കലാനിലയം ഗോപിനാഥൻ്റെ സ്മരണയിൽ വിതുമ്പി മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട : വിട പറഞ്ഞ കഥകളിനടനും ഉണ്ണായിവാരിയർ സ്‌മാരക കലാനിലയത്തിലെ മുഖ്യ വേഷാധ്യാപകനുമായിരുന്ന കലാനിലയം ഗോപിനാഥന്‍റെ സ്മരണയിൽ വാക്കുകളിടറി മന്ത്രി ആർ ബിന്ദു.

ഗോപിനാഥന്‍റെ ശിഷ്യർ ചേർന്ന് സംഘടിപ്പിച്ച “ഗോപിനാഥം” പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ഗദ്ഗദകണ്ഠയായത്.

ഗോപിനാഥൻ കലാനിലയത്തിൽ പഠിക്കുന്ന കാലം മുതലുള്ള അനുഭവം മന്ത്രി പങ്കുവച്ചു.

ചടങ്ങിൽ ഉണ്ണായിവാര്യർ സ്മ‌ാരക കലാനിലയം സെക്രട്ടറി സതീഷ് വിമലൻ അധ്യക്ഷത വഹിച്ചു.

കലാനിലയം രാജീവ് വരച്ച ഛായാചിത്രം മന്ത്രി അനാച്ഛാദനംചെയ്തു.

പ്രഥമ “ഗോപിനാഥം” പുരസ്കാരം കലാമണ്ഡലം ശിബി ചക്രവർത്തിക്ക് കഥകളി ആചാര്യൻ ഡോ സദനം കൃഷ്‌ണൻകുട്ടി സമ്മാനിച്ചു.

10,001 രൂപയും, പ്രശസ്തിപത്രവും, ഫലകവും, അംഗവസ്ത്രവും അടങ്ങുന്ന പുരസ്കാരം സ്പോൺസർ ചെയ്തതും മന്ത്രി ബിന്ദുവാണ്.

‌പ്രൊഫ സാവിത്രി ലക്ഷ്മണൻ മുഖ്യാതിഥിയായി.

കഥകളി നിരൂപകൻ എം. മുരളിധരൻ അനുസ്‌മരണ ഭാഷണം നടത്തി.

നഗരസഭ കൗൺസ‌ിലർ ടി വി ചാർളി, കഥകളി ക്ലബ് പ്രസിഡന്‍റ് രമേശൻ നമ്പീശൻ, കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം അപ്പുക്കുട്ടൻ സ്വരലയം, കഥകളി സംഘാടകൻ അനിയൻ മംഗലശ്ശേരി, ആട്ടക്കഥാകൃത്ത് ടി. വേണുഗോപാൽ, കഥകളി ആർട്ടിസ്റ്റ് അസോസിയേഷൻ സെക്രട്ടറി കലാമണ്ഡലം മനേഷ് എം. പണിക്കർ, കലാമണ്ഡലം പ്രഷീജ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.

ക്ഷമ രാജയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സി.വിനോദ് കൃഷ്‌ണൻ സ്വാഗതവും, കലാനിലയം മനോജ് നന്ദിയും പറഞ്ഞു.

തുടർന്ന് കുചേലവൃത്തം കഥകളി അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *