കാപ്പ ലംഘനം : കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ രമേഷ് അറസ്റ്റിൽ

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട ഉണ്ടപ്പൻ എന്നറിയപ്പെടുന്ന കൊടകര പഴമ്പിളളി സ്വദേശി ഇരിങ്ങപ്പിളളി വീട്ടിൽ രമേഷി(36)നെ അറസ്റ്റ് ചെയ്തു.

6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ചാലക്കുടി, പരിയാരം, കൊടകര, എന്നീ സ്ഥലങ്ങളിൽ പ്രവേശിച്ച് കാപ്പ സഞ്ചലന നിയന്ത്രണ ഉത്തരവ് ലംഘിച്ചതിനാലാണ് ഉണ്ടപ്പൻ രമേഷിനെ അറസ്റ്റ് ചെയ്തത്.

കാപ്പ നിയമലംഘനം നടത്തുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് തൃശൂർ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് നൽകിയ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കി കൊണ്ടിരിക്കെയാണ് രമേഷ് നിയലംഘനം നടത്തിയതായി കണ്ടെത്തി കൊടകര പൊലീസ് ഇൻസ്പെക്ടർ പി കെ ദാസ് അറസ്റ്റ് ചെയ്തത്.

അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ ബിനു പൗലോസ്, ആഷ്ലിൻ, പൊലീസ് ഉദ്യോഗസ്ഥരായ സഹദ്, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

രമേഷ് കൊടകരയിൽ 2009ലും 2011ലും വധശ്രമ കേസുകളിലും, 2009ലും 2023ലും കൊടകരയിൽ രണ്ട് അടിപിടി കേസിലും, 2019ൽ ചാലക്കുടിയിൽ ഒരു അടിപിടി കേസിലും, 2022ൽ പുതുക്കാട് പാലിയേക്കരയിൽ ടോൾ പ്ലാസ പൊളിച്ച കേസിലും പ്രതിയാണ്.

2025 ജനുവരി മുതൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അലി അഷ്കർ, സിദ്ദിഖ്, കൈപമംഗലം സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹസീബ്, അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഉണ്ണിമോൻ എന്ന രഞ്ജിത്ത് എന്നിവരെ കാപ്പ നിയമപ്രകാരം ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അനു, ഡാനിയേൽ, കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സുൾഫിക്കർ, ആളൂർ സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന വിഷ്ണു, ചേർപ്പ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രജീഷ് എന്നിവർക്ക് കാപ്പ നിയമപ്രകാരം ജില്ലയിൽ സഞ്ചലന നിയന്ത്രണ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ചേർപ്പ് സ്റ്റേഷൻ പരിധിയിലെ ശ്രീരാഗ്, മാള സ്റ്റേഷൻ പരിധിയിലെ കരീംഭായ് എന്ന് വിളിക്കുന്ന ജിതേഷ് എന്നിവരെ സഞ്ചലന നിയന്ത്രണവിലക്ക് ഉത്തരവ് ലംഘിച്ച് തൃശൂര്‍ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

Leave a Reply

Your email address will not be published. Required fields are marked *