മാള ജ്വല്ലറി മോഷണ കേസിലെ പ്രതിയായ വെസ്റ്റ് ബംഗാൾ സ്വദേശിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി

ഇരിങ്ങാലക്കുട : മാളയിലെ “നവരത്നം ജ്വല്ലറി വർക്സ്” ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതിയെ 36 മണിക്കൂറിനുള്ളിൽ പിടികൂടി പ്രത്യേക അന്വേഷണ സംഘം മികവു തെളിയിച്ചു.

വെസ്റ്റ് ബംഗാൾ മൂർഷിദബാദ് സ്വദേശിയായ ജിബു സർക്കറിനെ (26) മാള അന്നമനടയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആലത്തൂർ പഷ്ണത്ത് വീട്ടിൽ രവീന്ദ്രൻ്റെ ഉടമസ്ഥതയിൽ മാള വലിയപറമ്പിലുള്ള ജ്വല്ലറിയുടെ ലോക്ക് പൊളിച്ച് അകത്ത് കയറിയ പ്രതി ഷോ കേയ്‌സിൽ സൂക്ഷിച്ചിരുന്ന 1,58,000 രൂപ വില വരുന്ന പതിമൂന്ന് ഗ്രാം സ്വർണ്ണാഭരണവും, മേശയിൽ സൂക്ഷിച്ചിരുന്ന 21000 രൂപ വിലവരുന്ന 100 ഗ്രാം വെള്ളിയാഭരണവും മോഷ്ടിക്കുകയായിരുന്നു.

പുലർച്ചെ സൈക്കിളിൽ ജ്വല്ലറിയിലേക്ക് എത്തിയ പ്രതി, ജ്വല്ലറിയുടെ മുൻവശത്തേക്ക് തിരിച്ച് വച്ചിരിക്കുന്ന സി.സി.ടി.വി. ക്യാമറ ഫ്ലക്സ് ബോർഡ് വെച്ച് മറച്ച് വെച്ചതിന് ശേഷമാണ് മുൻവശത്തെ ലോക്ക് തകർത്ത് അകത്ത് കടന്നത്.

സംഭവസ്ഥലത്തെത്തിയ ഫോറൻസിക് വിദഗ്ധർ, ഫിംഗർ പ്രിന്റ് എക്സ്പേർട്ട്, ഡോഗ് സ്ക്വാഡ്, സൈബർ വിദഗ്ധർ എന്നിവർ തെളിവുകൾ ശേഖരിച്ചും മറ്റും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.

തെളിവെടുപ്പിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എൽ. ഷാജു, മാള ഇൻസ്പെക്ടർ സജിൻ ശശി, എസ്ഐ പി.എം. റഷീദ്, എ എസ് ഐമാരായ രാജീവ് നമ്പീശൻ, നജീബ് ബാവ, ഇ.എസ്. ജീവൻ, സീനിയർ സിപിഒ ടി.എസ്. ശ്യാം, സി പി ഓമാരായ കെ.എസ്. ഉമേഷ്, ഇ.ബി. സിജോയ്, ഹരികൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *