വിയ്യൂർ ജയിലിൽ നേട്ടങ്ങളുടെ കൊയ്ത്തുത്സവം : വിളവെടുത്തത് 60 ടൺ പച്ചക്കറി

തൃശൂർ : വിയ്യൂർ ജയിലിലെ പച്ചക്കറി കൃഷിയിൽ നിന്ന് ഇക്കുറി വിളവെടുത്തത് 60 ടൺ പച്ചക്കറി.

2023- 24 വർഷത്തേക്കാൾ ഇരട്ടി പച്ചക്കറിയാണ് ഈ വർഷം ഉൽപാദിപ്പിച്ചത്. പൂർണ്ണമായും ജൈവവളമാണ് ഇവിടെ ഉപയോഗിക്കുന്നത്.

കൃഷിയിൽ വൻ മുന്നേറ്റം നടത്തിയതോടെ ഉൽപാദന വർദ്ധനവിന് കാർഷിക യന്ത്രങ്ങൾ വാങ്ങാൻ 34.62 ലക്ഷം രൂപ സർക്കാർ ഫണ്ട് അനുവദിച്ചു.

കേന്ദ്ര ആവിഷ്കൃത കാർഷിക യന്ത്രവൽക്കരണ ഉപദൗത്യം പദ്ധതിയിലൂടെ ജയിലിലേക്ക് ട്രാക്ടർ ഉൾപ്പെടെയുള്ള കാർഷിക യന്ത്രങ്ങൾ വാങ്ങാനാണ് 34.62 ലക്ഷം രൂപ സംസ്ഥാന കൃഷി വകുപ്പ് അനുവദിച്ചത്.

ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾ ജയിൽ അന്തേവാസികളുടെ ഭക്ഷണത്തിനായാണ് വിനിയോഗിക്കുന്നത്. അതുവഴി ജയിൽ അടുക്കള ചെലവിൽ 38 ലക്ഷം രൂപ കുറയ്ക്കാനായി.

1200 തടവുകാരെ പാർപ്പിച്ചിട്ടുള്ള ജയിലിൽ പ്രതിമാസം 12 ലക്ഷം രൂപയുടെ പച്ചക്കറികളാണ് ഹോർട്ടികോർപ് വഴി വാങ്ങിയിരുന്നത്. തടവുകാരുടെയും ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ ഈ ചെലവ് ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞു.

പച്ചക്കറി കൃഷിക്ക് പുറമേ 25,200 ലിറ്റർ പാൽ ജയിൽ ഗോശാലയിൽ നിന്നും അടുക്കളയിലേക്ക് നൽകി. ജയിലിൽ ആവശ്യമായ പാലിൻ്റെ 70% ആണ് ഉത്പാദനം.

ആട്, മാട്, പന്നി വില്പനയിലൂടെ 5.7 ലക്ഷം രൂപയും കശുവണ്ടി, പൂക്കൾ, വാഴയില വില്പനയിലൂടെ 1.2 ലക്ഷം രൂപയും നേടാനായി.

മികച്ച കാർഷിക യന്ത്രങ്ങൾ ലഭിക്കുന്നതോടെ വരും വർഷങ്ങളിൽ ഉൽപാദനം വർദ്ധിക്കും. ഇതിലൂടെ ജയിലിലെ പച്ചക്കറി ആവശ്യത്തിന് സ്വയം പര്യാപ്തത നേടാൻ കഴിയുമെന്ന് സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പറഞ്ഞു.

തടവുകാർ കാർഷിക പ്രവർത്തികളിൽ ഏർപ്പെടുന്നത് വഴി കുറ്റവാസനകൾ കുറയ്ക്കാനാവുമെന്നും തിരുത്തൽ കേന്ദ്രങ്ങളായി ജയിൽ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.