ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളെജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് അപൂർവ്വയിനം കുഴിയാന വലച്ചിറകന്മാരെ കണ്ടെത്തി.
ഇവയെ ആദ്യമായാണ് സംസ്ഥാനത്ത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത്.
കേരളത്തിലെ മലപ്പുറം ജില്ലയിലെ വാഴയൂർ പ്രദേശത്താണ് ഇൻഡോപാൽപാരസ് പാർഡസ് കുഴിയാന വലച്ചിറകനെ കണ്ടെത്തിയത്.
ഈ ജീവജാതിയെ ഇതിനുമുമ്പ് ബീഹാർ, ഛത്തീസ്‌ഗഢ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമേ കണ്ടുപിടിച്ചിട്ടുള്ളൂ.
പാൽപ്പാരസ് കണ്ട്രേറിയസ് എന്ന ജീവജാതിയെ കേരളത്തിൽ കൊല്ലം (കട്ടിലപ്പാറ, റോസ്മല), ഇടുക്കി (കോലാഹലമേട്), കണ്ണൂർ (കൂത്തുപറമ്പ്), കോഴിക്കോട് (പായംതൊണ്ട്), പാലക്കാട് (പുതുനഗരം), വയനാട് (തിരുനെല്ലി) എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്.
മുൻപ് ഇത് കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, മിസോറം എന്നീ സംസ്ഥാനങ്ങളിൽ മാത്രം രേഖപ്പെടുത്തിയിരുന്നു.
ഇതിനുമുമ്പ് തമിഴ്‌നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽ മാത്രം കണ്ടിരുന്ന സ്റ്റെനാരസ് ഹാർപിയ (Stenares harpyla) ജീവജാതിയെ പത്തനംതിട്ടയിലെ ഗവി, വയനാട്ടിലെ തിരുനെല്ലി, ഇടുക്കിയിലെ വള്ളക്കടവ് എന്നിവിടങ്ങളിലാണ് കണ്ടെത്തിയത്.
ഇതോടെ ഈ ജാതിയുടെ താത്വിക പരിധി ദക്ഷിണ പശ്ചിമഘട്ടത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
ഈ കണ്ടെത്തൽ ‘ജേർണൽ ഓഫ് ഇൻസെക്‌ട് ബയോഡൈവേഴ്‌സിറ്റി ആൻഡ് സിസ്റ്റമാറ്റിക്സ്’ എന്ന അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലിലാണ് പ്രസിദ്ധീകരിച്ചത്.
സാധാരണ കണ്ടുവരുന്ന തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടു നീണ്ടു നിൽക്കുന്ന സ്പർശനി ഉള്ളത് കാരണമാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളിൽ നിന്നും വ്യത്യാസപ്പെടാനുള്ള പ്രധാന കാരണം.
കുഴിയാനകളിൽ നിന്നും വ്യത്യസ്‌തമായി അയഞ്ഞ മണ്ണിൽ കുഴികൾ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തിൽ ആണ് ഇവയുടെ ലാർവ കാണപ്പെടുന്നത്.
ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി റിസർച്ച് ലാബിലെ (എസ്.ഇ.ആർ.എൽ.) ഗവേഷകനും എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളെജിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ ടി.ബി. സൂര്യനാരായണൻ, എസ്.ഇ.ആർ.എൽ. മേധാവിയും ക്രൈസ്റ്റ് കോളെജ് ജന്തുശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവിൻഡി എബ്രഹാം എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ പ്രവർത്തിച്ചത്.
കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.
ക്രൈസ്റ്റ് കോളെജിലെ ഷഡ്‌പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിൽ ഇത്തരം ജീവികളുടെ ഗവേഷണത്തിന് പ്രത്യേക ഊന്നൽ നൽകുന്നുണ്ട്.
Leave a Reply