സ്ത്രീധന പീഡന കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : സ്ത്രീധന പീഡന കേസിലെ പ്രതിയെ പോലീസിൻ്റെ പിടിയിൽ.

കാട്ടൂർ കരാഞ്ചിറ നായരുപറമ്പിൽ വീട്ടിൽ ഗോപിയുടെ മകൻ വിഷ്ണുവിനെ (31) ആണ് സ്ത്രീധന പീഡനത്തിൻ്റെ പേരിൽ കാട്ടൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇ ആർ ബൈജു അറസ്റ്റ് ചെയ്തത്.

പ്രതി ഭാര്യയായ മീനുവിനെ കഴിഞ്ഞ 3 വർഷമായി സ്ത്രീധനത്തിന്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്ന പേരിലും നിരന്തരം ശാരീരികമായും മാനസികവുമായും പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു.

കഴിഞ്ഞ ഡിസംബർ 31ന് രാത്രി പ്രതി ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും, അതിനിടയിൽ കരഞ്ഞ കുട്ടിയുടെ ചുണ്ടിൽ അടിക്കുകയും ചെയ്തു. ചുണ്ട് മുറിഞ്ഞു ചോര വന്ന കുട്ടിയെ കരാഞ്ചിറ ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ എലൈറ്റ് ആശുപത്രിയിൽ കൊണ്ട് പോകാൻ ഡോക്ടർ പറഞ്ഞെങ്കിലും പ്രതി കൂട്ടാക്കിയില്ല. ശാരീരിക പീഡനവും മാനസിക പീഡനവും ഭാര്യയെ ഉപദ്രവിക്കലും തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോൾ കാട്ടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരിന്നു.

കാട്ടൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ ആർ ബൈജു എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ തോമസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ അജേഷ്, കിരൺ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *