കോണത്തുകുന്ന് ഗവ.യു.പി. സ്കൂളിൽ പഠനോത്സവം

ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോണത്തുകുന്ന് ഗവ.യു.പി. സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് തല പഠനോത്സവം സംഘടിപ്പിച്ചു.

പഠനോത്സവം പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല സജീവന്‍ അധ്യക്ഷത വഹിച്ചു.

വെള്ളാങ്ങല്ലൂര്‍ ബിആര്‍സി ബിപിസി ഗോഡ് വിന്‍ റോഡ്രിഗ്സ്, പഞ്ചായത്ത് അസി. സെക്രട്ടറി സുജന്‍ പൂപ്പത്തി, പി.എസ്. ഷക്കീന, കെ.എ. സദക്കത്തുള്ള, എ.വി. പ്രകാശ്, പി.കെ. സൗമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ചാലക്കുടിയിൽ മൊബൈൽ മോഷ്ടാവ് പിടിയിൽ

ഇരിങ്ങാലക്കുട : ചാലക്കുടി പാലസ് റോഡിലുള്ള അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ കയറി മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മൂർഷിദാബാദ് സ്വദേശിയായ ആഷിക്കി(26)നെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ കഴിഞ്ഞ 2 വർഷമായി ഷൊർണ്ണൂരിൽ ഹോട്ടൽ ജോലി ചെയ്തു വരികയായിരുന്നു. 2 ദിവസം മുമ്പാണ് ചാലക്കുടിയിൽ വന്നത്.

മോഷണത്തിനിടെ റൂമിലെ താമസക്കാർ ഇയാളെ പിടികൂടി തടഞ്ഞ് വച്ചു. തുടർന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാലക്കുടി പൊലീസ് ഇൻസ്പെക്ടർ എം.കെ. സജീവ്, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്, ഋഷിപ്രസാദ്, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, ബിനു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൈയ്യടി നേടി ”കറുപ്പഴകി”യും ”കാമദേവൻ നക്ഷത്രം കണ്ടു”വും ; അന്താരാഷ്ട്ര ചലച്ചിത്രമേള അഞ്ചാം ദിനത്തിലേക്ക്

ഇരിങ്ങാലക്കുട : അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുടെ ജീവിതത്തിലൂടെ കറുപ്പിൻ്റെ രാഷ്ട്രീയം പറഞ്ഞ “കറുപ്പഴകി” ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നാലാം ദിനത്തിൽ ശ്രദ്ധ നേടി.

പ്രദർശനത്തിനും സംവാദങ്ങൾക്കും ശേഷം സംവിധായിക ഐ.ജി. മിനിയെ മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു ആദരിച്ചു.

പ്രൊഫ. ലിറ്റി ചാക്കോ, പി.കെ. ഭരതൻ മാസ്റ്റർ, രാധാകൃഷ്ണൻ വെട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ആദിത്യ ബേബി സംവിധാനം ചെയ്ത ”കാമദേവൻ നക്ഷത്രം കണ്ടു” എന്ന ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ശരത്കുമാർ, നടൻമാരായ അതുൾസിംഗ്, മജീദ് ഹനീഫ, ക്യാമറാമാൻ ന്യൂട്ടൺ എന്നിവരെ നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ആദരിച്ചു.

ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ മാർച്ച് 12ന് രാവിലെ 10 മണിക്ക് കേരളത്തിലെ ജലപാതകളുടെ കഥ പറയുന്ന “ജലമുദ്ര”, 12 മണിക്ക് അന്തർദേശീയ അംഗീകാരങ്ങൾ നേടിയ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്”, വൈകീട്ട് 6ന് ഗാസയിൽ നിന്നുള്ള നേരനുഭവങ്ങൾ ചിത്രീകരിച്ച “അൺടോൾഡ് സ്റ്റോറീസ് ഫ്രം ഗാസ – ഫ്രം ഗ്രൗണ്ട് സീറോ” എന്നിവ പ്രദർശിപ്പിക്കും.

നിര്യാതനായി

പി. രാമു മേനോൻ

ഇരിങ്ങാലക്കുട : വെള്ളാനി പാറയിൽ ലക്ഷ്മിക്കുട്ടി അമ്മ മകൻ പി. രാമു മേനോൻ (85) നിര്യാതനായി.

സംസ്കാരം ബുധനാഴ്ച (മാർച്ച് 12) രാവിലെ 9.30ന് വീട്ടുവളപ്പിൽ.

ഭാര്യ : പരേതയായ പുള്ളത്ത് ശാന്ത

മകൻ : ജയറാം (ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക്)

മരുമകൾ : പ്രിയ ജയറാം

ആരോഗ്യ സംരക്ഷണം ഇന്നിന്റെ ആവശ്യകത : ഡോ. പി. താര തോമസ്

ഇരിങ്ങാലക്കുട : സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്ന് ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ഗൈനക്കോളജിസ്റ്റ് ഡോ. പി. താര തോമസ് അഭിപ്രായപ്പെട്ടു.

കല്ലംകുന്ന് സെന്റ് സെബാസ്റ്റ്യന്‍ ഇടവക മാതൃസംഘം സംഘടിപ്പിച്ച ”അവള്‍ക്കൊപ്പം” എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കല്ലംകുന്ന് ഇടവക വികാരി ഫാ. അനൂപ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു.

ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

നൂറിലധികം പേര്‍ പങ്കെടുത്ത സെമിനാറില്‍ ഡോ. പി. താര തോമസ് ”ആരോഗ്യപരിപാലനത്തിന് സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍”, ”സ്ത്രീകളില്‍ കണ്ടുവരുന്ന വ്യത്യസ്ത തരം ക്യാന്‍സറുകള്‍, അവയുടെ ലക്ഷണങ്ങള്‍” എന്നീ വിഷയങ്ങളെക്കുറിച്ച് വിശദമാക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

മാതൃസംഘം ആനിമേറ്റര്‍ സിസ്റ്റര്‍ ബെനഡിക്റ്റ, ഇടവക കൈക്കാരന്‍ ആന്‍ഡ്രൂസ്, മാതൃസംഘം പ്രസിഡന്റ് സ്വാതി സിന്റോ, ട്രഷറര്‍ ലിന്‍സി ഷിജോ എന്നിവര്‍ പ്രസംഗിച്ചു.

ടി.കെ. അന്തോണിക്കുട്ടിയെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ടി.കെ. അന്തോണിക്കുട്ടിയുടെ ഏഴാം ചരമദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ഊരകം മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്‌മൃതിദിനാചരണം മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ ഉദ്‌ഘാടനം ചെയ്തു. 

ബൂത്ത് പ്രസിഡന്റ് എം.കെ. കലേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ജനറൽ സെക്രട്ടറി വിപിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി സുബിൻ, ജനറൽ സെക്രട്ടറി എബിൻ ജോൺ, കോൺഗ്രസ് ഭാരവാഹികളായ കെ.എൽ. ബേബി, ജോസ് ആലപ്പാടൻ, കെ.എൽ. ലോറൻസ്, ടി.കെ. വേലായുധൻ, വിൻസെന്റ് പോൾ ചിറ്റിലപ്പിള്ളി, ലിജോ ഷാജി, സണ്ണി കൂള എന്നിവർ പ്രസംഗിച്ചു.

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം : മുരിയാട് ഐ.എൻ.ടി.യു.സി.യുടെ പ്രതിഷേധ ധർണ്ണ

ഇരിങ്ങാലക്കുട : ഐ.എൻ.ടി.യു.സി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആശാവർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, ജോലിഭാരം കുറയ്ക്കുക, പെൻഷനും വിരമിക്കൽ അനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുരിയാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ഐ.എൻ.ടി.യു.സി. മുരിയാട് മണ്ഡലം പ്രസിഡന്റ് ഗംഗാദേവി അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി പി.എൻ. സതീശൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പ്രവീൺ ഞാറ്റുവെട്ടി സ്വാഗതം പറഞ്ഞു.

കാട്ടൂർ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.

മെമ്പർ ശ്രീജിത്ത് പട്ടത്ത്, ജോമി ജോൺ, രാമചന്ദ്രൻ, മുരളി തറയിൽ, ആശാവർക്കർമാരായ നിത അർജുൻ, മിനിമോൾ, റിച്ചി, മഹിളാ കോൺഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് തുഷം, കമ്മറ്റി ആംഗം ഷിജു എന്നിവർ പ്രസംഗിച്ചു.

സ്വാതി തിരുനാൾ സംഗീതോത്സവം മാർച്ച് 12ന് ആരംഭിക്കും

ഇരിങ്ങാലക്കുട : നാദോപാസന സംഗീതസഭയുടെ ആഭിമുഖ്യത്തിൽ 4 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്തസംഗീതോത്സവം മാർച്ച് 12ന് ആരംഭിക്കും.

ഇരിങ്ങാലക്കുട നഗരസഭ ടൗൺഹാളിലാണ് സംഗീതോത്സവത്തിന്‍റെ വേദി.

ഗാന രചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്‌ഘാടനം നിർവഹിക്കും.

നാദോപാസനയുടെ രക്ഷാധികാരിയും പ്രശസ്ത മൃദംഗ വിദ്വാനുമായ പാലക്കാട് ടി.ആർ. രാജാമണി അധ്യക്ഷനാകും.

അഷ്ടവൈദ്യൻ ഇ.ടി. ദിവാകരൻ മൂസ്സ്, എ.യു. രഘുരാമപണിക്കർ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ചടങ്ങിൽ വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും, മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും ഈ വർഷത്തെ നാദോപാസന- ഗാനാഞ്ജലി പുരസ്കാരം പാലക്കാട് ടി.ആർ. രാജാമണി സമർപ്പിക്കും.

കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാറും പ്രശസ്ത കലാനിരൂപകനുമായ വി. കലാധരൻ സ്വാതി തിരുനാൾ അനുസ്മരണ പ്രഭാഷണം നടത്തും.

നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ, കെ.എസ്.ഇ. ജനറൽ  മാനേജർ എം.അനിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

വൈകിട്ട് 4.30ന് സുന്ദരനാരായണ കൃതികളെ ഉൾപ്പെടുത്തി പെട്രിഷാ സാബു സംഗീതകച്ചേരി അവതരിപ്പിക്കും.

വൈകീട്ട് 7 മണിക്ക് കെ.എസ്. വിഷ്ണുദേവ് , ഗോകുൽ ആലങ്കോട്, വിജയ് നടേശൻ, തിരുവനന്തപുരം ആർ. രാജേഷ് എന്നിവർ ചേർന്നവതരിപ്പിക്കുന്ന സ്വാതിതിരുനാൾ കൃതികളുടെ സംഗീത കച്ചേരിയും അരങ്ങേറും.

മാർച്ച് 12 മുതൽ 15 വരെ ദിവസവും വൈകിട്ട് 6 മണിക്കാണ് സംഗീതോത്സവം തുടങ്ങുക.

തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന് “പരിപോഷകമുദ്ര” അവാർഡ്

ഇരിങ്ങാലക്കുട : സുവർണ്ണ ജൂബിലിയാഘോഷം നിറപ്പകിട്ടോടെ പൂർത്തിയാക്കിയ ഡോ. കെ.എൻ. പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ “പരിപോഷകമുദ്ര” തോട്ടാപ്പിള്ളി വേണുഗോപാൽ മേനോന്.

വേണുഗോപാൽ മേനോൻ്റെ വസതിയിൽ ചേർന്ന ചടങ്ങിൽ കരിങ്കല്ലിൽ തീർത്ത ഗണപതി വിഗ്രഹവും “പരിപോഷകമുദ്ര” ഫലകവും നൽകി, അംഗവസ്ത്രം അണിയിച്ച് കഥകളി ക്ലബ്ബ് ഭരണസമിതി അംഗങ്ങൾ അദ്ദേഹത്തെ ആദരിച്ചു.

കലാ സാംസ്കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് എന്നും കൈത്താങ്ങായി വർത്തിക്കുന്ന ഒരു മഹദ് വ്യക്തിയാണ് വേണുഗോപാൽ മേനോൻ എന്ന് കഥകളി ക്ലബ്ബ് പ്രസിഡൻ്റ് അനിയൻ മംഗലശ്ശേരി പറഞ്ഞു.

കഥകളി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലുടനീളവും, ഒരു വർഷമായി നടത്തിവന്ന സുവർണ്ണ ജൂബിലി ആഘോഷമായ “സുവർണ്ണ”ത്തിൻ്റെ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ചും വേണുഗോപാൽ മേനോൻ ഓജസ്സായി വർത്തിച്ചുവെന്ന് ക്ലബ്ബ് സെക്രട്ടറി രമേശൻ നമ്പീശൻ കൂട്ടിച്ചേർത്തു.

ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള നീചമായ പ്രചാരണം അവസാനിപ്പിക്കുക : കൂടൽമാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തൽപ്പര കക്ഷികൾ നീചമായ പ്രചാരണം നടത്തുന്നതായി കൂടൽമാണിക്യം ദേവസ്വം ഭരണസമിതി തന്ത്രി പ്രതിനിധി നെടുമ്പിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ആരോപിച്ചു.

കേരള നിയമസഭ പാസാക്കിയ നിയമങ്ങളെയും കേരള സർക്കാരിന്റെ ദേവസ്വം ചട്ടങ്ങളെയും ലംഘിച്ച് കൂടൽമാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു ഫെബ്രുവരി 24ന് നടന്ന കഴകം നിയമനമെന്നും ക്ഷേത്രത്തിൽ നിയമാനുസൃതം നിലനിൽക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും 5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടൽമാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തതെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് പറഞ്ഞു.

തെറ്റ് തിരുത്തുന്നതിന് പകരം സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന രീതിയിൽ കള്ള പ്രചാരണങ്ങളും കലാപാഹ്വാനവും നടത്തുകയാണ് ചിലരെന്നും ഹിന്ദു ഏകീകരണം എന്നതിനെ ഭയപ്പെടുന്ന ഒരു വിഭാഗം തങ്ങളുടെ അധികാര രാഷ്ട്രീയ നിലനിൽപ്പിനായി ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നത് അപലപനീയമാണെന്നും അദ്ദേഹം പത്രക്കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.

കൂടൽമാണിക്യം ക്ഷേത്രത്തിൽ നിയമിക്കപ്പെട്ടയാൾ ഇന്ന ജാതിയിൽപ്പെട്ട ആളായതിനാൽ തന്ത്രിമാർക്ക് എതിർപ്പുണ്ട് എന്ന രീതിയിലാണ് മാധ്യമങ്ങളിലൂടെ ചിലർ കരുതിക്കൂട്ടി പ്രചരിപ്പിക്കുന്നതെന്നും ഇത് വസ്‌തുതയല്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രം, ശാന്തി തുടങ്ങി എല്ലാ അടിയന്തിരങ്ങളും ചില കുടുംബങ്ങൾ പാരമ്പര്യമായി അനുഷ്‌ഠിച്ചു വരുന്നതാണെന്നും ഇത് ദേവസ്വം ചട്ടങ്ങളിൽ വ്യക്തതതയോടെ പ്രതിപാദിച്ചിട്ടുള്ളതാണെന്നും ഇത് ക്ഷേത്രത്തിൻ്റെ ഐതിഹ്യവുമായി ബന്ധപ്പെട്ടതാണെന്നും ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കി.

ബഹുമാനപ്പെട്ട സുപ്രീംകോടതിയും കേരള ഹൈക്കോടതിയും ഈ അവകാശത്തെ സംരക്ഷിച്ചു കൊണ്ടുള്ള വിധിപ്രസ്ത‌ാവം പലപ്പോഴും നലകിയിട്ടുണ്ടെന്നും നിരവധി ഹൈന്ദവ സമുദായങ്ങൾ ഒത്തുചേരുന്ന ക്ഷേത്രത്തിൽ ജാതീയമായ ഒരു വേർതിരിവും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.

കാരായ്‌മാ അവകാശം ഇല്ലാതാക്കി രാഷ്ട്രീയ ഇടപെടൽ നടത്തി നിയമനാവകാശം നേടിയെടുക്കാൻ വേണ്ടിയുള്ള അധികാര വടംവലിയാണ് ദൗർഭാഗ്യവശാൽ ഭരണസമിതിയിൽ നടക്കുന്നതെന്ന് തന്ത്രി പ്രതിനിധിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ഇതിനെതിരെ കൂടൽമാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ അവകാശികളും ഭക്തജനങ്ങളുമായി ചേർന്ന പ്രാരംഭ കൂടിയാലോചനായോഗത്തിൽ ആരാധനാ സ്വാതന്ത്ര്യവും ആചാരാനുഷ്‌ഠാനങ്ങളുടെ സംരക്ഷണവും മുൻനിർത്തി ആശയപ്രചരണവും നിയമനടപടികളും സ്വീകരിക്കാൻ ഐക്യകണ്ഠേന തീരുമാനിച്ചു.