മുരിയാടിന് ഇനി സ്വന്തം ഗ്രാമവണ്ടി : മേയ് 3ന് സർവീസ് ആരംഭിക്കും

ഇരിങ്ങാലക്കുട : പൊതുഗതാഗത രംഗം ജനകീയ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ   മുരിയാട് പഞ്ചായത്ത് മൂന്നാം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രാമവണ്ടി സർവീസിന് മേയ് 3ന് രാവിലെ 9 മണിക്ക് ആനന്ദപുരം എടയാറ്റുമുറിയിൽ മന്ത്രി ഡോ. ആർ. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. 

മുകുന്ദപുരം താലൂക്കിലെ ആദ്യത്തേതും തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തേതുമായ പഞ്ചായത്താണ് ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കുന്നത്. 

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് മുരിയാട് പഞ്ചായത്തിന് വേണ്ടി സർവ്വീസ് ആരംഭിക്കുന്നത്.

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സിവിൽ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, മാർക്കറ്റ്, ദേശീയ പാത എന്നിവയെ ബന്ധിപ്പിക്കുന്നതും, പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിൻ്റെ വെറ്റിനറി, ഹോമിയോ, അലോപ്പതി ആശുപത്രികൾ, കൃഷിഭവൻ, സർക്കാർ സ്കൂൾ  എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗകര്യം ലഭിക്കുന്ന തരത്തിൽ ഇരിങ്ങാലക്കുട മുതൽ നെല്ലായി വരെയാണ് ഗ്രാമവണ്ടി സൗകര്യം ഒരുക്കിയിരിക്കുന്നത്.  

കെ.എസ്.ആർ.ടി.സി.യുമായി ധാരണാപത്രം ഒപ്പു വെച്ച് കഴിഞ്ഞു. 

കെ.എസ്.ആർ.ടി.സി.യുടെ ബസ്സ് അലോക്കേഷനും റൂട്ടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. 

ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കുന്നതോടെ മുരിയാട് പഞ്ചായത്തിൽ പൊതുഗതാഗത സൗകര്യം എത്തിപ്പെടാത്ത ബഹുഭൂരിപക്ഷം മേഖലകളിലും ആളുകൾക്ക് പട്ടണത്തിലും വിവിധ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ വലിയ അനുഗ്രഹമായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *