ഇരിങ്ങാലക്കുട : ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശൂർ റൂറൽ പൊലീസ്.
2023 ഡിസംബർ 23നാണ് കൊമ്പടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗയെ (24) കാണാതായത്.
യുവതിയെ കാണാതായതിനെ തുടർന്ന് മഠത്തിലെ മദർ സൂപ്പീരിയർ പുഷ്പത്തിൻ്റെ പരാതിയിൽ ആളൂർ പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തു.
ആദ്യഘട്ടത്തിൽ യുവതി പോകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം വിപുലമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല.
ഇതോടെ ദുസ്മിനയെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുസ്മിന ഒഡിഷ സംസ്ഥാനത്തെ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂർ എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയത്.
ആളൂർ എസ്.ഐ ജെയ്സൺ, എഎസ്ഐ മിനിമോൾ, സിപിഒ ആഷിക്ക് എന്നിവരാണ് ഒഡീഷയിലെത്തി യുവതിയെ കണ്ടെത്തിയത്.
നടപടിക്രമങ്ങൾക്ക് ശേഷം ദുസ്മിനയെ കോടതിയിൽ ഹാജരാക്കും.
ദുസ്മിന കേരളത്തിലുള്ള സഹോദരൻ വഴിയാണ് അടുക്കള ജോലിക്കായി കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ എത്തിയത്.
ഇവിടെയെത്തി 3 മാസത്തിന് ശേഷമാണ് ദുസ്മിനയെ കാണാതായത്. മഠത്തിൽ ജോലി ചെയ്തു വരുന്നതിനിടയിൽ ദുസ്മിനയുടെ സഹോദരിയുടെ വിവാഹം ആണെന്നുള്ള കാര്യം നാട്ടിൽ നിന്ന് അറിയിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ ലീവ് ചോദിച്ചെങ്കിലും ജോലിക്ക് കയറിയിട്ട് 3 മാസമേ ആയുള്ളൂ എന്നതിനാലും ജോലിക്ക് വേറെ ആളെ കിട്ടാത്തതിനാലും ദുസ്മിനക്ക് ലീവ് കൊടുത്തില്ല. ഈ വിവരം ദുസ്മിന കാമുകനായ ഒഡീഷയിലുള്ള മിഖായേൽ എന്നയാളെ അറിയിച്ചു. കല്യാണത്തിന് പങ്കെടുക്കുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മിഖായേൽ കേരളത്തിൽ വന്ന് ദുസ്മിനയെ കൊണ്ടു പോകാമെന്നു പറഞ്ഞു. അതു പ്രകാരം മിഖായേൽ തൃശൂരിലെത്തി ദുസ്മിനയെ ഒഡിഷയിലേക്കു കൊണ്ടു പോവുകയായിരുന്നു.
അവിടെ എത്തിയപ്പോഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നെങ്കിലും ദുസ്മിനയും മിഖായേലും തമ്മിലുള്ള പ്രണയം ഇരുവരുടെയും വീട്ടിലറിഞ്ഞതിനാൽ ഇവരുടെ വിവാഹം വീട്ടുകാർ നടത്തിക്കൊടുത്തു.
തുടർന്ന് ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരവെയാണ് തൃശൂർ റൂറൽ പൊലീസ് അന്വേഷിച്ച് ചെല്ലുന്നത്.
പൊലീസ് പറയുമ്പോഴാണ് ദുസ്മിനയെ കാണാതായ കാര്യത്തിന് മദർ സൂപ്പീരിയറിന്റെ പരാതിയിൽ കേസ് എടുത്തിട്ടുള്ള കാര്യം ഇവർ അറിയുന്നത്.
കേസിനെ കുറിച്ച് പൊലീസ് വിശദമായി പറഞ്ഞു മനസിലാക്കിയ ശേഷം ദുസ്മിനയെ ഭർത്താവ് മിഖേയലിനെയും കൂട്ടി ആളൂർ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
Leave a Reply