ഇരിങ്ങാലക്കുട : റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചില നിഗൂഢ ശക്തികൾ രംഗത്ത് വന്നതായും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേയിലൂടെ ധനസമാഹരണം നടത്തുന്നതായും അറിവ് ലഭിച്ചതിനെ തുടർന്ന് 1992ൽ ആരംഭിച്ച ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ വീണ്ടും പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കെ.കെ. ബാബു (പ്രസിഡന്റ്), ശശി ശാരദാലയം (വർക്കിംഗ് പ്രസിഡന്റ്), പി.എൽ. ജോസ് (വൈസ് പ്രസിഡന്റ്), സുരേഷ് കൈതയിൽ(സെക്രട്ടറി), ആൻ്റു പുന്നേലിപറമ്പിൽ (ജനറൽ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ തുടങ്ങി ഒരു മാസം തികയുമ്പോഴാണ് ബദൽ സമരവുമായി ചില നിഗൂഢ ശക്തികൾ സംശയകരമായ രീതിയിൽ രംഗത്ത് വരുന്നതെന്നും, ഇത് പ്രോത്സാഹിപ്പിക്കാൻ സാധ്യമല്ലെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
ഏപ്രിൽ 11, 12 തീയ്യതികളിലായി കല്ലേറ്റുംകരയിൽ വികസന സമിതിയും പാസഞ്ചേഴ്സ് അസോസിയേഷനും സംയുക്തമായി സമര പരിപാടികൾ നടത്തും. 11ന് 4 മണിക്ക് അനിശ്ചിതകാല സമരവേദിയുടെ കാൽനാട്ടു കർമ്മവും തുടർന്ന് പൊതുയോഗവും, 12ന് റെയിൽവേ അധികാരികൾക്കും ജനപ്രതിനിധികൾക്കും കൂട്ട കത്തയക്കൽ, വൈകീട്ട് കല്ലേറ്റുംകരയിൽ അനിശ്ചിതകാല സമര പ്രഖ്യാപന പൊതുയോഗം എന്നിവയും നടത്തും.
ബദൽ സമരത്തിന്റെ അറിയിപ്പിൽ പ്രസ്തുത സമരത്തിന് നേതൃത്വം നൽകുന്നവർ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ ഉത്തരവാദിത്തപ്പെട്ട ഭാരവാഹികൾ ആണെന്നും, ഇക്കാര്യത്തിൽ ജനകീയ സമരത്തിനെതിരെ രാഷ്ട്രീയകക്ഷി നേതൃത്വം അറിഞ്ഞു കൊണ്ടാണോ ബദൽ നീക്കങ്ങൾ എന്നത് വ്യക്തമാക്കണമെന്നും, അങ്ങനെയാണെങ്കിൽ റെയിൽവേ സ്റ്റേഷൻ വികസനത്തിനായുള്ള ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വം ഏറ്റെടുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഇക്കാര്യം വ്യക്തമാക്കി പ്രസ്തുത കക്ഷികളുടെ ജില്ലാ നേതൃത്വങ്ങൾക്ക് കത്ത് നൽകുമെന്നും അവർ വ്യക്തമാക്കി.
1989ൽ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളുടെ ഫലമായി നേടിയെടുത്ത വികസന പ്രവർത്തനങ്ങളല്ലാതെ മൂന്നര പതിറ്റാണ്ടായി യാതൊരു വികസനവും ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ നടന്നിട്ടില്ലെന്നും, സമരം ചെയ്തു നേടിയെടുത്ത അഞ്ചു വണ്ടികളുടെ സ്റ്റോപ്പ് ഇപ്പോൾ ഇല്ലാതായതായും, അപ്പോഴെല്ലാം രാഷ്ട്രീയ കക്ഷികളും മറ്റു കൂട്ടായ്മക്കാരും മൗനം പാലിക്കുകയും എന്നാൽ ശക്തമായ സമരങ്ങൾക്ക് വികസന സമരസമിതി നേതൃത്വം നൽകുമ്പോൾ ബദൽ സമരങ്ങളുമായി വരുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്നും അവഗണിക്കണമെന്നും ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. ബാബു, വർക്കിംഗ് പ്രസിഡന്റ് ശശി ശാരദാലയം, വൈസ് പ്രസിഡന്റ് പി.എൽ. ജോസ്, സെക്രട്ടറി സുരേഷ് കൈതയിൽ, ജനറൽ സെക്രട്ടറി ആൻ്റു പുന്നേലിപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Leave a Reply