ഇരിങ്ങാലക്കുട : ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് ഇരിങ്ങാലക്കുട കിഴുത്താണി സ്വദേശിയിൽ നിന്ന് 1,34,50,000 രൂപ തട്ടിയ കേസ്സിൽ ഏജൻ്റായി പ്രവർത്തിച്ച കൊടുങ്ങല്ലൂർ അഴീക്കോട് ജെട്ടി സ്വദേശി അമ്പലത്ത് വീട്ടിൽ അലിയെ (59) ഇരിങ്ങാലക്കുട സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിംഗ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി ബി വൺ ഗോൾഡ് സ്റ്റോക്ക് ഇൻവെസ്റ്റർ ഡിസ്കഷൻ ഗ്രൂപ്പ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിംഗ് നടത്തുന്നതിനുള്ള https://www.fyers-privilage.com എന്ന ലിങ്കും ട്രേഡിംഗ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചു കൊടുത്തിരുന്നു.
അതു പ്രകാരം 2024 സെപ്തംബർ 22 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളിൽ നിന്ന് പല തവണകളായി പരാതിക്കാരൻ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് നൽകുകയായിരുന്നു.
പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും പ്രതികളുടെ പാൽ ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക് 26 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് കൊടുത്തതിൽ 8,80,000 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായതുൾപ്പെടെ 9 ലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പിൻവലിച്ച് അതിൻ്റെ കമ്മീഷൻ കൈപ്പറ്റി 9 ലക്ഷം രൂപ തട്ടിപ്പുസംഘത്തിന് കൈമാറി ഏജൻ്റായി പ്രവർത്തിച്ചതിനാണ് അലിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം സൈബർ എസ്എച്ച്ഒ എം.എസ്. ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, സുജിത്ത്, ജസ്റ്റിൻ വർഗ്ഗീസ്, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫീസർ ശ്രീനാഥ്, ഡ്രൈവർ സിപിഒ അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
Leave a Reply