പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്ത പിക്ക്അപ്പ് വാൻ മോഷ്ടിച്ചു : കുപ്രസിദ്ധ മോഷ്ടാവ് നസീർ പിടിയിൽ

ഇരിങ്ങാലക്കുട : പരിയാരം പൂവ്വത്തിങ്കൽ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ബൊലേറോ പിക്ക് അപ്പ് വാൻ മോഷ്ടിച്ച സംഭവത്തിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായ പരിയാരം മുനിപ്പാറ കിഴക്കുംതല വീട്ടിൽ നസീറിനെ (50) അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെയിരുന്നു സംഭവം.

ചാലക്കുടി പോട്ട പയ്യപ്പിള്ളി വീട്ടിൽ റിബിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് മോഷ്ടിക്കപ്പെട്ടത്.

വാഹനം കാണാതായതിനെ തുടർന്ന് റിബിൻ ഉടൻ തന്നെ ചാലക്കുടി പൊലീസിൽ വിവരമറിയിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് വലയിലാക്കിയത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ നസീറിനെ റിമാൻഡ് ചെയ്തു.

ചാലക്കുടി, അതിരപ്പിള്ളി, ഗുരുവായൂർ ടെമ്പിൾ, പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനുകളിലായി 4 മോഷണ കേസും ഒരു അടിപിടി കേസും അടക്കം 7 ക്രിമിനൽ കേസുകളിലെ പ്രതിയാണ് നസീർ.

ചാലക്കുടി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർ അജിത്ത്, ജിഎസ്ഐ ഉണ്ണികൃഷ്ണൻ, സിവിൽ പൊലീസ് ഓഫീസർമാരായ അമൽ, റെജിൻ, സോനു, ദീപു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *