റൂറൽ പോലീസ് ജില്ലാതല ഡീബ്രിഫിംഗ് യോഗം നടത്തി

ഇരിങ്ങാലക്കുട : തൃശൂർ റൂറൽ ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നാല് ദിവസങ്ങളിലായി ജില്ലാതല ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചു.

കാട്ടുങ്ങച്ചിറയിലെ ജില്ലാ പൊലീസ് ആസ്ഥാന കോൺഫറൻസ് ഹാളിൽ വെച്ച് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ജില്ലയിലെ 358 വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും എസ്.പി.ജി./സി.പി.ജി. ചുമതലയുള്ള അധ്യാപകരും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.മാരും യോഗത്തിൽ പങ്കെടുത്തു.

2025 മെയ് മാസത്തിൽ നടന്ന ജില്ലാതല യോഗത്തിന് ശേഷമുള്ള സ്കൂൾ സുരക്ഷാ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും, അധ്യാപകരുടെ അനുഭവങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനുമാണ് ഡീബ്രിഫിംഗ് യോഗം സംഘടിപ്പിച്ചതെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് – സ്കൂൾ – രക്ഷിതാക്കൾ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.

വിദ്യാർഥികളെ ലഹരിയുടെ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ഏകോപിത ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണമില്ലാത്തതും എളുപ്പം തിരിച്ചറിയാൻ കഴിയാത്തതും വില കുറവുള്ളതുമായ ചില ചികിത്സാ മരുന്നുകൾ കുട്ടികൾ ലഹരിയായി തിരഞ്ഞെടുക്കുന്ന സാഹചര്യമുണ്ടെന്നും, ഇതിൽ അധ്യാപകരും രക്ഷിതാക്കളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.

ലഹരി സംബന്ധമായ വിവരങ്ങൾ ‘യോദ്ധാവ്’ വാട്സ്ആപ്പ് നമ്പറായ 99959 66666 ൽ അറിയിക്കാമെന്നും, വിവരദാതാക്കളുടെ രഹസ്യത പൂർണ്ണമായി ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

തൃശൂർ റൂറൽ പൊലീസിന്റെ കൗൺസിലിംഗ് സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെട്ടു.

ചാലക്കുടി, കൊടുങ്ങല്ലൂർ പൊലീസ് സബ് ഡിവിഷനുകളിൽ പുതിയ കൗൺസിലിംഗ് സെന്ററുകൾ ആരംഭിച്ചതായും, ഹോളിഡേ ഉൾപ്പെടെ സൗജന്യ കൗൺസിലിംഗ് സേവനം ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

എസ്.പി.ജി./സി.പി.ജി. സംവിധാനങ്ങളുടെ ഭാഗമായി 195 വിദ്യാലയങ്ങളിൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും, എല്ലാ സ്കൂളുകളിലും സംവിധാനം ഉറപ്പാക്കുമെന്നും, പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെ പരിഗണിക്കണമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

കുട്ടികളെ സ്കൂളിൽ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടു പോകുന്നതിനും ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളെക്കുറിച്ച് എസ്.പി.ജി.ക്ക് വ്യക്തമായ ധാരണ ഉണ്ടായിരിക്കണമെന്നും, സ്കൂൾ പരിസരത്ത് അനാവശ്യമായി ചുറ്റിത്തിരിയുന്ന വാഹനങ്ങൾ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.

എസ്.പി.ജി./സി.പി.ജി. പ്രവർത്തനങ്ങളിലൂടെ വിദ്യാലയങ്ങൾക്കു ചുറ്റും ഒരു അദൃശ്യ സംരക്ഷണ കവചം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ജുവനൈൽ കുറ്റകൃത്യങ്ങൾ തടയൽ, ലഹരി പുകയില വിൽപ്പന സംബന്ധിച്ച വിവരശേഖരണം, സ്കൂൾ സമയത്ത് അനധികൃതമായി അലഞ്ഞുതിരിയുന്ന വിദ്യാർഥികളെ നിരീക്ഷിക്കൽ, കുട്ടികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ, ഗതാഗത സുരക്ഷ ഉറപ്പാക്കൽ, ബോധവത്കരണം എന്നിവയാണ് ഗ്രൂപ്പുകളുടെ പ്രധാന ചുമതലകൾ.

112 എമർജൻസി ഹെൽപ് ലൈൻ, സൈബർ സുരക്ഷ ഹെൽപ് ലൈൻ 1930, ചൈൽഡ് ലൈൻ 1098 എന്നീ സേവനങ്ങളുടെ പ്രാധാന്യവും യോഗത്തിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *