ഇരിങ്ങാലക്കുട : ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എർപ്പെടുത്തിയ നവാഗത സംവിധായകനുള്ള സി.ആർ. കേശവൻ വൈദ്യർ മെമ്മോറിയൽ അവാർഡ് “വിക്ടോറിയ” എന്ന ചിത്രത്തിൻ്റെ സംവിധായിക ജെ. ശിവരഞ്ജിനിക്ക്. 25000 രൂപയും മൊമെൻ്റോയും അടങ്ങുന്നതാണ് പുരസ്കാരം.
റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്., ഡോ. സി.ജി. രാജേന്ദ്രബാബു, സി.എസ്. വെങ്കിടേശ്വരൻ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
കേരളീയ സ്ത്രീ ജീവിതങ്ങൾ, ഭാവനകൾ, കാമനകൾ എന്നിവയിലൂടെയുള്ള ഒരു സൂക്ഷ്മ സഞ്ചാരമാണ് ശിവരഞ്ജിനിയുടെ ആദ്യ ചിത്രമായ വിക്ടോറിയയെന്നും സ്ത്രീ കഥാപാത്രങ്ങളെ ഇരയോ ഉപഭോഗ വസ്തുവോ ആയി മാത്രം അവതരിപ്പിച്ചു പോരുന്ന സിനിമാ വഴക്കങ്ങളെ ചിത്രം ഭേദിക്കുകയാണെന്നും ജൂറി വിലയിരുത്തി.
മാർച്ച് 16ന് ഇരിങ്ങാലക്കുട മാസ് മൂവീസിൽ നടക്കുന്ന ആറാമത് ഇരിങ്ങാലക്കുട ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തിൽ എസ്.വി. പ്രൊഡക്റ്റ്സ് ചെയർമാൻ ഡോ. സി.കെ. രവി അവാർഡ് ദാനം നിർവഹിക്കും.
ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മാധ്യമ പ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യും.
ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ അഖിലകേരള ലേഖന മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജിലെ ബി.എ. ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർഥിനി കെ. സേതുലക്ഷ്മി, തൃശ്ശൂർ പുറനാട്ടുകര സെൻട്രൽ സംസ്കൃതം സർവ്വകലാശാല വിദ്യാർഥിനി എൻജലിൻ കെ. ജെൽസൻ, കാലിക്കറ്റ് സർവകലാശാല മലയാള – കേരള പഠന വിഭാഗം വിദ്യാർഥി കെ.ടി. പ്രവീൺ, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾ നേടിയ മലപ്പുറം തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർഥി ടി.കെ. അതുൽ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജ് ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി അൽന സാബു, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോ വിദ്യാർഥിനി അമിയ എം. അരിക്കാട്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് ബിഎ എക്കണോമിക്സ് വിദ്യാർഥി മാത്യു എബ്രഹാംസൺ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജ് എം എസ് സി വിദ്യാർഥിനി സാനി ആൻ്റണി, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജ് എംഎ മലയാളം വിദ്യാർഥിനി പി.ജി. കൃഷ്ണപ്രിയ, ചങ്ങനാശ്ശേരി അസംപ്ഷൻ കോളെജ് ബിഎ ഹിസ്റ്ററി വിദ്യാർഥി ജെറിൻ സിറിൾ എന്നിവർക്ക് മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ. ജോർജ്ജ് ഡി. ദാസ് അവാർഡുകൾ സമ്മാനിക്കും.












Leave a Reply