മൂർക്കനാട് ഇരട്ട കൊലപാതകം : ഒരു വർഷമായി ഒളിവിലായിരുന്ന പ്രതിയെ ബാഗ്ലൂരിൽ നിന്നും പിടികൂടി

ഇരിങ്ങാലക്കുട : മൂർക്കനാട് ഇരട്ട കൊലപാതക കേസിൽ ഒരു വർഷത്തോളം പ്രതി കരുവന്നൂർ സ്വദേശി കറുത്തുപറമ്പിൽ അനുമോദിനെ (27) ബാംഗ്ലൂരിൽ നിന്നും പോലീസ് പിടികൂടി.

2024 ഏപ്രിൽ 3ന് മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു ശേഷം ആലുംപറമ്പിൽ വച്ചാണ് തൃശൂർ വെളുത്തൂർ സ്വദേശി അക്ഷയ്, ആനന്ദപുരം സ്വദേശി
സന്തോഷ് എന്നിവർ കൊല്ലപ്പെട്ടത്.

നിരവധി കേസുകളിൽ പ്രതിയായ കരുവന്നൂർ കറത്തുപറമ്പിൽ മാൻഡ്രൂ എന്നറിയപ്പെടുന്ന അഭിനന്ദിൻ്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.

ഒന്നാം പ്രതി മാൻഡ്രുവിൻ്റെ അനുജനാണ് ഇപ്പോൾ പിടിയിലായ അനുമോദ്. ഈ കേസിൽ നാലാം പ്രതിയാണ് ഇയാൾ. കൊലപാതകശേഷം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ അനുമോദ് നാടു വിടുകയായിരുന്നു.

വീടുംനാടുംവേഷവുംമാറി ; #പക്ഷേവേഷം #മാറിയെത്തിയപോലീസിൻ്റെപിടിയിലായി

കഴിഞ്ഞ ബുധനാഴ്ച്ചയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി. വൈ. എസ്. പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ എം.എസ്.ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചത്. പലയിടത്തായി ഒളിവിൽ കഴിഞ്ഞ അനുമോദ് ഒഡീഷയിൽ കുറെ നാൾ തങ്ങിയതിനു ശേഷം മൂന്നു മാസം മുമ്പാണ് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയിലെ ഒരു കടയിൽ ജോലി ചോദിച്ചെത്തി ആരുമറിയാതെ ഒളിജീവിതം നയിച്ചു വന്നിരുന്നത്.

മതിലകം സ്റ്റേഷനിൽ മൂന്നു കൊലപാതകശ്രമ കേസ്, ആയുധം കൈവശം വച്ച കേസ്, കാട്ടൂർ സ്റ്റേഷനിൽ രണ്ടു കൊലപാതകശ്രമ കേസ്, മയക്കുമരുന്നു കേസ്, ഇരിങ്ങാലക്കുട സ്റ്റേഷനിൽ കവർച്ച കേസടക്കം മൂന്നു ക്രിമിനൽ കേസുകൾ എന്നിവയിൽ പ്രതിയായ അനുമോദിൻ്റെ ഒരു വർഷത്തോളം നീണ്ട ഒളിവു ജീവിതമാണ് ബാംഗ്ലൂരിലെ വാടകവീട്ടിൽ വ്യാഴാഴ്ച്ച അവസാനിച്ചത്.

പോലീസ് എത്തുന്ന സമയത്ത് പുലർച്ചെയുള്ള ഇളംതണുപ്പിൽ പുതപ്പിനുള്ളിലെ ചൂടിൽ സുഖനിദ്രയിലായിരുന്നു പ്രതി.

“മോനേ കേരളാ പോലീസാണെടാ , എഴുന്നേൽക്കടാ” എന്ന വിളി കേട്ട് കണ്ണു തുറന്ന അനുമോദ് കണ്ടത് തനിക്കു ചുറ്റും വട്ടമിട്ടു നിൽക്കുന്ന പോലീസുകാരെയാണ്. തുടർന്ന് ചെറുത്തു നില്പൊന്നും ഇല്ലാതെ തന്നെ കീഴടങ്ങി.

കോടതിയിൽ നിന്ന് മൂന്നു അറസ്റ്റു വാറണ്ട് ഇയാളുടെ പേരിൽ നിലവിലുണ്ട്.

ഇരിങ്ങാലക്കുട എസ്.ഐ. ദിനേശ് കുമാർ, എ. എസ്. ഐ. കെ.വി.ഉമേഷ്, സീനിയർ സി.പി.ഓ. ഇ.എസ്.ജീവൻ, സി.പി. ഓ മാരായ കെ.എസ്. ഉമേഷ്, ഇ.ജി. ജിജിൽ, വി. കൃഷ്ണദാസ് എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *