ഇരിങ്ങാലക്കുട : കാലത്തിനൊത്ത് കോളെജിനെയും അപ്ഡേറ്റ് ചെയ്യുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർഥികൾ.
ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ 25 വിദ്യാർഥികൾ 5 ഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളെജുകളിൽ ആദ്യത്തേതായി ഇനി ചരിത്രത്തിൽ ഇടം പിടിക്കും.
”ജോസഫൈൻ” എന്നു പേരിട്ട റോബോട്ടിൻ്റെ ലോഞ്ചിംഗ് കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
ശാസ്ത്ര സാങ്കേതിക വിദ്യ അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന പുതുകാലത്ത് മനുഷ്യ മസ്തിഷ്കങ്ങളേക്കാൾ മുൻ നിരയിലാണ് മനുഷ്യനിർമിത മസ്തിഷ്കങ്ങൾ സർഗാത്മക പ്രവൃത്തിയിലടക്കം ഏർപ്പെടുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
കോളെജിൻ്റെ ചരിത്രത്തിലെ ശ്ലാഘനീയ നേട്ടമാണിതെന്നും വിദ്യാർഥികളിൽ നിന്നാണ് സമൂഹത്തിനു വേണ്ട നൂതനാശയങ്ങൾ രൂപപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.
പൂർവ്വ വിദ്യാർഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോർഡിനേറ്ററുമായ ഡോ ഇഷ ഫർഹ ഖുറൈഷി, സെൽഫ് ഫിനാൻസിംഗ് കോർഡിനേറ്റർ ഡോ സിസ്റ്റർ റോസ് ബാസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ചടങ്ങിൽ ഐ-ഹാബ് റോബോട്ടിക്സ് പ്രോജക്ടിൻ്റെ സി ഒ ആദിൽ, ഗണിതശാസ്ത്ര വിഭാഗം അധ്യക്ഷ സിൻ്റ ജോയ്, വിദ്യാർഥി പ്രതിനിധി വരദ എന്നിവർ സംബന്ധിച്ചു.
പഠനത്തിലൂടെ ആർജിച്ച അറിവ് സമൂഹത്തിനും ഉപയോഗപ്രദമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് “ജോസഫൈൻ” എന്ന റോബോട്ടിനെ രൂപകൽപ്പന ചെയ്തിട്ടുള്ളത്.
വ്യക്തികളുടെ മുഖം തിരിച്ചറിയൽ, ശബ്ദം തിരിച്ചറിയൽ, തത്സമയ വിവരങ്ങൾ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകൾക്ക് സുഗമമായി കോളെജ് സേവനങ്ങൾ ലഭ്യമാക്കാൻ വികസിപ്പിച്ചെടുത്ത മാപ്പ് – നാവിഗേഷൻ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങൾ കണ്ടെത്താനും അവയിലെ ആശയങ്ങൾ പറഞ്ഞു തരാനും സഹായിക്കുന്ന തരത്തിൽ കാഴ്ചപരിമിതരായ കുട്ടികൾക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക്ക് ലൈബ്രറി എന്നിങ്ങനെ അത്യാധുനിക സവിശേഷതകൾ അടങ്ങിയിട്ടുള്ള റോബോട്ടിക്ക് പ്രോജക്ടാണ് ജോസഫൈൻ.
വിദ്യാർഥികളുടെ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുന്നതിനൊപ്പം സാങ്കേതികവിദ്യയിലൂടെ സമൂഹത്തിൻ്റെ വികസനം എന്ന ലക്ഷ്യത്തെ ഉറപ്പുവരുത്തുകയാണ് ഈ പ്രോജക്ടിലൂടെ സെൻ്റ് ജോസഫ്സ് കോളെജ്.
വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകൾക്കൊപ്പം പ്രായോഗിക പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന നിലയിൽ ഗണിത മോഡലിംഗിൻ്റെയും എ ഐ- യുടെയും റോബോട്ടിക്സിൻ്റെയും ഇൻ്റർ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഗണിതവും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അത്യാധുനിക സാങ്കേതികവിദ്യയിലേക്ക് സമന്വയിപ്പിച്ചിരിക്കുന്നു.
കോളെജിലെ ബി വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷൽ വിഭാഗം അധ്യാപിക അഞ്ജു പി ഡേവീസാണ് വിദ്യാർഥികളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിയത്.
Leave a Reply