ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ ഉറക്കെ ബഹളം വയ്ക്കുകയും നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോക്ടറുടെയും മറ്റ് ജീവനക്കാരുടെയും ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിടിച്ചു മാറ്റാൻ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേർ പിടിയിൽ.
പുല്ലൂർ സ്വദേശികളും സഹോദരങ്ങളുമായ നെല്ലിശ്ശേരി വീട്ടിൽ റിറ്റ് ജോബ് (26), ജിറ്റ് ജോബ് (27), പുല്ലൂർ ചേർപ്പുംകുന്ന് സ്വദേശി മഠത്തിപറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.
റിറ്റ് ജോബ് അടിപിടിയിൽ പരിക്കേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കായി ജിറ്റ് ജോബിനെയും രാഹുലിനെയും കൊണ്ട് ആശുപത്രിയിലേക്ക് വന്നതാണ്.
ജിറ്റിന് ഹെഡ് ഇൻജുറി ഉള്ളതായി സംശയം തോന്നിയതിനാൽ ഡോക്ടർ സി.ടി. സ്കാൻ എടുക്കണമെന്ന് പറഞ്ഞു. ഇതുകേട്ട ഉടൻ റിറ്റ് ജോബ് ‘നിങ്ങൾ എന്തേ ഇവിടെ സി.ടി. സ്കാൻ വയ്ക്കാത്തത്’ എന്ന് പറഞ്ഞ് ഉച്ചത്തിൽ ബഹളം വെച്ച് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് റിറ്റ് ജോബിനെ അറസ്റ്റ് ചെയ്തു മാറ്റിയത്.
ജിറ്റ് ജോബിനെയും, രാഹുലിനെയും തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ നൽകിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ഇവരെ മൂന്ന് പേരെയും ഞായറാഴ്ച രാത്രി 9.30ഓടെ ഇരിങ്ങാലക്കുട ചെറാക്കുളം ബാറിന് മുൻവശത്ത് വെച്ച് 14ഓളം പേർ ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് രാഹുലിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റിറ്റ് ജോബും ജിറ്റ് ജോബും ആളൂർ സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ അടിപിടിക്കേസുകളിലും പ്രതികളാണ്.
രാഹുൽ ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ ഒരു വധശ്രമക്കേസിലും, ഒരു അടിപിടിക്കേസിലും പ്രതിയാണ്.
Leave a Reply