റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും റോഡപകടങ്ങൾ കുറക്കുന്നതിനുമായി സ്വകാര്യ ബസ് ഉടമകളുമായി യോഗം ചേർന്ന് തൃശൂർ റൂറൽ പൊലീസ്

ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ – തൃശൂർ സംസ്ഥാനപാതയിൽ സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന റോഡപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, അപകടങ്ങൾ കുറയ്ക്കുകയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്വകാര്യ ബസ് ഉടമകളുടെ യോഗം ഇരിങ്ങാലക്കുട ജില്ലാ ട്രെയിനിംഗ് സെന്ററിൽ ചേർന്നു.

യോഗത്തിൽ ഡിവൈഎസ്പി മാരായ പി.ആർ. ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), സി.എൽ. ഷാജു (ഇരിങ്ങാലക്കുട), വർഗ്ഗീസ് അലക്സാണ്ടർ (ഡി.സി.ആർ.ബി), പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, സെക്രട്ടറി വി.വി. അനിൽകുമാർ തുടങ്ങി ഇരുപത്തിയൊമ്പതോളം ബസ് ഉടമകൾ പങ്കെടുത്തു.

റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ ബസ് ജീവനക്കാരും ഉടമകളും വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി യോഗത്തിൽ വ്യക്തമാക്കി. യാത്രക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും, ബസ് സർവീസുകളുടെ നടത്തിപ്പിൽ അച്ചടക്കവും ശാസ്ത്രീയതയും പുലർത്തണമെന്നും അദ്ദേഹം ബസ് ഉടമകളോട് ആവശ്യപ്പെട്ടു.

ബസുകളുടെ സമയക്രമം സംബന്ധിച്ച് ഉണ്ടാകുന്ന തർക്കങ്ങളും മത്സരയോട്ടവും അപകടങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ, ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ബസ് ഉടമകളെ ഉൾപ്പെടുത്തി ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമെടുത്തു.

ധാരളം പൊതുജനങ്ങൾ ദിനംപ്രതി യാത്രയ്ക്കായി സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. യാത്രക്കാരുടെ ജീവനും സ്വത്തിനും പരമാവധി സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇതിന്റെ ഭാഗമായി സ്വകാര്യ ബസുകളിൽ ഡ്രൈവർമാർ, കണ്ടക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരായി ക്രിമിനൽ പശ്ചാത്തലമുള്ളവരെ നിയമിക്കുന്നത് കർശനമായി ഒഴിവാക്കണം. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വാസയോഗ്യവും ആയ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി ബസ് ഉടമകൾ ജീവനക്കാരുടെ നിയമനത്തിൽ കൂടുതൽ ജാഗ്രത പുലർത്തുകയും നിയമപരമായ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ചെയ്യേണ്ടതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ മുൻനിർത്തി ഫുട്പാത്തുകളിലും നിരോധിത പ്രദേശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് കർശനമായി തടയുന്നതിനായി പ്രത്യേക പരിശോധനകൾ നടത്താൻ യോഗത്തിൽ തീരുമാനമെടുത്തു. ഇതോടൊപ്പം വെള്ളാങ്ങല്ലൂർ മേഖലയിൽ പതിവായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് ഗതാഗത നിയന്ത്രണം ശക്തമാക്കാനും തീരുമാനമെടുത്തു.

റോഡ് സുരക്ഷ വിലയിരുത്തുന്നതിനായി രണ്ടു മാസത്തിലൊരിക്കൽ അവലോകനയോഗം ചേരുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *