വിദ്യാലയങ്ങളിൽ സുരക്ഷ കർശനമാക്കി തൃശൂർ റൂറൽ പൊലീസ് : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവലോകനയോഗം നടത്തി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസ് പരിധിയിലെ പ്ലേ സ്കൂൾ മുതൽ കോളെജ് തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അവലോകന യോഗങ്ങൾ സംഘടിപ്പിച്ചു.

പുതിയ അധ്യയന വർഷത്തിൽ സംസ്ഥാന തലത്തിൽ നടത്തുന്ന വിദ്യാലയ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആവശ്യമായ നടപടികൾ ഓരോ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നതിനായാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചത്.

383 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, പ്രധാനാധ്യാപകർ, പ്രിൻസിപ്പൽമാർ, പി.ടി.എ. പ്രതിനിധികൾ തുടങ്ങി 925 പേർ യോഗത്തിൽ പങ്കെടുത്തു.

സ്കൂൾ സുരക്ഷയുടെ നോഡൽ ഓഫീസറായ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ്, ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു എന്നിവരും തൃശൂർ റൂറൽ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും എസ്.എച്ച്.ഒ.മാരും പങ്കെടുത്തു.

നമ്മുടെ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ പൗരന്മാരെ രൂപപ്പെടുത്തി എടുക്കുന്നതിൽ വിദ്യാലയങ്ങളുടെയും അധ്യാപകരുടെയും പങ്ക് നിർണ്ണായകമാണ്. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിദ്യാലയങ്ങളിൽ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും സുരക്ഷിതമായും ആത്മവിശ്വാസത്തോടു കൂടിയും ജോലി ചെയ്യുവാനുള്ള സാഹചര്യങ്ങൾ കൂടി ഉണ്ടാവണമെന്നും ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു.

ഇക്കാര്യങ്ങളിൽ അധ്യാപകർക്കുണ്ടാവുന്ന ആശങ്കകളെയും സംശയങ്ങളെയും കുറിച്ചും വിദ്യാർഥികൾക്ക് സുരക്ഷിതത്വം നൽകുന്നതിനും, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇരയാകുന്നതിൽ നിന്ന് അവരെ സംരക്ഷിക്കുകയും വിദ്യാർഥികളിലെ അമിത മൊബൈൽ ഫോൺ ഉപയോഗം, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ എന്നിവ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നിയമപരമായ നടപടിക്രമങ്ങൾ, കുട്ടികളിലെയും യുവാക്കളിലെയും മയക്കുമരുന്ന് ഉപയോഗം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവ തടയുന്നതിനുള്ള മാർഗങ്ങൾ, ഇത്തരം സന്ദർഭങ്ങളിൽ അധ്യാപകർ ചെയ്യേണ്ടതായ നിയമപരമായ ഉത്തരവാദിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ കലകളിലും കായിക ഇനങ്ങളിലും പരിശീലനം നൽകുകയും അവരുടെ കഴിവുകളും താൽപര്യങ്ങളും കണ്ടെത്തി പഠനത്തോടൊപ്പം ശ്രദ്ധ ചെലുത്തുവാനും അവരെ പഠിപ്പിക്കണം. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർഥികളെയും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെയും തിരിച്ചറിഞ്ഞ് അവരെ പഠനത്തിൽ മികവുള്ളവരാക്കാനും, ലഹരിയുടെ ചതിക്കുഴികളിലേക്കും, ക്രിമിനൽ പ്രവർത്തനങ്ങളിലേക്കും വഴി തെറ്റി പോകുന്നവരെ കണ്ടെത്തി അവർക്ക് തിരിച്ചറിവ് നൽകി പഠനത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനുള്ള ഇടപെടലുകൾ അധ്യാപകർ കൈക്കൊള്ളണമെന്നും, പെൺകുട്ടികളെ വനിതാ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും, വിദ്യാർഥികളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ സ്വന്തം മക്കളെ ശ്രദ്ധിക്കുന്നതുപോലെ അവരെ ശ്രദ്ധിച്ച് അതിന്റെ കാരണം കണ്ടെത്തി പ്രതിവിധികൾ കണ്ടെത്തണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

എംഡിഎംഎ മുതലായ രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണെന്നും ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെട്ട് പോകുന്ന സാഹചര്യമുണ്ടെന്നും കുട്ടികളെ പറഞ്ഞ് മനസിലാക്കണം. സർവനാശം വിതയ്ക്കുന്ന ലഹരിക്കെതിരെ അധ്യാപകർ ജാഗ്രത പാലിക്കണം. ലഹരി പദാർഥങ്ങളോട് എളുപ്പത്തിൽ ചായ്‌വ് ഉണ്ടാവുന്ന സാഹചര്യമാണോ കുട്ടിക്ക് എന്ന് നിരീക്ഷിക്കണം. കുട്ടിക്ക് ഉണ്ടാകുന്ന പെരുമാറ്റ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കണം. സ്കൂൾ പരിസരങ്ങളിൽ വിവിധ രൂപത്തിലുള്ള ലഹരി പദാർത്ഥങ്ങൾ ഉണ്ടോ എന്ന് പൊലീസിന്റെ പരിശോധനകൾ കൂടാതെ എസ്പിജി, സിപിജി, എസ്പിസി, പിടിഎ എന്നിവയിലെ അംഗങ്ങളും നിരീക്ഷിക്കണം, എന്തെങ്കിലും ശ്രദ്ധയിപ്പെട്ടാൽ കൂട്ടായ ഇടപെടലുകൾ നടത്തണം. നമ്മുടെ ശക്തമായ ഇടപെടലുകൾ സാമൂഹ്യവിരുദ്ധരെ വിദ്യാലയങ്ങളുടെ പരിസരത്ത് നിന്ന് അകറ്റുമെന്നും ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് പറഞ്ഞു.

ലഹരി ആദ്യമായി ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയാൽ അവരോടുള്ള പ്രതികരണം പ്രധാനമാണ്. കുട്ടി ക്ഷമിക്കാനാവാത്ത വിധം കുറ്റം ചെയ്തുവെന്ന മട്ടിൽ തട്ടിക്കയറരുത്. തെറ്റ് ചെയ്തതിലാണ് അതൃപ്തി വേണ്ടത്. തെറ്റ് ചെയ്ത കുട്ടിയിൽ അല്ല. വിദ്യാർഥികൾ സ്വാഭാവികമായ പരിഗണന അർഹിക്കുന്നു. അവരെ തിരുത്തുക, ലഹരിയുടെ ദൂഷ്യഫലങ്ങൾ പറഞ്ഞ് മനസിലാക്കി അതിൽ നിന്നും പിന്തിരിപ്പിക്കണം. എങ്ങനെയാണ് അവർ ലഹരി ഉപയോഗിക്കാൻ ഇടയായതെന്ന് അനുതാപപൂർവം അന്വേഷിച്ചറിയണം. അവർക്ക് ലഹരി എത്തിച്ച് നൽകിയവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയമാക്കുന്നതിനായി വിവരം കൈമാറണം. ലഹരി ഉപയോഗമോ, വിൽപനയോ ആയി ബന്ധപ്പെട്ട ഏതൊരു വിവരവും യോദ്ധാവിൻ്റെ 9995966666 എന്ന വാട്സ്ആപ്പ് നമ്പറിൽ അറിയിക്കണമെന്നും അത്തരം വിവരങ്ങൾ തരുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കപ്പെടുമെന്നും ബി. കൃഷ്ണകുമാർ ഐപിഎസ് വ്യക്തമാക്കി.

അവലോകന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ :

ജൂൺ 26ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പോഗ്രാമുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

എല്ലാ കലാലയങ്ങളിലും ആൻ്റി റാഗിംഗ് ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

അധ്യാപകർക്കും വിദ്യാർഥികൾക്കും നിയമ അവബോധം നൽകുന്നതിനുള്ള ക്ലാസ്സുകൾ എല്ലാ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

എല്ലാ വിദ്യാലയങ്ങളിലെയും അധികൃതർക്ക് വിവരങ്ങൾ അതാത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.യെ പെട്ടെന്ന് അറിയിക്കുന്നതിനായി ഓരോ വിദ്യാലയത്തിലും കലാലയങ്ങളിലും ഒരു പൊലീസ് ഉദ്യോഗസ്ഥനെ ലെയ്സൺ ഓഫീസർ ആയി നിയോഗിക്കുവാൻ തീരുമാനിച്ചു.

എല്ലാ വിദ്യാലയങ്ങളിലും ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തുന്നതിനും ലഹരി പദാർത്ഥങ്ങൾ കണ്ടാൽ തിരിച്ചറിയുന്നതിനുള്ള ട്രെയിനിംഗ് നൽകുന്നതിനും തിരുമാനിച്ചു.

ലഹരിക്കും, ലൈംഗികചൂഷണത്തിനും ഇരയാകാതെ കുട്ടികളെ സംരക്ഷിക്കുന്നതിനും ഏതെങ്കിലും സാഹചര്യത്തിൽ അത്തരം കെണികളിൽ പെട്ടുപോകുന്ന കുട്ടികളെ കണ്ടെത്തിയാൽ നിയമപരമായ നടപടികളും ആവശ്യമെങ്കിൽ കൗൺസിലിങ് നൽകുന്നതിനുമായി അതാത് വിദ്യാലയങ്ങളിലെ മാനേജ്മെന്റ്, പിടിഎ എന്നിവയിൽ ചർച്ച ചെയ്ത് എല്ലാ വിദ്യാലയങ്ങളിലും കൗൺസിലർമാരുടെ സേവനം മാസത്തിൽ ഒരു ദിവസമെങ്കിലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനിച്ചു.

നിലവിൽ സൗജന്യ കൗൺസിലിംഗ് നൽകുന്നതിനായി ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസുകളിലും, വനിതാ സെല്ലിലും ഉള്ള സൗജന്യ കൗൺസിലിംഗ് സെന്ററുകളെ ഉപയോഗപ്പെടുത്താമെന്നും ബി. കൃഷ്ണകുമാർ ഐപിഎസ് അറിയിച്ചു. .

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കും, കൂടാതെ വിദ്യാർഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്കും ഫിറ്റ്നസ് ഉണ്ടെന്നും, വാഹനങ്ങളിലെ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഉണ്ടെന്നും ഉറപ്പ് വരുത്തണമെന്നും, ക്രമിനൽ കേസുകളിൽ ഉൾപ്പെട്ടവരെ വിദ്യാലയങ്ങളിൽ ജീവനക്കാരായി നിയമിക്കാൻ പാടില്ലെന്നും തീരുമാനിച്ചു. വിദ്യാർഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന മറ്റ് വാഹനങ്ങൾക്ക് പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തുവാനും തീരുമാനിച്ചു.

വിദ്യാലയങ്ങളിൽ ക്രിമിനൽ സ്വഭാവമുള്ളവർ കയറിക്കൂടുന്നത് വിദ്യാലയസുരക്ഷയെ ബാധിക്കുമെന്നതിനാൽ ഇക്കാര്യങ്ങൾ കർശനമായി നടപ്പിലാക്കണമെന്നും തീരുമാനിച്ചു.

എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരെയും രക്ഷാകർത്താക്കളെയും ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ തുടങ്ങുവാനും വിദ്യാർഥികൾ മുടങ്ങിയാൽ ഉടൻ തന്നെ വിവരം രക്ഷിതാക്കളെ അറിയിക്കുവാനുമുള്ള സംവിധാനം ഏർപ്പെടുത്തും.

ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെന്ന് അതാത് സ്കൂൾ പ്രധാനാധ്യാപകർ ഉറപ്പ് വരുത്തണമെന്നും തീരുമാനിച്ചു.

വിദ്യാർഥികൾ വിദ്യാലയങ്ങളുടെ കോമ്പൗണ്ടിനകത്ത് മാത്രമല്ല കോമ്പൗണ്ടിന് പുറത്തും സുരക്ഷിതരായിരിക്കുന്നതിനുള്ള പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിയമപരമായ നടപടികൾ ഉണ്ടാവുമെന്നും ആയത് വിലയിരുത്തുന്നതിനായി എല്ലാ വിദ്യാലയങ്ങളും അതാത് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.മാരെ സന്ദർശിച്ച് ഇക്കാര്യങ്ങൾ വിലയിരുത്തണമെന്നും തീരുമാനിച്ചു.

സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ (SPG)/കോളെജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ (CPG) ഇല്ലാത്ത എല്ലാ വിദ്യാലയങ്ങളിലും അധ്യയന വർഷം തുടങ്ങി 7 ദിവസത്തിനകം എസ്പിജി തുടങ്ങുന്നതിനായി തീരുമാനിച്ചു.

2 മാസത്തിൽ ഒരിക്കൽ മീറ്റിംഗ് കൂടുവാനും തുടക്കത്തിൽ 2 ആഴ്ചയിലൊരിക്കൽ മീറ്റിംഗ് കൂടുവാനും തീരുമാനിച്ചു.

വിദ്യാർഥികൾക്ക് സുരക്ഷിതവും സമാധാനപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനും, സ്കൂൾ പരിസരത്ത് നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും കൂടാതെ മയക്കുമരുന്നുകൾ, പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, ലഹരിപാനീയങ്ങൾ മുതലായവയുടെ വിതരണവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും അവ അധികൃതരെ അറിയിക്കുന്നതിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കേരള പൊലീസ് നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് സ്കൂൾ & കോളെജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് പദ്ധതി(SPG & CPG).

പ്രധാനാധ്യാപകൻ ചെയർമാനായി, പൊലീസ് ഇൻസ്‌പെക്ടർ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ കൺവീനറായി, പിടിഎ പ്രസിഡന്റ്, വാർഡ് മെമ്പർ, വിദ്യാർഥി പ്രതിനിധികൾ, രക്ഷാകർത്താക്കൾ, അധ്യാപക പ്രതിനിധികൾ, പ്രാദേശിക കട ഉടമകൾ, പരിസരത്തെ താമസക്കാർ, ഡ്രൈവർമാർ തുടങ്ങിയവർ പ്രൊട്ടക്ഷൻ ഗ്രൂപ്പിൽ ഉൾപ്പെടുന്നു.

സ്കൂൾ & കോളെജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ പ്രധാന ചുമതലകളിൽ ജുവനൈൽ കുറ്റകൃത്യങ്ങൾ തടയുന്നതും, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങളുടെ വിൽപ്പന സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതും ഉൾപ്പെടുന്നു.

കൂടാതെ, സ്കൂൾ സമയത്ത് അനധികൃതമായി ക്ലാസ്സ് വിട്ട് പോകുകയും സമീപത്ത് അലഞ്ഞുതിരിയുകയും ചെയ്യുന്ന വിദ്യാർഥികളെ നിരീക്ഷിക്കുന്നതും, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂൾ പരിസരത്തെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുട്ടികളിൽ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനും പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുന്നു.

കേരളാ പൊലീസിന്റെ അടിയന്തിര പൊലീസ് സേവനം ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ വിളിക്കാവുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഹെല്പ് ലൈൻ നമ്പർ : 112), ഓൺലൈനിൽ സുരക്ഷിതരായി ഇരിക്കുന്നതിനും സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കുന്നതിനുമുള്ള സൈബർ സുരക്ഷ (ഹെല്പ് ലൈൻ നമ്പർ : 1930), ലഹരിക്കെതിരെയുള്ള വിവരം കൈമാറുന്നതിനുള്ള യോദ്ധാവ് പദ്ധതി (വാട്സ്ആപ്പ് നമ്പർ : 9995966666), കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ചൈൽഡ് ലൈൻ (ഹെല്പ് ലൈൻ നമ്പർ : 1098) എന്നിവയെക്കുറിച്ചും റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് വിശദീകരിച്ചു.

എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം : കേരളത്തിൽ എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പൊലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പൊലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പൊലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പൊലീസുകാർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേക്കും സമാനമായി സന്ദേശം നൽകും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താൽക്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറിൽ നിന്നു പോലും എമർജൻസി നമ്പറിലേക്ക് വിളിക്കാം എന്നോർക്കുക. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ എസ്.ഒ.എസ്. ബട്ടൺ വഴിയും നിങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്.

സൈബർ സുരക്ഷ : സൈബർ തട്ടിപ്പിൽ പെട്ടാൽ ഉടനടി 1930 എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. എത്രയും പെട്ടെന്ന് അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാവുന്നതിൻ്റെ സാധ്യത കൂടുതലാണ്. കൂടാതെ പണം ഹോൾഡ് ചെയ്യാനും, അക്കൗണ്ട് ഫ്രീസ് ചെയ്യാനും സാധിക്കും.

ലഹരിക്കെതിരെയുള്ള വിവരം യോദ്ധാവ് എന്ന വാട്സ് ആപ്പ് നമ്പറിലും, ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം നമ്പറുകളിൽ വിളിച്ചും അറിയിക്കാം.
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാം. ആന്റി ഡ്രഗ്സ് കണ്ട്രോൾ റൂം : 9497979794, 9497927797

കുട്ടികൾക്കെതിരായ അതിക്രമം അറിയിക്കാം : കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങൾ അറിയിക്കേണ്ടത് പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, ജില്ലാ ശിശു സംരക്ഷണ ഓഫീസ് എന്നിവിടങ്ങളിലാണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, അധ്യാപകർ, അയൽവാസികൾ എന്നിങ്ങനെ ആർക്കും പരാതി നൽകാം.

ചൈൽഡ് ലൈൻ ടോൾ ഫ്രീ നമ്പർ 1098. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ: 0471–2326603

Leave a Reply

Your email address will not be published. Required fields are marked *