ഇരിങ്ങാലക്കുട ടൗൺ ബാങ്കിന് ആറു മാസത്തെ നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്

ഇരിങ്ങാലക്കുട : ടൗൺ കോ – ഓപ്പറേറ്റീവ് ബാങ്കിന് ആറു മാസത്തെ കർശന നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.

നിയന്ത്രണങ്ങൾ സംബന്ധിച്ച നോട്ടീസ് ബാങ്കിൻ്റെ എല്ലാ ശാഖകളിലും പതിച്ചു കഴിഞ്ഞു.

ഈ ഉത്തരവ് പ്രകാരം അടുത്ത ആറു മാസക്കാലത്തേക്ക് ഇടപാടുകാർക്ക് അവരുടെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കാവുന്ന തുക 10,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

ഓണക്കാലം അടുത്തിരിക്കുന്നതിനാൽ ഈ ഉത്തരവ് ജനങ്ങളിൽ ഏറെ ആശങ്ക ഉളവാക്കിയിട്ടുണ്ട്.

എന്നാൽ ബാങ്കിൻ്റെ ഇടപാടുകാരാരും ആശങ്കപ്പെടേണ്ടതില്ലെന്നും, റിസർവ് ബാങ്കിൻ്റെ ഉത്തരവ് ആറുമാസ കാലത്തേക്ക് മാത്രമാണെന്നും, ബാങ്കിൻ്റെ സ്ഥിതി മെച്ചപ്പെടുന്ന നിലയ്ക്ക് ഈ ഉത്തരവ് പിൻവലിക്കുമെന്നും ഉത്തരവിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് ബാങ്ക് ചെയർമാൻ എം.പി. ജാക്സൺ വ്യക്തമാക്കി.

റിസർവ് ബാങ്ക് മാനദണ്ഡ പ്രകാരം 1000 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള ബാങ്കുകൾക്ക് നൽകുന്ന കർശന നിയന്ത്രണങ്ങൾക്ക് ടൗൺ കോ – ഓപ്പറേറ്റീവ് ബാങ്ക് വിധേയമാണ്. ഇതിൽ നിന്നും പുറത്തു കടക്കുവാനായി ബാങ്ക് കുറച്ചുകാലമായി നിക്ഷേപം കുറച്ചു വരികയാണ്. 1280 കോടി ആയിരുന്ന നിക്ഷേപം 900 കോടി രൂപയായി കുറച്ചെങ്കിലും ക്ലാസിഫിക്കേഷൻ ഇതുവരെയും വ്യത്യാസപ്പെട്ടിട്ടില്ലെന്നും ജാക്സൺ ചൂണ്ടിക്കാട്ടി.

ഇതിനിടയിൽ രാജ്യത്തെ മോശപ്പെട്ട സാമ്പത്തിക വ്യവസ്ഥയെ തുടർന്ന് വായ്പ തിരിച്ചടവ് മോശമാവുകയും, അതുവഴി റിസർവ് ബാങ്കിൻ്റെ സാമ്പത്തിക സൂചകങ്ങൾ പൂർണമായും പാലിക്കുവാൻ കഴിയാതെ വരികയും ചെയ്തു. ഇത് താൽക്കാലിക പ്രതിഭാസമാണെന്നും, ഇത് മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ബാങ്കെന്നും, എത്രയും വേഗം റിസർവ് ബാങ്കിൻ്റെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു തന്നെ ഈ താൽക്കാലിക നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *