മൂന്നാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കരൂപ്പടന്ന സ്വദേശിനി സഹ്റ ഫാത്തിമ ജാസിം

ഇരിങ്ങാലക്കുട : ഒരു മിനിറ്റ് മൂന്ന് സെക്കൻഡ് കൊണ്ട് അന്താരാഷ്ട്ര തലത്തിലുള്ള 27 കാറുകളുടെ പേരുകൾ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയിരിക്കുകയാണ് ബഹ്റൈൻ പ്രവാസി ദമ്പതികളുടെ മൂന്നു വയസ്സുകാരിയായ മകൾ സഹ്റ ഫാത്തിമ ജാസിം.

ഇരിങ്ങാലക്കുടയ്ക്കടുത്ത് കരൂപ്പടന്ന സ്വദേശി ജാസിമിന്റെയും സുനിതയുടെയും മകൾ സഹ്റ ഫാത്തിമ ജാസിമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.

ലാപ്ടോപ്പ് സ്ക്രീനിൽ കാറുകളുടെ ചിത്രം നോക്കിയാണ് സഹ്റ കാറുകളുടെ പേര് പറഞ്ഞ് റെക്കോർഡ് കരസ്ഥമാക്കിയത്.

2022 ആഗസ്റ്റ് 15ന് ബഹ്റൈനിലാണ് സഹ്റയുടെ ജനനം. ടാൾറോപ്പ് ഇക്കോസിസ്റ്റം കമ്പനിയുടെ ബഹ്റൈൻ ഡിവിഷൻ ഹെഡ് ആയ ജാസിമും, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈനു കീഴിലുള്ള ഒരു കമ്പനിയിൽ മാനേജറായ സുനിതയും സ്ഥിരമായി യാത്ര ചെയ്യുന്നവരാണ്.

യാത്രാവേളകളിൽ മകൾ സഹ്റക്ക് രണ്ട് വയസ്സ് മുതൽ കാറുകൾ കാണുമ്പോൾ പേര് പറഞ്ഞു കൊടുക്കുമായിരുന്നു. ജാസിമിൻ്റെ കുവൈത്തിലുള്ള സുഹൃത്ത് കുടുംബത്തോടൊപ്പം ഇടക്കിടക്ക് ബഹ്റൈനിൽ വരുമ്പോൾ സഹ്റയെയും കാറിൽ കയറ്റി കറങ്ങും. ഇങ്ങിനെയാണ് സഹ്റക്ക് കാറിനോട് കമ്പമായത്.

കാറിൻ്റെ പേരു ചോദിച്ച് മനസ്സിലാക്കി പിന്നീട് അത് ഓർത്തു പറയുന്നത് ശീലമായി.

ജാസിമിന്റെയും സുനിതയുടെയും മാതാപിതാക്കൾ ബഹ്റൈനിലായിരുന്നതുകൊണ്ട് ഇരുവരുടെയും കുട്ടിക്കാലം ബഹ്റൈനിലായിരുന്നു.

കേവലം മൂന്നു വയസ്സു മാത്രം പ്രായമുള്ള കുട്ടി ഇങ്ങനെയൊരു റെക്കോർഡ് കരസ്ഥമാക്കുന്നത് ആദ്യമാണ്. അതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും.

കരൂപ്പടന്ന ജെ.ആൻഡ്.ജെ. സീനിയർ സെക്കൻഡറി ഇംഗ്ലീഷ് മീഡിയം സ്കൂൾ ചെയർമാൻ വീരാൻ പി. സെയ്തിൻ്റെ മകനാണ് സഹ്റയുടെ പിതാവ് ജാസിം.

Leave a Reply

Your email address will not be published. Required fields are marked *