ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജും ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബും സംയുക്തമായി വിദ്യാർഥികളിലും യുവാക്കളിലും രംഗകലാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൻ്റെ ഭാഗമായി
ക്രൈസ്റ്റ് കോളെജ് ഐ.കെ.എസ്. സെല്ലായ ‘നാട്യപാഠശാല’യുടെ കീഴിൽ വൈവിധ്യമാർന്ന കലാബോധന ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പു വെച്ചു.
ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ റവ. ഡോ. ഫാ. ജോളി ആൻഡ്രൂസും ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡൻ്റ് രമേശൻ നമ്പീശനുമാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.
കഥകളി, കൂടിയാട്ടം, നൃത്തങ്ങൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളാണ് ഈ പദ്ധതി പ്രകാരം വിദ്യാർഥികൾക്ക് ലഭിക്കുക. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള 26 ക്ലാസുകളാണ് ഒരു അധ്യയന വർഷത്തിൽ ഈ പദ്ധതി പ്രകാരം ഉണ്ടായിരിക്കുക.
ആട്ടക്കഥ പരിചയം, സംഗീത – വാദ്യ – നാട്യപ്രകരണ പരിചയം, മുദ്രാവബോധനം എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളാണ് കളരിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
വരും മാസങ്ങളിൽ ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങുകളിലെ ആട്ടക്കഥകളെ അവലംബിച്ചാണ് ഈ ക്ലാസുകൾക്ക് രൂപം നൽകുക.
കളരി പഠനപരമ്പരയിലും ക്ലബ്ബ് ഒരുക്കുന്ന കളിയരങ്ങിലും മുഴുവനായും പങ്കെടുക്കുന്ന വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് ക്ലബ്ബിൻ്റെ വാർഷികാഘോഷത്തിൽ വിതരണം ചെയ്യും.
പ്രസ്തുത പദ്ധതിയിൽ മറ്റ് ഹൈസ്കൂൾ, കോളെജ് വിദ്യാലയങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർഥികളെയും ഉൾപ്പെടുത്തും.












Leave a Reply