134 വർഷത്തിന് ശേഷം കേരളത്തിൽ നിന്ന് പുതിയ മൂങ്ങവലച്ചിറകനെ കണ്ടെത്തി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിൽ നിന്ന് പുതിയൊരു മൂങ്ങവലച്ചിറകനെ കണ്ടെത്തി.

മിർമെലിയോണ്ടിഡേ കുടുംബത്തിൽപ്പെടുന്ന ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്.

പ്രോട്ടിഡ്രിസെറസ് ആൽബോകാപിറ്റാറ്റസ് എന്നതാണ് ഈ ജീവജാതിക്ക് നൽകിയ പേര്.

പശ്ചിമഘട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നെടുങ്കയം വനപ്രദേശങ്ങളിൽ നിന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. ഈ കണ്ടെത്തൽ ഇന്ത്യയിൽ നിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള പ്രോട്ടിഡ്രിസെറസ് ജനുസ്സിലെ വെറും രണ്ടാമത്തെ മാത്രം ജീവജാതി ആണെന്നത് ശ്രദ്ധേയമാണ്. രാജ്യത്ത് ഇതേ ജനുസ്സിൽപ്പെട്ട ആദ്യ സ്പീഷിസ് ആയ പ്രോട്ടിഡ്രിസെറസ് എൽവെസിയെ 1891ൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മക്ലാക്ക്ലൻ ആണ് കണ്ടെത്തി വിവരിച്ചത്.

അതിനാൽ ഈ പുതിയ രേഖപ്പെടുത്തൽ 134 വർഷങ്ങൾക്കുശേഷം ഇന്ത്യയിലെ പ്രോട്ടിഡ്രിസെറസ് ജനുസ്സിന്റെ ചരിത്രത്തിൽ മറ്റൊരു സുപ്രധാന കണ്ടെത്തലായാണ് പരിഗണിക്കപ്പെടുന്നത്.

ആൽബോകാപിറ്റാറ്റസ് എന്ന ജീവജാതിയുടെ പേര് ലാറ്റിൻ വാക്കുകളിൽ നിന്നാണ് സ്വീകരിച്ചത്. ആൽബസ് അഥവാ വെളുപ്പ് എന്നർത്ഥം വരുന്ന പദം, കാപിറ്റാറ്റസ് അഥവാ സ്‌പർശനിയുടെ അഗ്രഭാഗം എന്നിവയെ സൂചിപ്പിച്ചാണ് നാമകരണം.

കണ്ടെത്തലിന്റെ വിശദാംശങ്ങൾ അന്താരാഷ്ട്ര ശാസ്ത്ര മാസികയായ സൂടാക്‌സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി.ബി. സൂര്യനാരായണൻ, ക്രൈസ്റ്റ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറും എസ്.ഇ.ആർ.എൽ. മേധാവിയുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ഡോ. ലെവിൻഡി എബ്രഹാം, സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞൻ ഡോ. മുഹമ്മദ് ജാഫർ പാലോട് എന്നിവരാണ് കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.

മൂങ്ങവലച്ചിറകനെ സാധാരണയായി കല്ലൻതുമ്പികളുമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ നീളമേറിയ, മുന്നോട്ടു നീണ്ടു നിൽക്കുന്ന സവിശേഷ സ്‌പർശനികൾ ഉള്ളതാണ് ഇവയെ കല്ലൻതുമ്പികളിൽ നിന്നും വേർതിരിക്കുന്നത്. മുതിർന്ന മൂങ്ങവലച്ചിറകന്മാർക്ക് വലിയ വിഭജിത കണ്ണുകളും സന്ധ്യാസമയങ്ങളിൽ സജീവമാവുന്ന ശീലങ്ങളുമുണ്ട്. അവിടെ നിന്നാണ് “മൂങ്ങവലച്ചിറകൻ” എന്ന പൊതുനാമം വന്നത്.

ഇവ ന്യൂറോപ്ടെറ ഓർഡറിലാണ് ഉൾപ്പെടുന്നത്. ഇവ പൂർണ്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്. അതേസമയം സാധാരണ ഇവയുമായി തെറ്റിദ്ധരിക്കപ്പെടുന്ന തുമ്പികൾ ഒഡോനാറ്റ ഓർഡറിലാണ് ഉൾപ്പെടുന്നത്. തുമ്പികൾ അപൂർണ്ണരൂപാന്തരത്തിലൂടെയാണ് വളരുന്നത്.

കേരളത്തിൽ കണ്ടെത്തിയ മൂങ്ങവലച്ചിറകന്റെ എണ്ണം ഇതോടെ അഞ്ച് ആയി. ഇന്ത്യയിലെ ആകെ എണ്ണം 37 ആയി ഉയർന്നു. കൂടുതൽ കേന്ദ്രീകൃതമായ പഠനങ്ങൾ നടത്തി കഴിഞ്ഞാൽ പുതിയ ജീവജാതികളുടെ സാന്നിധ്യം ഇന്ത്യയിൽ പുറത്തുവരാനിടയുണ്ടെന്ന് ടി.ബി. സൂര്യനാരായണൻ വ്യക്തമാക്കി.

കൗൺസിൽ ഫോർ സയന്തിഫിക്ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *