ബിരുദദാന സമ്മേളനവും കിര്‍ഫ് റാങ്കിംഗ് വിജയാഘോഷവും

ഇരിങ്ങാലക്കുട : നാക് റാങ്കിംഗില്‍ എ ഗ്രേഡ് നേടിയ കെ കെ ടി എം കോളെജിന് കേരളസര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ റാങ്കുചെയ്യുന്ന കേരള ഇൻസ്റ്റിട്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്കിൽ (കിർഫ്) 31മത്തെ റാങ്ക് ലഭിച്ചു.

കിര്‍ഫ് റാങ്കിംഗിന്റെ വിജയാഘോഷവും കോളെജിലെ ബിരുദദാന സമ്മേളനവും കോൺവൊക്കേഷൻ മെരിറ്റ് ഡേയും ഒമ്പതിന് രാവിലെ 10 മണി മുതല്‍ മുസിരിസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.

കേരളത്തിലെ എല്ലാ കോളെജുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടു നടത്തിയ റാങ്കിംഗിലാണ് കോളെജിന്റെ ഈ നേട്ടം. 

അധ്യാപനം, ഗവേഷണം, വിജയശതമാനം, വിദ്യാര്‍ഥികളുടെ നൈപുണിവികസനം, ശാസ്ത്രാവബോധം വളര്‍ത്തല്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് കിര്‍ഫ് റാങ്കിംഗ് നടത്തിയത്. 

ഒന്നാംറാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് 59.5 പോയിന്റ് ലഭിച്ചപ്പോള്‍ 53. 2 പോയിന്റ് നേടി കെ കെ ടിഎം 31-ാം സ്ഥാനവും കേരളത്തിലെ ഗവണ്‍മെന്റ് കോളെജുകളില്‍ അഞ്ചാംസ്ഥാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മൊത്തം കോളെജുകളില്‍ പതിമൂന്നാം സ്ഥാനവും തൃശൂര്‍ ജില്ലയിലെ കോളെജുകളില്‍ ആറാം സ്ഥാനവും നേടിയിട്ടുണ്ട്. 

പ്രശസ്തമായ ഒട്ടേറെ കോളെജുകളെ പിന്തള്ളിയാണ് താരതമ്യേനെ ചെറിയ കോളെജായ ഈ കോളെജ് എടുത്തുപറയേണ്ടുന്ന നേട്ടം നേടുന്നത്. 

അക്കാദമിക് – അക്കാദമികേതരമായ മേഖലകളില്‍ കോളെജ് ഏറെ മുന്നോട്ടുപോകുന്നുവെന്നാണ് ഈ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നത്.

സമ്മേളനം കേരള കലാമണ്ഡലം മുന്‍ വി സി ഡോ ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ബിരുദ, ബിരുദാനന്തര വിഷയങ്ങളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അദ്ദേഹം ബിരുദം സമ്മാനിക്കും.  

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ ടി കെ ബിന്ദു ഷർമിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കൊടുങ്ങല്ലൂര്‍ എം എല്‍ എ അഡ്വ വി ആര്‍ സുനില്‍ കുമാര്‍ അധ്യക്ഷത വഹിക്കും.

കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ ഇ കെ സതീഷ് വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നടത്തും.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ പി എം മാഗി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

വൈസ് പ്രിൻസിപ്പാൾ പ്രൊഫ ജി ഉഷാകുമാരി, ഐ ക്യു എ സി കോഡിനേറ്റർ ഡോ ലവ് ലി ജോർജ്, വാർഡ് കൗൺസിലർ പി എൻ വിനജയചന്ദ്രൻ, കോളെജ് ഓഫീസ് സുപ്രണ്ട് പി സി ഷാജി, കോളെജ് യൂണിയൻ ചെയർമാൻ എം സി ഋഷികേശ് ബാബു, പി ടി എ വൈസ് പ്രസിഡണ്ട് എം ആർ സുനിൽ ദത്ത്, പി ടി എ സെക്രട്ടറി ഡോ വിനയശ്രീ എസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *