ആറാട്ടുപുഴ ക്ഷേത്രത്തിൽ ഇല്ലംനിറ 27ന്

ഇരിങ്ങാലക്കുട : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ജൂലൈ 27 ഞായറാഴ്ച്ച നടത്തും.

രാവിലെ 8 മണിക്ക് നമസ്കാര മണ്ഡപത്തിൽ വെച്ച് ഗണപതി പൂജയോടെയാണ് ഇല്ലം നിറയുടെ ചടങ്ങുകൾ ആരംഭിക്കുക. തുടർന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവയുടെ ഇലകൾ മണ്ഡപത്തിൽ സമർപ്പിച്ച് ലക്ഷ്മിപൂജക്ക് തുടക്കം കുറിക്കും.

ലക്ഷ്മിപൂജയുടെ മദ്ധ്യേ അരിമാവ് കൊണ്ട് അണിഞ്ഞ് നാക്കിലയിൽ തയ്യാറാക്കി ഗോപുരത്തിൽ വച്ചിരിക്കുന്ന പൊൻകതിരുകൾ മേൽ ശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ശംഖനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേൽശാന്തിമാർ കതിർക്കറ്റകൾ ശിരസ്സിലേറ്റി ക്ഷേത്ര മതിൽക്കകത്ത് പ്രദക്ഷിണം വെച്ച് കതിരുകളെ ചുറ്റിനകത്തേക്ക് എഴുന്നെള്ളിക്കും.

ക്ഷേത്രത്തിനുള്ളിൽ പ്രദക്ഷിണം ചെയ്തു കതിർക്കറ്റകളെ നമസ്കാര മണ്ഡപത്തിൽ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷമിപൂജ പൂർത്തിയാക്കിയ ശേഷം പൂജിച്ച കതിരുകൾ ശ്രീകോവിലിൽ ശാസ്താവിന് സമർപ്പിക്കും.

ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകൾ സമർപ്പിച്ചതിനു ശേഷം നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.

പ്രസാദമായി ലഭിക്കുന്ന കതിരുകൾ സ്വന്തം ഗൃഹങ്ങളിൽ നിലവിളക്കിന്റെ സാന്നിദ്ധ്യത്തിൽ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം.

ക്ഷേത്രം മേൽശാന്തിമാരായ കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി, മൂർക്കനാട്മന മോഹനൻ നമ്പൂതിരി എന്നിവർ ഇല്ലംനിറക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *