ഭർത്തൃവീട്ടുകാർ എടുത്തു പറ്റിയ സ്വർണ്ണാഭരണങ്ങളുടെ മാർക്കറ്റ് വില ലഭിക്കുന്നതിന് ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബ കോടതി

ഇരിങ്ങാലക്കുട : ഭർത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും, വിവാഹ സമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും ഗൃഹോപകരണങ്ങളും ഭർത്തൃ വീട്ടുകാർ തിരികെ നൽകിയില്ലെന്നും, മകൾക്കും ഭാര്യയ്ക്കും ചിലവിന് നൽകുന്നില്ലെന്നും കാണിച്ച് കൊടുങ്ങല്ലൂർ അഴീക്കോട് സ്വദേശി പാളയംകോട്ട് മുഹമ്മദ് ബഷീർ മകൾ ഷൈൻ മോൾ നൽകിയ ഹർജിയിൽ ഇരിങ്ങാലക്കുട കുടുംബ കോടതിയുടെ വിധി ശ്രദ്ധേയമാവുന്നു.

തെളിവുകൾ പരിശോധിച്ച കോടതി ഭാര്യയുടെ 100 പവൻ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്നതിനും, ഭാര്യയ്ക്കും മകൾക്കും 2014 മുതൽ മുൻകാല പ്രാബല്യത്തോടെ 12,80,000 രൂപ നൽകുന്നതിനും, ഭർത്തൃവീട്ടുകാർ കൈപ്പറ്റിയ 8,00,000 രൂപ തിരികെ നൽകുന്നതിനും, ഗൃഹോപകരണങ്ങളോ, അല്ലെങ്കിൽ തത്തുല്യ സംഖ്യയോ ഭർത്താവിനോടും, ഭർത്താവിന്റെ മാതാപിതാക്കളോടും ഭാര്യയ്ക്ക് തിരികെ നൽകുവാനുമാണ് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജ് റെനോ ഫ്രാൻസിസ് സേവ്യറിൻ്റെ വിധിയിൽ പറയുന്നത്.

ഷൈൻ മോളും, ഭർത്താവായ കാളത്തോട് പാളയംകോട്ട് ബഷീർ മകൻ ബോസ്കിയും തമ്മിലുള്ള വിവാഹം 2007 ഒക്ടോബർ 21നാണ് നടന്നത്.
2010ൽ ഈ ദമ്പതികൾക്ക് ഒരു മകൾ ജനിക്കുകയും ചെയ്തു.

ഇതിനിടയിൽ വിവാഹസമ്മാനമായി ലഭിച്ച സ്വർണ്ണാഭരണങ്ങളും പണവും ഗൃഹോപകരണങ്ങളും ഭർത്താവും വീട്ടുകാരും ചേർന്ന് ദുരുപയോഗം ചെയ്തെന്നും, ചിലവിന് നൽകുന്നില്ലെന്നും കാണിച്ചാണ് അഴീക്കോട് സ്വദേശിനി ഇരിങ്ങാലക്കുട കുടുംബ കോടതിയെ സമീപിച്ചത്. എന്നാൽ ഭർത്താവും, ഭർത്താവിന്റെ മാതാപിതാക്കളും സ്വർണ്ണാഭരണങ്ങളോ പണമോ തങ്ങളുടെ കൈവശമില്ലെന്നും, ഭാര്യ പുനർവിവാഹം കഴിച്ചുവെന്നും ആയതിനാൽ ഭാര്യയ്ക്ക് ചിലവിന് ലഭിക്കുവാൻ അർഹതയില്ലെന്നും, ഭാര്യയുടെ കൈവശം ഭർത്തൃവീട്ടുകാരുടെ 58 പവൻ സ്വർണ്ണാഭരണങ്ങൾ ഉണ്ടെന്നും, അത് തിരികെ വേണമെന്നുമുള്ള വാദമുഖങ്ങൾ കോടതിയിൽ ഉന്നയിച്ചെങ്കിലും ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് ഭാര്യ പുനർവിവാഹം കഴിക്കുന്നതു വരെ ഭർത്താവിൽ നിന്നും ചിലവിന് അർഹതയുണ്ടെന്ന് കുടുംബ കോടതി വിലയിരുത്തിയത്.

2022ൽ ഭാര്യ നൽകിയ വിവാഹമോചന ഹർജി ഇരിങ്ങാലക്കുട കുടുംബ കോടതി അനുവദിച്ച സാഹചര്യത്തിൽ വിവാഹത്തിന് മുമ്പോ ശേഷമോ ഭർത്തൃവീട്ടുകാർ നൽകുന്ന മുതലുകൾ തിരികെ ലഭിക്കുന്നതിന് മുസ്ലിം വുമൺ (Protection of Rights on Divorce) ആക്ട് 1986 ലെ 3-ാം വകുപ്പ് പ്രകാരം ഭർത്താവിന് അർഹതയില്ലെന്ന് കോടതി വിലയിരുത്തുകയും, വിധിപ്രകാരമുള്ള 100 പവൻ സ്വർണ്ണാഭരണങ്ങളും തിരികെ നൽകുന്ന സമയത്തെ മാർക്കറ്റ് വില ലഭിക്കുന്നതിന് ഭാര്യയ്ക്ക് അർഹതയുണ്ടെന്നും കോടതി വിലയിരുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്.

ഭാര്യ ഹർജി ബോധിപ്പിക്കുന്ന സമയത്തെ സ്വർണ്ണാഭരണങ്ങളുടെ വില 20,000 രൂപയിൽ താഴെയായിരുന്നുവെങ്കിലും ആയത് നിലവിലെ സാഹചര്യത്തിൽ അപര്യാപ്തമാണെന്ന് കണ്ടാണ് വിധി പ്രകാരമുള്ള സ്വർണ്ണാഭരണങ്ങൾ തിരികെ നൽകുന്ന സമയത്തെ മാർക്കറ്റ് വില നൽകുന്നതിന് ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്‌ജ് റെനോ ഫ്രാൻസിസ് സേവിയർ ഉത്തരവിട്ടത്.

ഹർജിക്കാരിക്കു വേണ്ടി അഡ്വ. പി.വി. ഗോപകുമാർ മാമ്പുഴ, അഡ്വ. കെ.എം. അബ്‌ദുൾ ഷുക്കൂർ, അഡ്വ. കെ.എം. കാവ്യ, അഡ്വ. എ. പയസ് ജോസഫ് എന്നിവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *