പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : പ്രതിക്ക് 78 വർഷം കഠിന തടവും 1,15,000 രൂപ പിഴയും

ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയായ എസ്.എൻ. പുരം ചെന്തെങ്ങ് ബസാർ പൈനാട്ട്പടി വീട്ടിൽ ഇബ്രാഹിമിന്(64) 78 വർഷം കഠിന തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ച് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്സോ) കോടതി ജഡ്ജ് ആർ. മിനി.

പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും കൂടാതെ കേസിന്റെ സ്വഭാവം പരിഗണിച്ച് ഈ സംഭവം മൂലം അതിജീവിതയ്ക്ക് സംഭവിച്ച മാനസിക ശാരീരികാഘാതങ്ങൾക്കും പുനരധിവാസത്തിനുമായി കേരള വിക്ടിം കംപൻസേഷൻ സ്കീം പ്രകാരം നഷ്ടപരിഹാരം നൽകുന്നതിനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2023 ജൂൺ മാസം മുതൽ ജൂലൈ മാസം വരെയുള്ള കാലയളവിൽ പ്രതി പലതവണകളിലായി അതിജീവിതയെ
ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ അന്നത്തെ എസ്.എച്ച്.ഒ. ആയിരുന്ന അനീഷ് കരീം, സബ് ഇൻസ്പെക്ടർ ആയിരുന്ന എം.എസ്. ഷാജൻ, ജി.എസ്.ഐ. സുധാകരൻ, വനിതാ സ്റ്റേഷൻ എസ്.ഐ. കൃഷ്ണ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

എസ്.എച്ച്.ഒ. അനീഷ് കരീം ആണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് ഹാജരായി.

ജി.എ.എസ്.ഐ. ഗീത, ഇരിങ്ങാലക്കുട സി.പി.ഒ. കൃഷ്ണദാസ് എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *