ഇരിങ്ങാലക്കുട : ‘സ്നേഹക്കൂട് പദ്ധതി’യിലൂടെ വേളൂക്കരയിൽ നിർമ്മിക്കുന്ന പുതിയ ഭവനത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഭവനരഹിതരും സർക്കാർ പദ്ധതികളിൽ ഉൾപ്പെടാതെ പോയവരുമായ കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെ മന്ത്രി ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹക്കൂട്.
സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി വേളൂക്കര പഞ്ചായത്തിലെ
പരേതനായ മേക്കാട്ടുപറമ്പിൽ ഷിബുവിൻ്റെ ഭാര്യ റാണിക്കാണ് ആശ്വാസ തണല്‍ ഒരുങ്ങുന്നത്.
ഇതോടെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതം നയിക്കുകയായിരുന്ന കുടുംബത്തിന് കൈത്താങ്ങ് ആയിരിക്കുകയാണ് ‘സ്നേഹക്കൂട്’ പദ്ധതി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ എൻ.എസ്.എസ്. യൂണിറ്റാണ് ഭവനനിർമാണം ഏറ്റെടുത്തിരിക്കുന്നത്.
എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ വിവിധ ചലഞ്ചുകളിലൂടെ സമാഹരിച്ചതും സുമനസുകളുടെ സഹായങ്ങളും ചേര്‍ത്താണ് സ്നേഹക്കൂട് ഭവനം നിർമ്മിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ, പൊതുജനങ്ങളുടെ സഹായങ്ങളും സംയോജിപ്പിച്ചാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു നൽകിയതായും രണ്ട് വീടുകളുടെ നിർമ്മാണം നടക്കുന്നതായും ഒമ്പതാമത്തെ വീടിൻ്റെ നിർമ്മാണോദ്ഘാടനമാണ് ഇപ്പോൾ നടത്തിയതെന്നും മന്ത്രി ആർ. ബിന്ദു പറഞ്ഞു.
ഹോളി ഫാമിലി പാവനാത്മാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും സെന്റ് ജോസഫ്സ് കോളെജ് മാനേജരുമായ ഡോ. സിസ്റ്റർ ട്രീസ ജോസഫ് മുഖ്യാതിഥിയായി.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, കോളെജ് പ്രിൻസിപ്പൽ ഡോ. സി. ബ്ലെസ്സി, വാർഡ് മെമ്പർമാരായ ശ്യാംരാജ്, ലീന ഉണ്ണികൃഷ്ണൻ, കൂടൽമാണിക്യം ആർക്കൈവ്സ് ഡയറക്ടർ ഡോ. രാജേന്ദ്രൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. ഉർസുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.












Leave a Reply