ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിൽ ബികോം ഫിനാൻസ് സ്വാശ്രയ വിഭാഗം ആഗസ്റ്റ് 25ന് ഉച്ചയ്ക്ക് 12 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ ഗിന്നസ് ലക്ഷ്യവുമായി 400 വിഭവങ്ങളുടെ മെഗാ സദ്യയൊരുക്കുമെന്ന് മാനേജർ റവ. ഫാ. ജോയ് പീണിക്കപറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
അവരവരുടെ വീടുകളിൽ നിന്ന് വിദ്യാർഥികളും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും തയ്യാറാക്കി കൊണ്ടുവരുന്ന വിഭവങ്ങളാണ് മെഗാ സദ്യയിൽ വിളമ്പുന്നത്.
2016, 2017, 2022, 2023 എന്നീ വർഷങ്ങളിലും മെഗാസദ്യ ഒരുക്കിയിരുന്നു. ഇതിൽ 2022ൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടവും നേടിയിരുന്നു.
മെഗാ ഓണസദ്യ പൊതുജന ശ്രദ്ധ ആകർഷിക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി 1000 പേർക്കുള്ള സദ്യയും ഒരുക്കിയിട്ടുണ്ട്.
ക്രൈസ്റ്റ് കോളെജ് കൊമേഴ്സ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ അന്തർ സർവകലാശാല തലത്തിൽ കോമേഴ്സ് ബിസിനസ് വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിന്റെ ഗ്രാൻഡ്ഫിനാലെ സെപ്റ്റംബർ 10ന് രാവിലെ 9 മണിക്ക് കോളെജ് ഓഡിറ്റോറിയത്തിൽ അരങ്ങേറും.
65 ടീമുകൾ മത്സരിച്ച റൗണ്ടിൽ നിന്നും 12 ടീമുകളാണ് ഗ്രാൻഡ്ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
വിജയികൾക്ക് ഒന്നാം സമ്മാനമായി 60,000 രൂപയും രണ്ടാം സമ്മാനമായി 30,000 രൂപയും മൂന്നാം സമ്മാനമായി 15,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകും.
പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകളുടെ യാത്രാചെലവും ഭക്ഷണവും താമസവും വഹിക്കുന്നതോടൊപ്പം പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ക്യാഷ് പ്രൈസും ഉണ്ടായിരിക്കും.
പ്രിൻസിപ്പൽ റവ. ഡോ. ജോളി ആൻഡ്രൂസ്, അസോസിയേറ്റ് പ്രൊഫസർ കെ.ജെ. ജോസഫ്, അധ്യാപകരായ സി.എൽ. സിജി, ഡോ. ലിൻഡ മേരി സൈമൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply