ജാത്യാധികാര ഘടന തകര്‍ക്കപ്പെടണം : കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ്

ഇരിങ്ങാലക്കുട : മനുവാദ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ജാത്യാധികാരഘടന തകര്‍ക്കപ്പെടണമെന്ന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പറഞ്ഞു.

ഇരിങ്ങാലക്കുട യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതീയ വിവേചനത്തില്‍ അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ജാത്യാധികാര ഘടന നിലനിര്‍ത്തണമെന്നാണ്. ശാസ്ത്രസാങ്കേതിക മേഖലയിലെ പുരോഗതി കണ്ട് ലോകം തരിച്ച് നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നത്. കാരായ്മ വാദത്തിന്റെ പുറകിലുള്ള താല്പര്യങ്ങള്‍ പടച്ചോറിൻ്റെയും നാമമാത്രമായ സമ്പത്തിലും ഒതുങ്ങുന്നതല്ലെന്ന് പകല്‍പോലെ വെളിച്ചമാണ്. പാരമ്പര്യവാദവും കുലമഹിമയും നവോത്ഥാന കേരളം പിഴുതെറിഞ്ഞതാണെന്നും ശ്രേണീബന്ധമായ ജാതി ഘടന നിലനിര്‍ത്തണമെന്ന ചിന്തകള്‍ ആധുനിക സമൂഹത്തിന് ഭൂഷണമല്ലെന്നും പി.എ. അജയഘോഷ് കൂട്ടിച്ചേര്‍ത്തു.

യൂണിയന്‍ പ്രസിഡന്റ് കെ.സി. രാജീവ് അധ്യക്ഷത വഹിച്ചു.

നേതാക്കളായ പി.എന്‍. സുരന്‍, ഷാജു ഏത്താപ്പിള്ളി, പി.സി. രഘു, രഞ്ജിത്ത് കരാഞ്ചിറ, വി.എം. ലളിത, പി.സി. രാജീവ്, കെ.വി. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.വി. രഞ്ജിത്ത് (പ്രസിഡന്റ്), കെ.സി. രാജീവ് (സെക്രട്ടറി), വി.എം. ലളിത (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായി പുതിയ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *