ഇരിങ്ങാലക്കുട : പ്രാദേശിക തൊഴിലവസരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇരിങ്ങാലക്കുട നഗരസഭയും കുടുംബശ്രീയും “വിജ്ഞാനകേരളം” പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച “കർമ്മ 2025” തൊഴിൽമേള ശ്രദ്ധേയമായി.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് മേള ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുടയിലെ 32ഓളം പ്രാദേശിക സ്ഥാപനങ്ങളാണ് തൊഴിൽ അന്വേഷകർക്കായി മേളയിൽ പങ്കെടുത്തത്.
250ഓളം പ്രാദേശിക ജോലി ഒഴിവുകൾ മേളയിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 400ഓളം പേർ തൊഴിൽമേളയിൽ പങ്കെടുക്കാനായി പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇവരിൽ 300 ൽ അധികം പേർ മേളയിൽ പങ്കെടുത്തതായി സീനിയർ ഹെൽത്ത് ഇൻസ്പെക്ടറും ജോബ് സ്റ്റേഷൻ കൺവീനറുമായ കെ.ജി. അനിൽ പറഞ്ഞു.
പരമാവധി തൊഴിൽ അന്വേഷകരെ തൊഴിൽമേളയിൽ പങ്കെടുപ്പിക്കാൻ ഫീൽഡിൽ ഇറങ്ങി പ്രചരണം നടത്തിയതായും ഇനിയും ഈ പ്രവർത്തനം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും എല്ലാവർക്കും തൊഴിൽ എന്ന സ്വപ്നത്തിലേക്ക് എത്താൻ പ്രയത്നിക്കുമെന്നും ഡി.ഡബ്ല്യു.എം.എസ്. കമ്മ്യൂണിറ്റി അംബാസിഡർമാരായ സരിത, വിജിത എന്നിവർ പറഞ്ഞു.
ഓണത്തിന് മുൻപായി 250ഓളം തൊഴിൽരഹിതർക്ക് തൊഴിൽ നേടിക്കൊടുക്കുക എന്ന ലക്ഷ്യമാണ് ഈ മേളയ്ക്ക് ഉള്ളതെന്ന് സി.ഡി.എസ്. 1 മെമ്പർ സെക്രട്ടറി സജിത പറഞ്ഞു.
Leave a Reply