി പത്രോസ്, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *