ഇരിങ്ങാലക്കുട : തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ കെ എസ് ടി പി നടത്തുന്ന ജോലികൾ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ടി സുബ്രഹ്മണ്യൻ, പി കെ ജസീൽ എന്നിവർ നൽകിയ പൊതുതാല്പര്യ ഹർജിയിൽ കോടതി നിയോഗിച്ച അഡ്വ കമ്മീഷണർ കെ വൃന്ദ റോഡ് സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിലെ കോൺക്രീറ്റ് വർക്ക് 2022ൽ പൂർത്തിയാക്കാൻ ആയിരുന്നു കെ എസ് ടി പിക്ക് കരാർ നൽകിയിരുന്നത്.
എന്നാൽ 35 കിലോമീറ്റർ നടത്തേണ്ട വർക്കിൽ 15 കിലോമീറ്റർ മാത്രമാണ് കെ എസ് ടി പി ഇതുവരെ പൂർത്തിയാക്കിയത്. മാത്രമല്ല റോഡിന് വീതി കൂട്ടുവാൻ സ്ഥലങ്ങൾ ഏറ്റടുക്കണമെന്നും ഓരോ വശങ്ങളും ടൈൽസ് വിരിക്കണമെന്നും കാനകൾ നിർമ്മിക്കണമെന്നും പ്രോജക്റ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ റോഡ് സൈഡിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിയും കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ചും റോഡിനു വീതി കൂട്ടണമെന്നും വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയിൽ പറയുന്നുണ്ട്.
എന്നാൽ ഈ കാര്യങ്ങളിലൊന്നും കാര്യമായ പുരോഗതിയുണ്ടായില്ല എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂർ – തൃശൂർ പാസഞ്ചേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഇപ്പോൾ നടത്തി വരുന്ന ജോലിയോടനുബന്ധിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ല എന്നാണ് തെളിവെടുപ്പിൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
തെളിവെടുപ്പ് സമയത്ത് ഫോറം ഭാരവാഹികളായ പി എ സീതിമാസ്റ്റർ, പാർത്ഥസാരഥി, രഞ്ജിത്ത്, അഡ്വ ഷാനവാസ് കാട്ടകത്ത്, പി കെ ജസീൽ, കെ ടി സുബ്രഹ്മണ്യൻ, പൊതുപ്രവർത്തകരായ മുസമ്മിൽ അറക്കപ്പറമ്പിൽ, എം എം നിസാർ, ജാസ്മിൻ ജോയി, ജോയ് കോലങ്കണ്ണി, വ്യാപാരി വ്യവസായി കൊടുങ്ങല്ലൂർ മണ്ഡലം ചെയർമാൻ കെ കെ നജാഹ്, അഡ്വ ദിവ്യ എന്നിവരും ഉണ്ടായിരുന്നു.
കമ്മീഷണർ റിപ്പോർട്ട് അടുത്ത ആഴ്ച്ച കോടതിയിൽ സമർപ്പിക്കും.
Leave a Reply