സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാന സർക്കാർ അവാര്‍ഡ് പ്രഖ്യാപിച്ചു : ജില്ലാതല അവാർഡിന് അർഹയായി ഇരിങ്ങാലക്കുടക്കാരി എസ്.ജിഷ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നേഴ്‌സുമാര്‍ക്കുള്ള സംസ്ഥാനതല അവാര്‍ഡ് (സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളില്‍ നിന്നുള്ള നേഴ്‌സുമാരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ജനറൽ നഴ്സിംഗ് ജില്ലാതലത്തിലാണ് തൃശ്ശൂർ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശി എസ്. ജിഷയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.

ജിഷ ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ തച്ചപ്പിള്ളി ടി.കെ. ഷാജുവിന്റെ ഭാര്യയാണ്.

ശ്രീവൈഗ, ശ്രീദിക, ശ്രീവിഘ്നേഷ് എന്നിവരാണ് മക്കൾ.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.

ആരോഗ്യ വകുപ്പില്‍ ജനറല്‍ നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നേഴ്‌സിംഗ് ഓഫീസര്‍ പി.എം. അരുണ്‍കുമാര്‍, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെല്‍ത്ത് നേഴ്‌സിംഗ് വിഭാഗത്തില്‍ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ജി. ജോണ്‍ എന്നിവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ജനറല്‍ നേഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് എസ്.എ.ടി. ആശുപത്രി സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ കെ. ജ്യോതി, ജില്ലാതലത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് സീനിയര്‍ നേഴ്‌സിംഗ് ഓഫീസര്‍ എച്ച്. ഷാനിഫ ബീവി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

ജനറല്‍ നേഴ്‌സിംഗ് ജില്ലാ തലത്തില്‍ ജിഷയ്ക്ക് പുറമേ ചിറയിന്‍കീഴ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ എസ്. സബിത, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലെ എ.എസ്. മീനു, കോട്ടയം പാലാ ജനറല്‍ ആശുപത്രിയിലെ സിന്ധു പി. നാരായണന്‍, എറണാകുളം ജനറല്‍ ആശുപത്രിയിലെ എ.എന്‍. ശ്യാമള, കോഴിക്കോട് ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ടി.കെ. ഷൈലജ, ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെ പി. ബിനി എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

പബ്ലിക് ഹെല്‍ത്ത് ജില്ലാതല വിഭാഗത്തില്‍ തിരുവനന്തപുരം പള്ളിച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറന്‍സ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി, കാസര്‍ഗോഡ് ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമന്‍ എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

Leave a Reply

Your email address will not be published. Required fields are marked *