ഓണാഘോഷം : ശക്തമായ സുരക്ഷ ഒരുക്കി തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും ക്രമസമാധാനവും നിയമപരിപാലനവും ഉറപ്പാക്കുന്നതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കും.

അനധികൃത സ്പരിറ്റ്, മദ്യം, രാസ ലഹരി, മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ വ്യാപനവും വിൽപ്പനയും തടയുന്നതിനും മറ്റുമായി ജില്ലാ അതിർത്തികളിലും മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും ശക്തമായ വാഹന പരിശോധന ഉണ്ടായിരിക്കും.

കൂടാതെ മൊബൈൽ, ബൈക്ക് പട്രോളിംഗുകൾ, മഫ്തി പോലീസിന്റെ രഹസ്യ നീരിക്ഷണം, പിങ്ക് പോലീസ് സേവനം, ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡാൻസാഫ്, പ്രധാന ആഘോഷ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവയുടെ പരിശോധന, സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡി ലിസ്റ്റ് ഉൾപ്പെട്ടവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ, സെൻസിറ്റീവ് മേഖലകളിൽ ശക്തമായ പ്രത്യേക പട്രോളിഗ് എന്നീ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കും.

എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളെയും രണ്ട് സെക്ടറുകളിലായി തിരിച്ച് സ്റ്റേഷൻ പരിധികളിലെ പ്രധാനപ്പെട്ട സ്ഥലങ്ങൾ കവർ ചെയ്യുന്ന രീതിയിൽ ജീപ്പ്, ബൈക്ക്, കാൽനട പട്രോളിംഗ് എന്നിവ ഏർപ്പെടുത്തും.

ഓരോ സെക്ടറിലും 24 മണിക്കൂറും മൊബൈൽ പട്രോളിംഗ് ഉറപ്പാക്കും.

കൂടാതെ സ്റ്റേഷൻ എസ്.ഐ. ഓഫീസറായുള്ള മൊബൈൽ പട്രോളിഗ് പാർട്ടി സ്റ്റേഷൻ പരിധിയികളിലെ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പട്രോളിങ്ങ് നടത്തും.

സാമൂഹ്യവിരുദ്ധരെ കസ്റ്റഡിയിലെടുക്കുകയും, സംശയാസ്പദമായ ക്രിമിനൽ ഒളിത്താവളങ്ങൾ നിരന്തരം പരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.

അതിരപ്പിള്ളി, ചിമ്മിനി ഡാം, വാടനപ്പിള്ളി സ്നേഹതീരം ബീച്ച്, വലപ്പാട് ബീച്ച്, കഴിമ്പ്രം ബീച്ച്, അഴീക്കോട് ബീച്ച് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓണാവധിയോടനുബന്ധിച്ച് അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് ക്രമീകരണങ്ങളും ഏർപ്പെടുത്തും.

കൂടാതെ അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ, റിസോർട്ടുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, പ്രത്യേക ആഘോഷ പരിപാടികൾക്ക് സാധ്യതയുള്ള സ്ഥലങ്ങൾ, കൂടാതെ പൊതുജനങ്ങൾ കൂടുതൽ ഒത്തുചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബീച്ചുകൾ എന്നീ സ്ഥലങ്ങളിൽ അപകടങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കി ക്രമസമാധാനം നിലനിർത്തുന്നതിനായി സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഏർപ്പെടുത്തണം.

തൃശൂർ റൂറൽ ജില്ലയിലെ ക്രമസമാധാനം ഉറപ്പാക്കുന്നതിനായുള്ള പൊലീസ് പട്രോളിംഗ് ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ നടപടികളും ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് നിരീക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *