പണം വാങ്ങിയിട്ടും സോളാർ സിസ്റ്റം സ്ഥാപിച്ചുനൽകിയില്ല ; നഷ്ടമടക്കം 1,60,000 രൂപയുംപലിശയും നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : പണം കൈപ്പറ്റിയിട്ടും സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.

തൃശൂർ മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ വീട്ടിൽ എൻ എ ലോനപ്പൻകുട്ടി ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കൊരട്ടിയിലെ സൗര നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ തൃശൂർ ഉപഭോക്തൃ കോടതി ഇപ്രകാരം വിധിയായത്.

സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് 1,30,000 രൂപയാണ് ലോനപ്പൻകുട്ടിയിൽ നിന്ന് എതിർകക്ഷി കൈപ്പറ്റിയത്. 45 ദിവസത്തിനുള്ളിൽ പണി തീർക്കാമെന്നാണ് ഏറ്റിരുന്നത്. 2,55,000 രൂപയായിരുന്നു മൊത്തം ഇതിന് പ്രതിഫലമായി നിശ്ചയിച്ചിരുന്നത്. നൽകിയ തുക കഴിഞ്ഞുള്ള ബാക്കി തുക പണി കഴിഞ്ഞ് നൽകിയാൽ മതിയെന്നും വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ വാഗ്ദാന പ്രകാരം അവർ സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകിയില്ല.

തുടർന്നാണ് ലോനപ്പൻകുട്ടി തൃശൂർ ഉപഭോക്തൃ കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നത് തെറ്റും സേവനത്തിലെ വീഴ്ച്ചയുമാണെന്ന് കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരനിൽ നിന്ന് എതിർകക്ഷി ഈടാക്കിയ 1,30,000 രൂപയും, നഷ്ട പരിഹാരമായി 25,000 രൂപയും, ചിലവിലേക്ക് 5,000 രൂപയും, ഈ തുകകൾക്ക് 9% പലിശയും നൽകുവാൻ
കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു.

ഹർജിക്കാരനു വേണ്ടി അഡ്വ എ ഡി ബെന്നി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *