വിദ്യാർഥികളിൽ കൗതുകമുണർത്തി ഭാരതീയ വിദ്യാഭവനിലെ ”കളമരങ്ങ്” കലാശില്പശാല

ഇരിങ്ങാലക്കുട : അന്യം നിന്നു പോകുന്ന നാടൻകലകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ, ഭാരതീയ വിദ്യാഭവന്റെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കലാപ്രോത്സാഹന യജ്ഞത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ സംഘടിപ്പിച്ച കലാശില്പശാല ”കളമരങ്ങ്” വിദ്യാർഥികളിൽ കൗതുകമുണർത്തി.

കളമെഴുത്ത്, ഓട്ടൻതുള്ളൽ എന്നീ കലാരൂപങ്ങളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവു പകരാൻ ശില്പശാലയിലൂടെ അവസരമൊരുങ്ങി.

പ്രസിദ്ധ കളമെഴുത്ത് കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ കടന്നമണ്ണ ശ്രീനിവാസൻ, കേരള കലാമണ്ഡലം ഓട്ടൻതുള്ളൽ വിഭാഗം മേധാവിയും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ കലാമണ്ഡലം മോഹനകൃഷ്ണൻ എന്നിവരാണ് ശില്പശാല നയിച്ചത്.

കേരള കലാമണ്ഡലത്തിൽ നിന്നുള്ള ഐശ്വര്യ എസ് കുമാർ, അനിരുദ്ധ്, അദ്വൈത ആനന്ദ് എന്നീ വിദ്യാർഥികളും ശില്പശാലയിൽ പങ്കുചേർന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ചെയർമാൻ അപ്പുക്കുട്ടൻ നായർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എൻ മേനോൻ, വിവേകാനന്ദൻ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, മലയാള വിഭാഗം മേധാവി ബിന്ദുമതി എന്നിവർ പങ്കെടുത്തു.

സ്കൂളിലെ മലയാളം വിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.