റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം : വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്

ഇരിങ്ങാലക്കുട : തൃശൂർ റവന്യൂ ജില്ലാ 36-ാമത് സ്‌കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന ഇരിങ്ങാലക്കുടയിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി പൊലീസ്.

നവംബർ 18 മുതൽ 21 വരെ നടക്കുന്ന കലാമേളയിൽ 8500ഓളം വിദ്യാർഥികളാണ് പങ്കെടുക്കുക.

മുനിസിപ്പൽ ടൗൺഹാൾ ആണ് പ്രധാന വേദി. ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺബോസ്കോ എന്നീ സ്‌കൂളുകളിലും വേദികളുണ്ട്.

ഓരോ ദിവസവും 100 പൊലീസ് ഉദ്യോഗസ്ഥരെ വീതം സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും, ആവശ്യമാണെങ്കിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങൾ റൂറൽ ജില്ലാ കൺട്രോൾ റൂം, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസ് എന്നിവയുടെ മേൽനോട്ടത്തിൽ നിരീക്ഷിക്കും.

അഡീഷണൽ എസ്പി സിനോജ്, ഡി.വൈ.എസ്.പി.മാരായ ബിജോയ് (സ്പെഷ്യൽ ബ്രാഞ്ച്), ഷാജു (ഇരിങ്ങാലക്കുട), എം.കെ. ഷാജി (ഇരിങ്ങാലക്കുട എസ്എച്ച്ഒ) എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്.

പാർക്കിങ്ങിനായി പ്രത്യേകം നിയോഗിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം, റോഡരികിലോ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിലോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്, പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് സംഘാടകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും സഹകരിക്കണം, വേദികളിലും പരിസരത്തും അനാവശ്യമായി കൂട്ടം കൂടി നിന്ന് തിക്കും തിരക്കും സൃഷ്ടിക്കുന്നത് ഒഴിവാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *